കണ്ണൂര്‍ കോര്പറേഷന് : ഓവര്‍സിയറെ സസ്പെന്റ് ചെയ്ത സംഭവത്തെച്ചൊല്ലി യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം
കണ്ണൂര്‍: കോര്‍പറേഷനിലെ ഒന്നാം ഗ്രേഡ് പബ്ലിക് ഓവര്‍സിയറെ സസ്പെന്റ് ചെയ്ത നടപടിയെച്ചൊല്ലി അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ഓവര്‍സിയര്‍ കെ.കെ.രാജനെ സസ്പെന്‍ഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പ്രതിപക്ഷ നേതാവ് അഡ്വ.ടി.ഒ.മോഹനന് തുറന്നടിച്ചത്. കോര്പ്പറേഷന് മേയര്‍ അവധിദിനത്തില്‍ അനധികൃത കെട്ടിട നിര്‍മ്മാണ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞതിന് ശേഷം നടപടിയെടുക്കുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ കൗണ്‍സിലര്‍മാര്‍ പോലും ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത വിവരമറിയുന്നത് പത്രങ്ങളിലൂടെയാണ്. ഈ നടപടി ശരിയല്ല. സംഭവത്തിന് പിന്നില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് മോഹനന് പറഞ്ഞപ്പോള്‍ ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ചാടിയെഴുന്നേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് മേയറോട് ആവശ്യപ്പെടുകയായിരുന്നു. ഇതുകണ്ട് ക്ഷുഭിതരായ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടെന്ന് പറയാന്‍ എന്ത് അവകാശമാണെന്ന് പറഞ്ഞ് ബഹളം വച്ചു. ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടെന്ന് പറയാന്‍ എന്ത് അവകാശമാണുള്ളതെന്ന് പരസ്പരം പോര്‍വിളിയായി. ഉദ്യോഗസ്ഥരുടെ എല്ലാ നടപടികളെയും അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനാവില്ല. പക്ഷെ തെറ്റുണ്ടെങ്കില്‍ അത് യോഗം വിളിച്ച് കൗണ്‍സില്‍ മുമ്പാകെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം. മേയര്‍ ആരുടെ കീഴിലാണ് ജോലി ചെയ്യുന്നതെന്നും മോഹനന് ചോദിച്ചു.