മന്ത്രിമാര്‍ മാറിയാല്‍ നന്നാകുന്നതാണോ സര്‍ക്കാര്‍

Saturday 7 October 2017 12:49 pm IST

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ പ്രവര്‍ത്തനമികവ് വിലയിരുത്താന്‍ പോകുകയാണെന്ന്! ഇത്രയുംകാലം കൂടെ ഉണ്ടായിരുന്ന മന്ത്രിമാരുടെ പ്രവര്‍ത്തനമൊന്നും പിണറായി കണ്ടില്ലേ. മികവില്ലാത്തതുകൊണ്ടാണല്ലോ നിരീക്ഷിക്കാന്‍ പോകുന്നത്. അങ്ങനെയെങ്കില്‍ ഇക്കാലമത്രയും ഇവര്‍ കേരളം മുടുപ്പിച്ചതിനു ആര് ഉത്തരം പറയും. ചുക്കിനും ചുണ്ണാമ്പിനും കൊള്ളരുതാത്തവരാണ് പിണറായി മന്ത്രി സഭയിലെ അംഗങ്ങള്‍. പാര്‍ട്ടിക്കാര്യം മാത്രം അറിയാവുന്ന നേതാക്കള്‍ക്കുള്ള പദവിയല്ല മന്ത്രിക്കസേരകള്‍. അവര്‍ക്കു സാമാന്യബോധമെങ്കിലും വേണം. കാലത്തിനു പിന്നിലേക്കുമാത്രം നോക്കുന്ന ധാര്‍ഷ്ട്യവും പൊങ്ങച്ചവും മാത്രം കൈമുതലായ പ്രമാണിമാര്‍ മാത്രമാണ് ഇവര്‍. ആദ്യം മാറേണ്ടത് പിണറായിയുടെ മന്ത്രിമാരല്ല പിണറായി തന്നെയാണ്. പിണറായി പാര്‍ട്ടി സെക്രട്ടറിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അറിയണം. തന്‍ പ്രമാണിത്തത്തിന്റെ ഭാഷയിലും നോട്ടത്തിലുമൊക്കെ പിണറായി ജനങ്ങളോടു പെരുമാറുമ്പോള്‍ അവര്‍ക്കു തങ്ങളുടെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ധാരണ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പിണറായി മുഖ്യമന്ത്രിയായി വരുമ്പോള്‍ എന്തെങ്കിലുമൊക്കെ മാറ്റമുണ്ടാകാമെന്നു ധരിച്ചുവശായ സിപിഎംകാരെങ്കിലും അവിടേയും ഇവിടേയുമൊക്കെ ഉണ്ടായിരുന്നു. അവരൊക്ക നിരാശരുടെ പടുകുഴിയിലാണെന്നു മാത്രമല്ല തലയ്ക്കു കൈവെച്ച് ഇതെന്തു ഭരണമെന്നു ശപിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് ഒന്നും നടക്കാത്ത അവസ്ഥ. സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതിക്കാരാണെന്നും പണിയെടുക്കുന്നില്ലെന്നും പിണറായി തന്നെ വിളിച്ചു പറയുന്നു. ചുമ്മാ കമ്മ്യൂണിസത്തിന്റെയും വിപ്‌ളവത്തിന്റെയും പേരു പറഞ്ഞ് തട്ടിപ്പും വെട്ടിപ്പും മാത്രമാണ് നാട്ടില്‍ നടക്കുന്നത്. പാവപ്പെട്ടവനു പകരം പണക്കാരനുമാത്രം രക്ഷയാകുന്ന ഭരണം. അഴിമതിക്കാരനായ തോമസ് ചാണ്ടിയെന്ന മന്ത്രിയെ പണക്കാരനായതിന്റെ പേരില്‍ പിണറായി സംരക്ഷിക്കുന്നു. സിപിഎമ്മില്‍ മൂന്നാം തരക്കാരോ നാലാം തരക്കാരോ ഉണ്ടെങ്കില്‍ അതു പാര്‍ട്ടിക്കു സഹിക്കാം. പക്ഷേ എംഎം മണിയെപ്പോലൊരു വിവരദോഷിയെ മന്ത്രിയാക്കി പൊതുജനത്തെ അപമാനിക്കണമെന്ന് പിണറായിക്കെന്താ ഇത്ര വാശി. അങ്ങനെ നോക്കുമ്പോള്‍ മാറ്റേണ്ട മന്ത്രിമാര്‍ തന്നെയാണ് ഏറെയും. പക്ഷേ മന്ത്രിമാര്‍ മാറിയാല്‍ ഭരണം നന്നാകുമോ.