കാല്‍പ്പന്തുകളിയെ പ്രണയിച്ച രാഹുല്‍

Thursday 5 October 2017 10:48 pm IST

കൊച്ചി: ഫിഫ അണ്ടര്‍ -17 ലോകകപ്പില്‍ ഇന്ന് ചരിത്രം കുറിക്കുന്ന ഇന്ത്യന്‍ ടീമിലെ ഏക മലയാളിതാരമാണ് കെ.പി. രാഹുല്‍. കാല്‍പ്പന്തുകളിയെ പ്രണിയിച്ച ഈ കൗമാരതാരം കഠിന പ്രയത്നത്തിലൂടെയാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. ന്യൂദല്‍ഹിയില്‍ ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയെ നേരിടുന്ന ഇന്ത്യയുടെ അവസാന ഇലവനില്‍ ഈ പയ്യനുണ്ടാകണേയെന്നാണ് മലയാളികളുടെ പ്രാര്‍ഥന. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ രാഹുല്‍ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാംപിലെ സ്ഥിരം അംഗമാണ്. ഒട്ടേറെ പരിശീലന മല്‍സരങ്ങളിലും വിദേശ രാജ്യങ്ങളിലടക്കം സൗഹൃദമല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ കായിക അധ്യാപകന്‍ എസ്. നാരായണന്റെ കീഴിലായിരുന്നു രാഹുലിന്റെ തുടക്കം. 2011 മുതല്‍ എം. പീതാംബരന്റെ കീഴിലായി പരിശീലനം. പറപ്പൂര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എജ്യുക്കേഷനല്‍ പ്രമോഷനല്‍ ട്രസ്റ്റി (സെഫ്റ്റ്)നു കീഴിലും പരിശീലനം നേടി. 2014 ല്‍ സ്റ്റേറ്റ് ടീമില്‍. പിന്നീട് ഇന്ത്യന്‍ ക്യാമ്പില്‍. മേയില്‍ ഇറ്റലിക്കെതിരെയുള്ള സൗഹൃദ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച ഗോള്‍ രാഹുലിന്റെ ബൂട്ടില്‍നിന്നായിരുന്നു. തൃശൂര്‍ മണ്ണുത്തി സ്വദേശിയായ പറപ്പൂര്‍ കണ്ണൂര്‍വീട്ടില്‍ പ്രവീണിന്റെയും ബിന്ദുവിന്റെയും മകനായ രാഹുല്‍ തൃശൂര്‍ റെഡ് സ്റ്റാര്‍ അക്കാദമിയിലൂടെ കളിച്ചു വളര്‍ന്നു. ഗോവ എഐഎഫ്എഫ് അക്കാദമിയില്‍ പരിശീലിച്ചു. സുബ്രതോ കപ്പ് സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനത്തിലൂടെ വ്യോമസേനയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.