ബസുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാര്‍ വലഞ്ഞു

Friday 6 October 2017 9:23 pm IST

ചെറുപുഴ: സ്വകാര്യ ബസ്സ് തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് ചെറുപുഴ പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കി. പണിമുടക്കിനെ തുടര്‍ന്ന് സ്‌കൂളുകളിലും ഓഫിസുകളിലുമെത്തിയ വിദ്യാര്‍ഥികളും സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാരും ദുരിതത്തിലായി. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്തില്‍ വൈപ്പിരിയത്ത് മത്സരിച്ചോടിയ സ്വകാര്യബസ്സിടിച്ച് സ്‌കൂട്ടറില്‍ അമ്മക്കൊപ്പം സഞ്ചരിക്കുകയായിരുന്ന അന്നൂര്‍ യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിനന്ദ് മരിച്ചിരുന്നു. പയ്യന്നൂര്‍-ചെറുപുഴ റൂട്ടില്‍ സര്‍വ്വീസ്‌നടത്തുന്ന ശ്രീവിഷ്ണു-ആര്‍എംഎസ് ബസുകള്‍ മത്സരിച്ചോടി മറികടക്കുമ്പോള്‍ ശ്രീവിഷ്ണു ബസ് കയറിയാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത് ഇതേത്തുടര്‍ന്ന് അപകടത്തിനിടയാക്കിയ ശ്രീവിഷ്ണു ട്രാവല്‍സിന്റെ ഇതേ റൂട്ടിലോടുന്ന എല്ലാ ബസ്സുകളും കഴിഞ്ഞദിവസങ്ങളില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. വെള്ളിയാഴ്ച സര്‍വ്വീസ് പുനരാരംഭിച്ച ബസ്സുകള്‍ രാവിലെ കാങ്കോലില്‍ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ ബസ്സ് അടിച്ചുതകര്‍ത്തതായി അഭ്യൂഹം പരന്നതോടെ ബസ്സുടമയുടെ നാട്ടുകാര്‍ സംഘടിച്ച് പാടിയോട്ടുചാല്‍ വയക്കരയില്‍ മറ്റ് സ്വകാര്യബസ്സുകളും തടഞ്ഞിട്ടു. ഇതോടെ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. ബസ്സ് സര്‍വ്വീസ് നിലച്ചതോടെ മലയോരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടവര്‍ യാത്രാമാര്‍ഗ്ഗമില്ലാതെ ദുരിതത്തിലായി. സ്‌കൂളുകളില്‍ മിക്കതും ഉച്ചതിരിഞ്ഞ് നേരത്തെ വിട്ടെങ്കിലും കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് എണ്ണത്തില്‍ കുറവായ കെഎസ്ആര്‍ടിസി ബസ്സുകളെ ആശ്രയിക്കേണ്ടി വന്നു. വൈകുന്നേരം ഏതാനും ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറെയെങ്കിലും ജനങ്ങളുടെ ദുരിതം പരിഹരിക്കപ്പെട്ടില്ല. പണിമുടക്കിനെ തുടര്‍ന്ന് ചെറുപുഴ-പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസ്സുകളുടെ മത്സരയോട്ടമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് പെരിങ്ങോം പോലിസ് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.