ശങ്കരപാണ്ടിമേട്ടിലെ കൈയേറ്റം: വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി

Friday 6 October 2017 6:30 pm IST

ഇടുക്കി: രാജകുമാരി വില്ലേജിലെ ശങ്കരപാണ്ടിമേട്ടിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജി 'ജന്മഭൂമി'യോട് പറഞ്ഞു. കൈയേറ്റം ചൂണ്ടിക്കാട്ടി 'ജന്മഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജകുമാരി വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ മേട് കൈയേറി കാപ്പി നട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഭൂസംരക്ഷണ സേന പ്രവര്‍ത്തകര്‍ ശേഖരിച്ചു. മേടിന് സമീപത്ത് എസ്റ്റേറ്റുള്ള പാലാ സ്വദേശി ഫ്രാന്‍സിസാണ് ഭൂമി കൈയേറിയിരിക്കുന്നതെന്നാണ് ഭൂസംരക്ഷണസേനയും ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. രാജകുമാരി വില്ലേജില്‍ പല ഭാഗത്തും അനധികൃതമായി പട്ടയം അനുവദിക്കുന്ന നടപടികള്‍ നടക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് പൂപ്പാറ-മൂന്നാര്‍ റോഡില്‍ മുള്ളന്തണ്ട് എന്ന പ്രദേശത്തെ മലനിരയില്‍ കൈവശഭൂമിയുണ്ടെന്ന് കാണിച്ച് രണ്ടുപേര്‍ പട്ടയത്തിന് അപേക്ഷ നല്‍കി. അപേക്ഷയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പട്ടയ അപേക്ഷ നിരാകരിച്ച് വില്ലേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.