കന്നിച്ചിത്രവുമായി മെറിലാന്‍ഡ്

Saturday 7 October 2017 6:46 pm IST

സത്യനോടൊപ്പം, കുമാരി തങ്കം, എന്‍.ആര്‍.തങ്കം, വീരരാഘവന്‍ നായര്‍, സോമന്‍. കെ.പി. കൊട്ടാരക്കര, മുതുകുളം, മുത്തയ്യ, എം. എന്‍. നമ്പ്യാര്‍, പങ്കജവല്ലി, അമ്പലപ്പുഴ മീനാക്ഷി, ലക്ഷ്മീദേവി തുടങ്ങിയവരായിരുന്നു 'ആത്മസഖി'യിലെ അഭിനേതാക്കള്‍. വീരരാഘവന്‍ നായര്‍ (വീരന്‍) നാടകരംഗത്തും ആകാശവാണിയിലും പ്രസിദ്ധനായിരുന്നു. ആത്മസഖിയിലെ പ്രത്യക്ഷം ആ യശസ്സിനു ചേരുംവിധമായില്ല. കെ. പി. കൊട്ടാരക്കര, കഥാകൃത്തും തിരക്കഥാകൃത്തും നിര്‍മ്മാതാവും എന്നനിലയില്‍ മലയാള സിനിമയിലും തമിഴിലും ഏറെ പ്രസിദ്ധനായി. അദ്ദേഹത്തിന്റെ കഥകള്‍ ഹിന്ദിയിലും ഇതരഭാഷകളില്‍ പലതിലും പുനര്‍നിര്‍മിക്കപ്പെട്ടു. കൊട്ടാരക്കരക്കാരന്‍ കുട്ടന്‍പിള്ളയാണ് കെ.പി. കൊട്ടാരക്കരയായി മാറിയതെന്നാണ് അദ്ദേഹത്തിന്റെകൂടെ ചിത്രങ്ങളില്‍ സഹകരിച്ചിട്ടുള്ള സംവിധായകന്‍ പി. ചന്ദ്രകുമാറിന്റെ സാക്ഷ്യം. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മലയാളിയായ ആദ്യ പ്രസിഡന്റ് കെ.പി. കൊട്ടാരക്കരയായിരുന്നു. സത്യന്റെ അഭിനയത്തെക്കുറിച്ചുള്ള സിനിക്കിന്റെ നിരീക്ഷണം ഇങ്ങനെയാണ്: ''നായകനായ സത്യന്റെ സൗമ്യമായ മുഖവും വടിവൊത്ത ആകാരവും തരക്കേടില്ല. പക്ഷേ ആ കണ്ണുകളില്‍ ചൈതന്യമേയില്ല; മുഖത്തു വേണ്ടത്ര വികാരവും. ഇത്തരമൊരു ഒഴുക്കന്‍ ചിത്രത്തില്‍ ഒരു പ്രതിഭയറ്റ സംവിധായകന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഒരു പുതിയ നടന്റെ അഭിനയം അശിക്ഷിതമെങ്കില്‍ അതിനുള്ള അപരാധം മുഴുവന്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവച്ചുകൂടാ...'' ഈ നിലയില്‍ നിന്നും ഇഞ്ചോടിഞ്ച് ആത്മസമര്‍പ്പണം മൂലധനമാക്കി പൊരുതിനേടിയതാണ് പിന്നീട് സത്യന്‍ നമ്മുടെ സിനിമയില്‍ കൈയടക്കിയ താരതമ്യങ്ങളില്ലാത്ത പ്രൗഢി. പ്രായം, ഉയരം, നിറം... എല്ലാം സത്യനെതിരായിരുന്നുവല്ലൊ. 'ആത്മസഖി'യില്‍ പോലും സത്യനെ നായകനാക്കുന്നതില്‍ പി. സുബ്രഹ്മണ്യത്തെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. അത് ഗൗനിക്കാതെ പി. സുബ്രഹ്മണ്യം തന്റെ തീരുമാനത്തിലുറച്ചുനിന്നു. കഴിഞ്ഞ അദ്ധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ അവസരങ്ങള്‍ക്കുവേണ്ടി ആരുടെ മുന്‍പിലും അതിവിനയം നടിച്ചു തയ്യാറാകാതിരുന്നതും ആത്മാഭിമാനത്തിന് പൊന്നുവില കല്‍പ്പിച്ചതും ആരുടെ മുന്‍പിലും നെഞ്ചുവിരിച്ചു തലയുയര്‍ത്തി നിലകൊണ്ടതും സത്യനെ പലര്‍ക്കും അനഭിമതനാക്കിയിരുന്നു. അതിനെയെല്ലാം അതിജീവിച്ചുതന്നെയാണ് സത്യന്‍ നായകനിരയില്‍ മുന്നില്‍ പ്രതിഷ്ഠ നേടിയതെന്നതിന് തുടര്‍കാലം സാക്ഷ്യം. സംസ്ഥാന ഗവണ്‍മെന്റ് ആദ്യമായി ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ വര്‍ഷം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് സുബ്രഹ്മണ്യത്തിന്റെ 'കുമാര സംഭവ'മാണ്. അവാര്‍ഡ് നിശയുടെ തുറന്ന വേദിയില്‍ തന്നെ പരസ്യമായി അതിനെ വിമര്‍ശിച്ചു സത്യന്‍. തുടര്‍ന്നുള്ള നീലായുടെ ചിത്രങ്ങളില്‍ നിന്നും അതിന്റെ പേരില്‍ താന്‍ ഒഴിവാക്കപ്പെടുമെന്ന് സത്യനറിയാമായിരുന്നു. അതദ്ദേഹം കൂസലില്ലാതെ തുറന്നു പറയുകയുംചെയ്തു. അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ 'ആത്മസഖി' സത്യന്‍ പൂര്‍ത്തിയാക്കിയത് അഭിപ്രായ വ്യത്യാസത്തോടെയാണെന്നും പിന്നീട് നീലാ ചിത്രങ്ങളില്‍ സത്യന്‍ അഭിനയിച്ചിട്ടില്ലെന്നും ചേലങ്ങാട്ടു ഗോപാലകൃഷ്ണന്‍ എഴുതിക്കണ്ടത് എത്രത്തോളം വാസ്തവമാണെന്നുറപ്പില്ല. 1952 കാലത്ത് അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു മുതുകുളം. 'ആത്മസഖി'യില്‍ അദ്ദേഹം അഭിനേതാവായി ഉണ്ടായിരുന്നുതാനും. സ്വാഭാവികമായും എഴുത്തു ദൗത്യം പരിചയ സമ്പന്നനായ അദ്ദേഹത്തെ ഭരമേല്‍പ്പിക്കുകയാവുമല്ലോ ചെയ്യുക. 'ആത്മസഖി'യുടെ സംഭാഷണ രചയിതാവായി സിനിക്ക് വിചാരണ മുഖത്തു ചേര്‍ത്തുനിറുത്തുന്നതും മുതുകുളത്തെയാണ്. ''ആത്മസഖിക്കു മുതുകുളം എഴുതിയ സംഭാഷണം ചുരുക്കം ചിലയിടങ്ങളില്‍ ഓജസ്സുറ്റതെങ്കിലും പൊതുവെ മോശമില്ല എന്നുമാത്രമേ പറയാനാകൂ....'' എന്നാല്‍ ചേലങ്ങാട്ട് ''ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും രചിക്കാന്‍ ഈ രംഗത്തെ പുതുമുഖമായ കെ.പി. കൊട്ടാരക്കരയെയാണ് ഏല്‍പ്പിച്ചതെന്ന് എഴുതിക്കാണുന്നു. കൊട്ടാരക്കരയുടെ ചലച്ചിത്രയാനത്തിന്റെ ആദ്യപാദങ്ങളിലായിരുന്നു മെറിലാന്റിലെ സഹവര്‍ത്തിത്വം. കഥകളുടെ വിഭാവനത്തില്‍ ഉത്സുകനായിരുന്ന അദ്ദേഹം മെനഞ്ഞുണ്ടാക്കിയ ഒരു കഥയ്ക്കു സംവിധായകനായ ഗോവിന്ദറാവു തിര: ഭാഷ്യം ഉണ്ടാക്കി സംഭാഷണം എഴുതുവാന്‍ മുതുകുളത്തെ ഏല്‍പ്പിക്കുകയായിരുന്നുവോ എന്നറിയില്ല. രണ്ടായിരുന്നാലും കഥയെക്കുറിച്ചും ചിത്രത്തെക്കുറിച്ചും സിനിക്കിനു മതിപ്പെത്രമാത്രമുണ്ടായിരുന്നു എന്ന് ആദ്യമേ ഉദ്ധരിച്ച നിരീക്ഷണത്തില്‍ നിന്നും അനുമാനിക്കാം. ചേലങ്ങാട്ട് അതു കുറെക്കൂടി കടുപ്പിച്ചുതന്നെ എഴുതി. ''അതുവരെ ഇറങ്ങിയ മലയാള സിനിമാക്കഥകള്‍ എല്ലാംകൂടി എടുത്ത് ഇടിച്ചുപിഴിഞ്ഞ് ചകിരിയില്‍ അരിച്ചുണക്കി ഉരുട്ടിയെടുത്തതായിരുന്നു 'ആത്മസഖി'യുടെ കഥ!'' ആത്മബലവും തന്റേടവും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു ജമീന്ദാറുടെ (മലയാളക്കരയില്‍ അങ്ങനെയൊരു വര്‍ഗ്ഗമുണ്ടായിരുന്നുവോ എന്ന ശങ്ക ഉന്നയിക്കണ്ട. കഥയില്‍ ആ വക ചോദ്യം അനുവദനീയമല്ല!) ആദ്യ ഭാര്യയിലുള്ള സന്താനങ്ങള്‍ രഘുവും ലീലയും. രണ്ടാം ഭാര്യ കമലം പതിവുപോലെ പോരുകാരി. അവര്‍ക്കൊരു ദുര്‍വൃത്തനായ മകന്‍ മോഹന്‍. ഇത്രയും പേര്‍ ഒരു മണിമാളികയില്‍ ഒരുമിച്ചുചേര്‍ന്നാല്‍ ശേഷം ചിന്ത്യം. തൊട്ടടുത്തായി ആരോരുമില്ലാത്ത ഒരു കല്യാണി. അവര്‍ക്കൊരു മകനും മകളും, രാജനും ശാന്തയും. മൂവരും ഒരു കുടിലില്‍. ഇതാണ് കഥാപ്പരിവൃത്തം. ഇനി ചേരുംപടിയും ചേരാപടിയും ചേര്‍ത്തു കരുക്കള്‍ നീക്കുകയേ വേണ്ടൂ. ശാന്ത ലീലയുടെ കൂട്ടുകാരി, രഘുവിന്റെ പ്രണയിനി. ദരിദ്ര യുവാവായ രാജന്‍. കമലത്തിന്റെ മകന്‍ മോഹന്റെ തോന്ന്യവാസങ്ങള്‍ക്കു കൂട്ടായി അവനെ മുതലെടുത്തു കഴിയുന്നു. രഘുവിന്റെ വിദ്യാഭ്യാസ ചെലവുകളില്‍വരെ നിയന്ത്രണ വിഘ്‌നങ്ങള്‍ തീര്‍ക്കുവാന്‍ മാത്രം നീചമാണ് കമലത്തിന്റെ കുടിലത. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പുറപ്പെട്ട രഘു ശാന്തയ്ക്കയച്ച കത്തുകള്‍ കമലം കൈവശപ്പെടുത്തി. ശാന്തയെ ജമീന്ദാര്‍ ചന്ദ്രശേഖരന്‍ പിള്ളയ്ക്കു അനഭിമതയാക്കുന്നു. ശാന്തയെ കൈവെടിയാന്‍ രഘു തയ്യാറായില്ല. പിള്ള പിന്നെ താമസിച്ചില്ല രഘുവിനെ വീട്ടില്‍നിന്നുമിറക്കിവിട്ടു. മേലില്‍ ഒരു സഹായവും തന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കരുതെന്നു തള്ളിപ്പറയുകയും ചെയ്തു. പക്ഷെ രഘുവിന്റെ സഹോദരി ലീല തന്റെ ആഭരണങ്ങള്‍ നല്‍കി രഘുവിന്റെ പഠനത്തെ പിന്തുണച്ചു. തന്റെ സതീര്‍ത്ഥ്യരായ ഇന്ദിരയെയും ഹരിയെയും രഘുവിനു പോരാത്ത സഹായങ്ങള്‍ നല്‍കുവാന്‍ ഇണക്കുകയും ചെയ്തു. കല്യാണി രോഗഗ്രസ്തയായി മരണമടയുന്നതോടെ ശാന്തയുടെ നിലപരുങ്ങലിലായി. മോഹന്‍ അവളുടെ നേര്‍ക്കു കാമാര്‍ത്ഥമായ നീക്കങ്ങള്‍ നടത്തുക കൂടിയായതോടെ ശാന്ത നാടുവിട്ടു പലായനം ചെയ്തു. ശാന്തയെ കൈവിട്ടതോടെ മോഹനന്, രാജനോട് പഴയ കൂറില്ലാതെയായി. ഇത്രയുമായപ്പോള്‍ രാജനു വീണ്ടുവിചാരമുണ്ടായി. സ്വന്തം അദ്ധ്വാനംകൊണ്ട് ജീവിക്കുവാന്‍ തീരുമാനിച്ചു. ഒരു റിക്ഷാക്കാരനായി മാറി. കമലത്തിന്റെ പീഡനം സഹിച്ചു ലീല കഴിഞ്ഞു. രഘു ഡോക്ടറായി. അപ്പോള്‍ അത നാട്ടിലൊരിടത്തു സാംക്രമികരോഗബാധ. രഘുവും ഹരിയും ഇന്ദിരയും സേവനോത്സുകരായി അവിടേയ്ക്ക് തിരിച്ചു. നാടുവിട്ടിറങ്ങിയ ശാന്തയെ കുന്നിന്‍ ചെരുവില്‍ നീചപ്പരിഷകള്‍ ആക്രമിക്കുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കുന്നിന്‍ചെരുവിലൂടെ ഉരുണ്ടുരുണ്ടു വീണ് പരിക്കേറ്റ് ബോധരഹിതയായ ശാന്തയെ കൃത്യമായി ഇന്ദിര രക്ഷപ്പെടുത്തുന്നു. അവള്‍ക്ക് അവിടെ ഒരു നഴ്‌സിങ് സഹായിയായി ജോലിയും നല്‍കുന്നു. രഘു പാവം ഇതൊന്നുമറിയുന്നില്ല. രഘുവിന്റെയും ഇന്ദിരയുടെയും തുറന്ന ഇടപെടലുകള്‍ കാണുന്ന ശാന്ത അവര്‍ അനുരാഗബദ്ധിതരെന്നു തെറ്റിദ്ധരിക്കുന്നു. എന്നാല്‍ സത്യമോ? രഘുവിനോട് പ്രണയം അങ്കുരിച്ച് മനസ്സുതുറന്ന ഇന്ദിരയെ രഘു തന്റെ ആത്മസഖി ശാന്തയാണെന്നും ഇന്ദിരയെ തനിക്ക് സഹോദരിയായി മാത്രമേ കാണാനാകൂ എന്നും ധരിപ്പിച്ചിരുന്നു. ഇതറിയുമ്പോള്‍ ശാന്ത ആശ്വാസത്തോടെ രഘുവിന്റെ നെഞ്ചില്‍ മുഖംചേര്‍ത്തണച്ചുകൊണ്ടു സന്തോഷനിര്‍വൃതി പുണരുന്നു. അപ്പോഴാണ് കഥയില്‍ നീചകഥാപാത്രങ്ങളായ കമലവും മോഹനും ഒരു കരയിലുമെത്താതെ ബാക്കി നില്‍ക്കുകയാണ്. അതിനും വേണമല്ലോ പരിസമാപ്തി. രാജന്റെ റിക്ഷയില്‍ കയറുന്ന മോഹന്‍ കൂലിയുടെ കാര്യത്തില്‍ തര്‍ക്കിക്കുന്നു. കോപാകുലനായ മോഹന്‍ രാജനെ കുത്തിക്കൊന്ന് ഒളിവില്‍ പോകുന്നു. രാത്രി സ്വന്തം വീട്ടില്‍ കയറി ജമീന്ദാരുടെ പണപ്പെട്ടി തുറന്ന് കറന്‍സി കെട്ടുകളുമായി കടന്നുപോകുവാന്‍ തുനിയുന്ന മോഹനെ ആളാരെന്നറിയാതെ കമലം വെടിവച്ചു വീഴ്ത്തുന്നു. മകന്റെ ഘാതകിയായി താനെന്നറിഞ്ഞതോടെ കമലത്തിന്റെ മനസ്സിന്റെ സമനില തെറ്റുന്നു. ഇതെല്ലാം കൂടിയായപ്പോള്‍ ജമീന്ദാര്‍ പിള്ളയുടെ മനസ്സങ്ങുമാറി. രഘുവിനെ വീട്ടിലേക്ക് വിളിപ്പിച്ചു. രഘു ശാന്തയെ വിവാഹം ചെയ്യുന്നു. ഹരി ലീലയേയും. ഈ സുമുഹൂര്‍ത്തങ്ങള്‍ക്കു തൊട്ടു മുന്‍പെ പശ്ചാത്താപ വിവശയായ കമലത്തിന്റെ മനസ്സിന് സമനില തിരികെ കിട്ടുന്നു. കഥ ശുഭപര്യവസായി! മംഗളം! സിനിക്കിനോടൊപ്പം നാമും ചോദിച്ചു പോകുന്നു. ''കഥാകാരന്‍ ആരാകിലെന്ത്? കഥ ഭയങ്കരമായില്ലേ?'' തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായരുടെ പതിമൂന്ന് ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍. ബ്രദര്‍ ലക്ഷ്മണനാണ് അവയ്ക്ക് ഈണം പകര്‍ന്നത്. ഇരുവരുടെയും ആദ്യ ചലച്ചിത്രം കൂടിയാണിത്. മലയാളം വിദ്വാനായിരുന്ന തിരുനയിനാര്‍ കുറിച്ചി. 'ആത്മസഖി'യില്‍ ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായിരുന്നു. 26 ചിത്രങ്ങളിലായി 222 ഗാനങ്ങള്‍ രചിച്ചു. അവയില്‍ ''ആത്മവിദ്യാലയമേ...'' ''ഈശ്വര ചിന്തയിതൊന്നേ മനുജന്..'' എന്നീ വിശ്രുത ഗാനങ്ങളും ഉള്‍പ്പെടുന്നു. മദ്രാസ് യൂണൈറ്റഡ് കോര്‍പ്പറേഷനിലൂടെ കടന്നുവന്ന ലക്ഷ്മണ്‍ ബ്രഹ്മചാരിയായിരുന്നതുകൊണ്ട് ബ്രദര്‍ ലക്ഷ്മണ്‍ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. 'ആത്മസഖി' തൊട്ടുള്ള നീലാ ചിത്രങ്ങളില്‍ സ്ഥിരം സംഗീതകാരനായിരുന്നു അദ്ദേഹം കുറച്ചുകാലം. 'ആത്മസഖി'യിലെ ഗാനങ്ങള്‍ പലതും പ്രശസ്തങ്ങളായ മറ്റു ഭാഷാ ചിത്രങ്ങളിലെ ഗാനങ്ങളുടെ ഈണങ്ങള്‍ കടമെടുത്തു രൂപംനല്‍കിയവയായിരുന്നു. ''കൊഞ്ചും പിറാവേ...'' എന്ന പ്രശസ്ത ഗാനത്തെ അവലംബിച്ചുള്ള ''ഇരുമിഴി തന്നില്‍...'' എന്ന ഗാനവും ''ഓ സനം....'' എന്ന ഗാനത്തിന്റെ ചിട്ടപ്പടി ''മോഹനം, മോഹനം....'' എന്ന ഗാനവും മറ്റും. ഉദാഹരണം ഘണശാലയും പി. ലീലയും തിരുച്ചി ലോകനാഥനും മോത്തിയും കവിയൂര്‍ രേവമ്മയും ഗാന സരസ്വതിയും ജിക്കിയുമായിരുന്നു ഗായകര്‍. ''ലോകമേ കാലം മാറുകില്ലേ....'' എന്ന ഗാനമായിരുന്നു കൂട്ടത്തില്‍ ഭേദം. സംവിധാനനിലവാരത്തെക്കുറിച്ചു ആദ്യമേ ഉദ്ധരിച്ച സിനിക്കിന്റെ നിരീക്ഷണത്തില്‍ തന്നെ സൂചനയുണ്ട്. എഡിറ്റിങ് പരിതാപകരമായിരുന്നു. ശബ്ദലേഖനവും ഛായാഗ്രഹണവും ഭേദപ്പെട്ടതായി. പ്രവര്‍ത്തനമാരംഭിക്കുക മാത്രം ചെയ്ത മെറിലാന്റ് സ്റ്റുഡിയോയെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാര്യമല്ലതന്നെ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.