പാഴ്‌വസ്തു വ്യാപാരികളുമായി നഗരസഭ കൈകോര്‍ക്കുന്നു

Saturday 7 October 2017 2:25 pm IST

തിരുവനന്തപുരം: നഗരത്തിലെ അജൈവമാലിന്യങ്ങളുടെ ശേഖരണം, സംഭരണം, പുനഃചക്രമണം എന്നിവ കാര്യക്ഷമമാക്കുന്നതിന് പാഴ്‌വസ്തു വ്യാപാരികളുമായി സഹകരണമൊരുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നഗരസഭ ആരംഭിച്ചു. നഗരസഭ ആരംഭിച്ചിട്ടുള്ള മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളെയും റിസോഴ്‌സ് റിക്കവറി സെന്ററുകളെയും പാഴ്‌വസ്തു വ്യാപാരികളുമായി ബന്ധിപ്പിച്ച് അജൈവ മാലിന്യ സംസ്‌കരണം സുഗമമാക്കുന്നതിനാണ് ഈ പദ്ധതി. ഓരോ പ്രദേശത്തെയും മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളിലെയും റിസോഴ്‌സ് റിക്കവറി സെന്ററുകളിലെയും തരംതിരിച്ച അജൈവ മാലിന്യങ്ങളെ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പാഴ്‌വസ്തു വ്യാപാരികള്‍ക്ക് നേരിട്ട് ശേഖരിക്കാം. നഗരത്തിലെ രജിസ്റ്റര്‍ ചെയ്ത വ്യാപാരികളുടെ പേരുവിവരങ്ങള്‍ നഗരസഭ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് നേരിട്ട് അജൈവ മാലിന്യങ്ങള്‍ വിപണനം ചെയ്യാന്‍ ഈ സൗകര്യം പ്രയോജനപ്പെടും. 11 മുതല്‍ 21 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നഗരത്തിലെ എല്ലാ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകളിലും നഗരസഭാ ഓഫീസിലെ പ്രോജക്ട് സെക്രട്ടേറിയറ്റിലും രജിസ്‌ട്രേഷനുള്ള സൗകര്യം ലഭ്യമായിരിക്കും. മലയാളം അറിയാത്തവര്‍ക്കായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സഹായം നഗരസഭാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും രജിസ്‌ട്രേഷന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.