നഗരത്തിലെ റോഡുകള്‍ തകര്‍ന്നെന്ന മന്ത്രിയുടെ ആരോപണം തിരിഞ്ഞുകുത്തുന്നു

Saturday 7 October 2017 2:34 pm IST

തിരുവനന്തപുരം: നഗരത്തിലെ റോഡുകള്‍ മുഴുവന്‍ തകര്‍ന്ന് അമ്പതിലധികം കുഴികള്‍ രൂപപ്പെട്ടെന്ന പൊതുമരാമത്തുമന്ത്രി ജി. സുധാകരന്റെ ആരോപണം തിരിഞ്ഞുകുത്തുന്നു. റോഡുകളുടെ അറ്റകുറ്റപ്പണി 15 വര്‍ഷത്തേക്ക് ഏറ്റെടുത്തിരിക്കുന്ന തിരുവനന്തപുരം റോഡ് ഡവലപ്‌മെന്റ് കമ്പനി(ടിആര്‍ഡിസിഎല്‍)യെ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ നല്കിയവിവരത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കുറ്റപ്പെടുത്തുകയായിരുന്നു. വസ്തുത അതല്ലെന്നിരിക്കെ പറഞ്ഞത് വിഴുങ്ങേണ്ട അവസ്ഥയിലായിരിക്കുകയാണ് മന്ത്രി. നഗരത്തിലെ വിവിധ റോഡുകള്‍ ചേര്‍ന്ന് 42 കിലോമീറ്റര്‍ ദൂരം മാത്രമാണ് 15 വര്‍ഷത്തേക്ക് ടിആര്‍ഡിസിഎല്ലിന്റെ അറ്റകുറ്റ ജോലികളില്‍ പെടുന്നത്. എംജി റോഡ്, എല്‍എംഎസ്-വെള്ളയമ്പലം-കവടിയാര്‍ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡ്, മ്യൂസിയം-നന്ദാവനം റോഡ്, പട്ടം-മെഡിക്കല്‍കോളേജ്-കൊച്ചുള്ളൂര്‍ റോഡ്, കവടിയാര്‍-പേരൂര്‍ക്കട റോഡ്, പേരൂര്‍ക്കട-വഴയില റോഡ്, തമ്പാനൂര്‍-അരിസ്റ്റോ-പനവിള-അണ്ടര്‍ പാസേജ്-പാറ്റൂര്‍-എയര്‍പോര്‍ട്ട്, അട്ടക്കുളങ്ങര-ഈഞ്ചയ്ക്കല്‍ റോഡ്, ശ്രീകണ്‌ഠേശ്വരം-ഈഞ്ചയ്ക്കല്‍ ആറാട്ടുറോഡ് തുടങ്ങി വിവിധ റോഡുകളാണ് ടിആര്‍ഡിസിഎല്ലിന്റെ ചുമതലയില്‍ വരുന്നത്. ഈ റോഡുകളൊന്നും തന്നെ തകര്‍ന്നിട്ടില്ലെന്ന് ടിആര്‍ഡിസിഎല്‍ ഡയറക്ടര്‍ അനില്‍കുമാര്‍ പണ്ടാല ജന്മഭൂമിയോട് പറഞ്ഞു. സാധാരണ റോഡിലെ ടാര്‍ മുറിച്ച് ജോലി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടിആര്‍ഡിസിഎല്‍ താത്കാലികമായി ഈ കുഴി അടയ്ക്കും. ഇത് താത്കാലികമാണെങ്കിലും ആറേഴുമാസം കുഴപ്പം കൂടാതെ പോകും. മന്ത്രി ചൂണ്ടിക്കാണിച്ച റോഡുകളില്‍ അഞ്ചു ചെറിയകുഴികളാണുള്ളത്. അതില്‍ നാലെണ്ണം വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നികത്തി ടാര്‍ ചെയ്തിട്ടില്ല. ബാക്കിവന്നത് സ്വകാര്യ മൊബൈല്‍ കമ്പനി ചട്ടം ലംഘിച്ച് കുഴിച്ചതാണ്. ഇത് അനുവദിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പിന് ടിആര്‍ഡിസിഎല്‍ രേഖാമൂലം മുന്നറിയിപ്പു നല്കിയിരുന്നതാണ്. എന്നാല്‍ നടപടി സ്വീകരിച്ചില്ല. ഇപ്പോള്‍ ഈ കുഴികള്‍ റീ ടാര്‍ ചെയ്യല്‍ ജോലി സപ്തംബര്‍ ഒന്നുമുതല്‍ ആരംഭിച്ചു. വരുന്ന ആഴ്ച അത് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള സര്‍വകലാശാലയ്ക്കു മുന്നിലെ വെള്ളക്കെട്ടിനെക്കുറിച്ചുള്ള പരാതിയിലും ടിആര്‍ഡിസിഎല്ലിന് ഒന്നും ചെയ്യാനാകില്ല. ഇവിടെ കലുങ്ക് നിര്‍മിച്ചാല്‍ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്കിയിട്ടില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ ഓടയില്‍ സമരത്തിനെത്തുന്നവര്‍ നിരന്തരം മാലിന്യം നിക്ഷേപിക്കുന്നതു മൂലമാണ് ഓട അടഞ്ഞിരിക്കുന്നത്. ഇതു തടയാതെ അവിടെയും വെള്ളം കെട്ടുന്നത് ഒഴിവാക്കാനാകില്ല. മന്ത്രി ചൂണ്ടിക്കാണിച്ച ബേക്കറി ജംഗ്ഷനിലെ റോഡ് ടിആര്‍ഡിസിഎല്ലിന് കീഴിലല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.