ഗാന്ധിനഗര്‍: ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ജിഎസ്ടി കൗണ്‍സിൽ കൈക്കൊണ്ട തീരുമാനങ്ങൾ വ്യാപാരികൾക്ക് ദീപാവലി നേരത്തെയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ഓഖ-ബേട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുകിട- ഇടത്തര കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും സഹായകരമായ രീതിയില്‍ ജി എസ് ടിയില്‍ മാറ്റം വരുത്തനുള്ള നീക്കം ഇന്നലെയാണ് ജി എസ് ടി കൗണ്‍സില്‍ സ്വീകരിച്ചത്. കയറും ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ, സിദ്ധമരുന്നുകള്‍ ഉള്‍പ്പെടെ 27 ഉത്പന്നങ്ങളുടെ നിരക്ക് കുറക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന് ജിഎസ്ടി കൗണ്‍സില്‍ സ്വീകരിച്ചിരുന്നു.
ഇതിനെ സൂചിപ്പിച്ചാണ് വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയെത്തി എന്ന പരാമര്‍ശം അദ്ദേഹം നടത്തിയത്. ജി എസ് ടിയെ സംബന്ധിച്ചുള്ള എല്ലാക്കാര്യങ്ങളും കുറവുകള്‍ ഉള്‍പ്പെടെ പഠിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചത്- അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ ഫലം ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ സാധാരണക്കാര്‍. സ്വന്തം കുഞ്ഞുങ്ങള്‍ ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ആ ആഗ്രഹം സാക്ഷാത്കരിക്കുകയും ദാരിദ്ര്യത്തിനെതിരെ പോരാടുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനം ഇന്ന് ആരംഭിച്ചു. സന്ദർശനത്തോട് അനുബന്ധിച്ച് നിരവധി പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: