വാഹനാപകടത്തില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Saturday 7 October 2017 10:42 am IST

കാസര്‍കോട്/ പത്തനംതിട്ട: കര്‍ണ്ണാടകത്തിലെ രാമനഗരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. മല്ലപ്പള്ളി കല്ലൂപ്പാറ, തുരുത്തിക്കാട് മരുതിക്കുന്നില്‍ ജേക്കബ് എം. തോമസിന്റെ മകന്‍ ജോയല്‍ ജേക്കബ് (21), പത്തനംതിട്ട വെട്ടിപ്രം പൊയ്കയില്‍ സുദീപിന്റെ മകന്‍ നിഖിത്ത് ജോബ് (21), കോലഞ്ചേരി ആനപ്പാറ മുതിരക്കള്ളിയില്‍ എല്‍ദോയുടെ മകള്‍ ജീന(21), ദിവ്യ എന്നിവരാണ് മരിച്ചത്. ബെംഗളൂരു - മൈസൂരു ദേശീയ പാതയില്‍ രാമനഗര ജില്ലയിലെ സംഘ ബസവണ്ണ ദുട്ടിയെന്ന സ്ഥലത്ത് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. മൈസൂരില്‍ നിന്ന് കാറില്‍ വരികയായിരുന്നു ഇവര്‍. ട്രക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആദ്യം ഡിവൈഡറില്‍ ഇടിച്ച ട്രക്ക് പിന്നീട് കാറില്‍ ഇടിക്കുകയായിരുന്നു. നാലു പേരും സംഭവ സ്ഥലത്ത് മരിച്ചു. ട്രക്ക് െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. ജോയലും നിഖിത്തും ബെംഗളൂരുവിലെ നന്തിപ്പുര രാജരാജേശ്വരി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. മറ്റു രണ്ടു പേരും തമിഴ്‌നാട്ടിലെ വെല്ലൂരിലെ വി.ഐ.റ്റിയു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളും. രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ജോയല്‍. ജോയലിന്റെ മാതാപിതാക്കള്‍ ഗള്‍ഫിലാണ് . മാതാവ് ആനിക്കാട് പുന്നവേലില്‍ പ്രമാടക്കുഴിയില്‍ സോളി.സഹോദരി: ഷെറിന്‍ ജേക്കബ്ബ്. സംസ്‌കാരം പിന്നീട്. പത്തനംതിട്ട വെട്ടിപ്രം സെന്റ് മേരീസ് സ്‌കൂളിന് സമീപം പൊയ്കയില്‍ സുദീപ് സാം ജോസിന്റെയും ജെസിയുടെയും മകനാണ് നിഖിത് ജോബ്. സഹോദരി നിഖിത. ഇപ്പോള്‍ കൊച്ചി പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡില്‍ ഗ്രീന്‍ അവന്യൂവിലാണ് താമസം. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. പെരുമ്പാവൂര്‍ അല്ലപ്ര മുതിരക്കാലായില്‍ എല്‍ദോ എം. ജോസഫിന്റെ മകളാണ് ജീന എല്‍ദോ 21, മാതാവ് ജൂണോ. സഹോദരങ്ങള്‍ ജീവ (കാനഡ), ജിനി (ലണ്ടന്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.