പ്രഖ്യാപനം പാളി; നെല്ല് സംഭരണം വൈകുന്നു

Friday 6 October 2017 7:52 pm IST

കുട്ടനാട്: നെല്ലു സംഭരണത്തില്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്നു മില്ലുടമകള്‍ വീണ്ടും പിന്‍മാറി, മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ ആശങ്കയില്‍. സര്‍ക്കാര്‍ പ്രഖ്യാപനം വിശ്വസിച്ച് കൂടുതല്‍ പാടശേഖരങ്ങളില്‍ കൊയ്ത്ത് ആരംഭിച്ചു. മില്ലുകാരുടെ സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും അടുത്ത ദിവസം തന്നെ നെല്ലു സംഭരണം കാര്യക്ഷമമായി നടക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ കുട്ടനാട്ടില്‍ രണ്ടാം കൃഷിയുടെ കൊയ്ത്ത് തുടങ്ങിയ പാടശേഖരങ്ങളില്‍ നിന്ന് സര്‍ക്കാരുമായുള്ള ധാരണ പ്രകാരം നെല്ലെടുപ്പ് മില്ലുകാര്‍ ആരംഭിച്ചിട്ടില്ല. സംഭരണം ഉടന്‍ നടക്കില്ല എന്ന് പ്രചരിപ്പിച്ചു കര്‍ഷകരില്‍ നിന്നു കുറഞ്ഞ വിലയ്ക്കു നെല്ലെടുക്കാന്‍ സ്വകാര്യ ഏജന്റുമാരും രംഗത്തെത്തിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ കിട്ടുന്ന വിലയ്ക്ക് നെല്ല് നല്‍കേണ്ടി വരുമോയെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. മിക്ക പാടങ്ങളും കൊയ്യേണ്ട ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. സംഭരണം ഇനിയും താമസിച്ചാല്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക. സമരവുമായി ബന്ധപ്പെടാതെ നിന്നിരുന്ന മില്ലുടമകളുടെ നേതൃത്വത്തില്‍ എടത്വ കൃഷിഭവന്‍ പരിധിയില്‍ വരുന്ന എരവുകരി പാടത്ത് കഴിഞ്ഞ ദിവസം നെല്ല് സംഭരണം നടത്തിയിരുന്നു. എന്നാല്‍ വന്‍കിട മില്ലുകളുടെ ഭീഷണിയെ തുടര്‍ന്ന് ഇവരും ഇപ്പോള്‍ നെല്ലെടുക്കാന്‍ തയ്യാറാകുന്നില്ല. കനത്ത മഴയില്‍ പല പാടശേഖരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതു യന്ത്രക്കൊയ്ത്തിനെ ബാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.