ഷാവേസ് വീണ്ടും ക്യൂബയിലേക്ക്

Saturday 16 July 2011 5:45 pm IST

കരാക്കസ്: വെനസ്വലന്‍ പ്രസിഡന്റ് ഹ്യൂഗൊ ഷാവേസ് തുടര്‍ ചികിത്സയ്ക്കായി ക്യൂബയിലേക്കു തിരിക്കും. അര്‍ബുദ ബാധിതനായ ഷാവേസ് ക്യൂബയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കീമോ തെറാപ്പിയടക്കമുള്ള രണ്ടാംഘട്ട ചികിത്സയ്ക്കാണ് അദ്ദേഹം വീണ്ടും ക്യൂബയിലേക്കു പോകുന്നത്. ജൂണ്‍ 20നായിരുന്നു അമ്പത്തിയാറുകാരനായ ഷാവേസ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. പ്രസിഡന്റിന്റെ അഭാവം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കു നയിക്കുമെന്ന പ്രതിപക്ഷ വിമര്‍ശനത്തെത്തുടര്‍ന്നാണ്‌ ചികിത്സ പാതിവഴിയില്‍ അവസാനിപ്പിച്ചു ഷാവേസ്‌ മടങ്ങിയത്‌. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നു ചികിത്സ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കീമോ തെറാപ്പിയോ റേഡിയോ തെറാപ്പി ചികിത്സയോ വേണ്ടി വരുമെന്നാണു റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി കോണ്‍ഗ്രസിന്റെ അനുമതി തേടിയതായി ഷാവേസ്‌ തന്നെയാണ് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്‌. എന്നാല്‍ ചികിത്സ എത്രകാലം തുടരുമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല. ഷാവേസിന്റെ അനുയായിയും നിയുക്ത പെറുവിയന്‍ പ്രസിഡന്റുമായ ഒല്ലാന്റ ഹുമാലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ്‌ ചികിത്സ തുടരാന്‍ ഷാവേസ്‌ തീരുമാനിച്ചത്‌. അതേസമയം ഷാവേസിന്റെ ആരോഗ്യസ്ഥിതിയില്‍ ഒല്ലാന്റ ആശങ്ക പ്രകടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.