കാര്‍ഷിക സംസ്‌കാരത്തിന് മാതൃകയായി അമ്പാടി ഗോശാല

Saturday 7 October 2017 7:56 pm IST

ശ്യാം കുമാര്‍ അമ്പാടി ഗോശാലയില്‍

ഭാരതത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവന്ന് ആനുകാലിക ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ശ്യാം എന്ന നാല്‍പതുകാരന്‍. നാടന്‍ പശുക്കളിലൂടെയാണ് കൊല്ലം പട്ടാഴിയിലെ ശ്യാം കുമാറിന്റെ അമ്പാടി ഗോശാല ഈ ഉദ്യമം യാഥാര്‍ഥ്യമാക്കുന്നത്.

പശുവിനെ അടിസ്ഥാനമാക്കിയുള്ള കൃഷിയും അതിലൂടെ ഒരു ഗ്രാമത്തിന്റെ വികസനവുമാണ് ലക്ഷ്യം. പണ്ടുകാലത്ത് ഓരോ വീട്ടിലും ഒരു നാടന്‍ പശു സാധാരണമായിരുന്നു. കാര്‍ഷിക ഭക്ഷ്യ ആവശ്യങ്ങള്‍ക്കും അവ പ്രധാന മാര്‍ഗവുമായിരുന്നു.

എന്നാല്‍ അവ നഷ്ടമായ ശേഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതിന്റെ പരിണിത ഫലവും നാം കാണുന്നുണ്ട്. ഇതിനു ഒരു പരിഹാരമാണ് ശ്യാം സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നത്. ഒന്ന് ഒന്നിന് തുണയാകുന്ന സംയോജിത കൃഷിരീതിയാണ് ശ്യാമിന്റേത്.

പട്ടാഴിയിലെ കൈതവന വീട്ടിലെ തന്റെ രണ്ടര ഏക്കറിലാണ് കൃഷി വൈവിധ്യമൊരുക്കിയിരിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമയ്ക്ക് ശേഷം ഗള്‍ഫ് നാടുകളിലെ ഓയില്‍ കമ്പനികളില്‍ സേഫ്റ്റി മാനേജരായി ജോലി നോക്കുമ്പോഴും മനസുനിറയെ കൃഷിയായിരുന്നു.

ചെറുപ്പത്തില്‍ മുത്തച്ഛന്‍ പകര്‍ന്ന് നല്‍കിയ അറിവുകളായിരുന്നു അടിസ്ഥാനം. ഇതിനാല്‍ തന്നെ നാട്ടിലെത്തുന്ന സമയങ്ങളില്‍ കൃഷി ഒരു പതിവായി തന്നെ തുടര്‍ന്നു. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് തിരികെയെത്തുമ്പോള്‍ പുതിയ തലമുറയ്ക്ക് അന്യമാകുന്ന കാര്‍ഷിക കാഴ്ചകള്‍ തന്റെ കൃഷിയിടത്തില്‍ ഏകോപിപ്പിക്കുക എന്നതായിരുന്നു സ്വപ്‌നം.

നാടന്‍ പശുക്കളില്‍ തുടങ്ങിയ ആദ്യ ശ്രമം തന്നെ വിജയകരമായി. ഇന്ന് ഇന്ത്യയിലെ തന്നെ വ്യത്യസ്തങ്ങളായ 35 ലധികം പശുക്കള്‍ ശ്യാമിന്റെ തൊഴുത്തിലുണ്ട്. നാടന്‍ പശുക്കളുടെ ഒരപൂര്‍വ്വ സംഗമം. വടകര മോഴ, കാസര്‍കോട് മോഴ, പൂങ്കന്നൂര്‍, മലനാട് ഗിഡ്ഡ, കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി, സഹിവാള്‍, ഗുജറാത്തിലെ ഗീര്‍, രാജസ്ഥാന്റെ കാങ്ക്രജ്, കപില, തമിഴ്നാടന്‍ കുറിയ ഇനം നാടന്‍, കൃഷ്ണപശു ഇങ്ങനെപോകുന്നു നിര.

ആധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന തൊഴുത്തില്‍ പശുക്കള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഫ്ളഷ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പശുക്കള്‍ കുടിക്കുന്നതിനനുസരിച്ച് വെള്ളം ടബ്ബുകളില്‍ നിറയുന്നു. തൊഴുത്തുകഴുകുന്ന ചാണകം ബയോഗ്യാസ് പ്ലാന്റിലേക്കാണു പോകുന്നത്. പശുവിന്റെ ചാണകം, മൂത്രം എന്നിവയ്ക്ക് പാലിനേക്കാള്‍ വിലയും ഉപഭോഗവുമുണ്ടിവിടെ.

കൃഷി, പരിസ്ഥിതി, ആരോഗ്യ മേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉത്പന്ന നിര്‍മാണത്തിനാണ് അമ്പാടി ഗോശാല ഊന്നല്‍ നല്‍കുന്നത്. പഞ്ചഗവ്യം, സഞ്ജീവനി, ബീജാമൃതം, ജീവാമൃതം, ഘനജീവാമൃതം, കീടനിയന്ത്രക് ഇവയാണ് പ്രധാനമായും ഇവിടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇവ വിപണനവും ചെയ്യുന്നുണ്ട്.

ഇവയില്‍ കീടനിയന്ത്രക് ഒഴികെയുള്ള ഉത്പന്നങ്ങള്‍ കുപ്പികളില്‍ അടച്ചു സൂക്ഷിച്ചാല്‍ ഫലം ലഭിക്കാതെ വരുമെന്നതിനാല്‍ ആവശ്യാനുസരണം ഉണ്ടാക്കി നല്‍കുകയാണ് പതിവ്. ഏറെക്കാലം സൂക്ഷിച്ചുവച്ചു ഉപയോഗിക്കാവുന്ന അമ്പാടി ഗൗ പ്രോഡക്ട്സിന്റെ ഘനജീവാമൃതം പ്രധാന അഗ്രി ഷോപ്പുകളില്‍ ലഭ്യമാണ്. ഇതിന് പുറമേ അമ്പാടി ഗൗ പ്രോഡക്ട്സിന്റെ ഫ്ളോര്‍ ക്ലീനിങ്, ഡിഷ് ക്ലീനിങ് ഉത്പന്നങ്ങളും വിപണിയിലുണ്ട്.

വാറ്റിയെടുക്കുന്ന ഗോമൂത്രത്തില്‍ പ്രകൃതിദത്തമായ പൈന്‍, തുളസി, വേപ്പ്, യൂക്കാലിപ്റ്റസ് എന്നിവയുടെ സത്തും ചേര്‍ത്ത് നിര്‍മിക്കുന്ന ലോഷന്‍ ഒരു തരത്തിലുള്ള ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ശ്യാം പറയുന്നു.

ഇവയെക്കൂടാതെ ഒരു ഡെസനിലധികം ദൈനംദിന ആവശ്യങ്ങള്‍ക്കുപകരിക്കുന്ന ഉത്പന്നങ്ങള്‍, ഭസ്മം, സൗന്ദര്യ വര്‍ധക വസ്തുക്കളും നാടന്‍ പശുക്കളെ ഉപയോഗിച്ച് അമ്പാടി ഗോശാലയില്‍ നിര്‍മിക്കുന്നു. നാഗ്പൂരിലെ ഗോവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നാണ് ഈ സാങ്കേതിക വിദ്യകളൊക്കെ ശ്യാം സ്വന്തമാക്കിയത്.

നാടന്‍ പശു നാടിന് നന്മക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന അമ്പാടി ഗോശാല ഓരോ വീട്ടിലും ഒരു നാടന്‍ പശുവും, അതുവഴി കാര്‍ഷിക നന്മയും വരുമെന്ന് പ്രത്യാശിക്കുന്നു. അമിതമായ ആഹാരവും അമിത പരിചരണവും ആവശ്യമുള്ള അല്പായുസുക്കളായ വിദേശ ഇനങ്ങളുടെ ആധിക്യവും അവയുടെ ഗുണമേന്മയുള്ള ആഹാരവും കേരളത്തിലെ ആരോഗ്യ കാര്‍ഷിക മേഖലയില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല എന്നാണ് ശ്യാം വിശ്വസിക്കുന്നത്.

നാടന്‍ പശുവിന് പുറമേ അന്യംനിന്നുകൊണ്ടിരിക്കുന്ന നാടന്‍ പട്ടികളും (രാജപാളയം, ചിപ്പിപ്പാറ) നാടന്‍ മത്സ്യവും, രണ്ട് ഏക്കറില്‍ സമ്മിശ്ര കൃഷിയും (വാഴ, കപ്പ, കിഴങ്ങുവര്‍ഗങ്ങള്‍, പലയിനം പുല്ലുകള്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍), നാടന്‍ കോഴി, ആടുകള്‍, തേനീച്ച, ഔഷധ ചെടികളുമുണ്ട്. നാല് ഏക്കറില്‍ ജൈവ രീതിയില്‍ നെല്‍കൃഷിയും നടത്തുന്നു. സമൂഹമാധ്യമങ്ങളിലും ശ്യാം സജീവമാണ്.

ഫേസ് ബുക്കിലെ അമ്പാടി ഗോശാല എന്ന പേജിലൂടെയും ശ്യാം തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഭാര്യ രജനിയും മക്കളായ ഭരത്തും ഭൂമികയും ശ്യാമിന്റെ ഉദ്യമത്തില്‍ പങ്കാളികളാണ്. ഉയര്‍ന്ന വരുമാനമുള്ള ജോലിയേക്കാള്‍ മാനസിക സന്തോഷത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് ശ്യാമിന്റെ പക്ഷം.

ഫോണ്‍: 9539802133

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.