ആര്‍എസ്‌സി സാഹിത്യോത്സവ്: യൂണിറ്റ് തല മത്സരങ്ങള്‍ക്ക് തുടക്കം

Friday 6 October 2017 1:20 pm IST

മനാമ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ( RSC) സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകളുടെ പ്രാഥമിക മത്സരങ്ങള്‍ക്ക് വിവിധ യൂണിറ്റുകളില്‍ തുടക്കമായി. കലാ, സാഹിത്യങ്ങളിലെ മൂല്യ ശോഷണത്തിന് ബദലായിട്ടാണ് സാഹിത്യോത്സവങ്ങളെ ഗള്‍ഫ് മലയാളികള്‍ക്കായി അവതരിപ്പിച്ചത്. സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗള്‍ഫ് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാന്‍ സാഹിത്യോത്സവിലൂടെ സാധിക്കുന്നുണ്ട്. ഇതിലൂടെ സാംസ്‌കാരിക രംഗത്ത് സജീവമാകാനും പ്രചോദനവുമാവുന്നു. കൂടുതല്‍ ഇനങ്ങളെയും വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഇത്തവണ സാഹിത്യോത്സവ് അരങ്ങിലെത്തുന്നത്. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയല്‍, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, കഥ, കവിത രചനകള്‍, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങള്‍, വിവര്‍ത്തനം, വായന തുടങ്ങി 67 ഇനങ്ങളാണ് ഇത്തവണത്തെ സാഹിത്യോത്സവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.ജി വിദ്യാര്‍ഥികള്‍ മുതല്‍ 30 വയസ് വരെയുള്ള യുവതി, യുവാക്കളെ വിവിധ വിഭാഗങ്ങളാക്കിയാണ് മത്സരം ക്രമീകരിക്കുക. യൂണിറ്റ്് മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ സെക്ടര്‍ സാഹിത്യോത്സവുകളിലേക്ക് യോഗ്യത നേടും. വിവിധ സെക്ടറുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒക്ടോബര്‍ അവസാന വാരം നടക്കുന്ന സെന്‍ട്രല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഇതിന് ശേഷം നവംബര്‍ രണ്ടാം വാരം ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന നാഷണല്‍ മത്സരത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുന്നത്.