രാജേഷ് വധം: കുറ്റപത്രം സമര്‍പ്പിച്ചു

Saturday 7 October 2017 11:32 am IST

  തിരുവനന്തപുരം: ശ്രീകാര്യത്തെ ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 100 പേജുള്ള കുറ്റപത്രത്തില്‍ 13 പ്രതികളാണ് ഉള്ളത്. പ്രതികള്‍ക്ക് രാജേഷിനോട് രാഷ്ട്രീയമായും വ്യക്തിപരമായും ഉള്ള വിരോധമാണ് കൊലക്ക് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആര്‍ പ്രതാപന്‍ നായര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 89 സാക്ഷികളും 100 രേഖകളും 61 തൊണ്ടി മുതലുകളും സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 29 ന് രാത്രി 9 മണിയോടെയാണ് പത്തോളം വരുന്ന സിപിഎം കൊലയാളികള്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേയ്ക്ക് സാധനം വാങ്ങാന്‍ കടയിലെത്തിയതായിരുന്നു രാജേഷ്. ഈ സമയം കടയ്ക്കു മുന്നിലെത്തിയ അക്രമികള്‍ രാജേഷിനെ കടയില്‍ നിന്നു വലിച്ചിറക്കി വെട്ടുകയായിരുന്നു. വലതു കൈ വെട്ടി മാറ്റി അടുത്ത പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തിലും നാല്‍പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടു കൂടി രാജേഷിന് അന്ത്യം സംഭവിച്ചു. എട്ട് ഇരുചക്ര വാഹനങ്ങളിലും ഇന്‍ഡിഗോ കാറിലുമായാണ് അക്രമി സംഘം എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.