ഇടതു സര്‍ക്കാര്‍ മതഭീകരര്‍ക്കൊപ്പം

Saturday 7 October 2017 11:38 pm IST

ന്യൂദല്‍ഹി: ജിഹാദി ഭീകരര്‍ക്കൊപ്പമാണ് തങ്ങളുടെ മനസും പ്രവൃത്തിയുമെന്ന് തെളിയിച്ച് ഇടതു സര്‍ക്കാര്‍. വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. അഖിലയെ ഹാദിയയാക്കിയത് എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആഗസ്തില്‍ സുപ്രീംകോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ സംസ്ഥാനം എതിര്‍ത്തിരുന്നില്ല. എന്നാല്‍, വേങ്ങര ഉപതെരഞ്ഞെടുപ്പ് ചൂടിലായതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. മതംമാറ്റ ഭീകരതയ്ക്കു നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങള്‍ സത്യവാങ്മൂലത്തില്‍ ഏറ്റുപറയുന്നു സംസ്ഥാന സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. അഖില ജീവിക്കേണ്ടത് ഹാദിയയായിട്ടാണെന്ന് വി.എസ്. അച്യുതാനന്ദനും പ്രകാശ് കാരാട്ടും പറഞ്ഞിരുന്നു. ഇതിനു ചുവടുപിടിച്ചാണ് ജിഹാദി ഭീകരതയെ ശക്തമായി പിന്തുണച്ച് പിണറായി സര്‍ക്കാരും സിപിഎമ്മും മുന്നോട്ടുവന്നത്. എന്‍ഐഎ അന്വേഷണത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഷെഫീനും അഖിലയുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഷെഫീന്‍ നല്‍കിയ അപ്പീലിലാണ് എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. അഖിലയുടെ മതപരിവര്‍ത്തനം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചുവെന്നും എന്‍ഐഎക്ക് കൈമാറാനുള്ള കുറ്റങ്ങള്‍ കണ്ടെത്തിയില്ലെന്നും അഡീ. ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അഖില നിരന്തരമായി ബന്ധപ്പെട്ടിരുന്ന മതസ്ഥാപനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. അവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെയും ഷെഫീന്‍ ജഹാന്റെ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങളും ശേഖരിച്ചു. സാമ്പത്തിക ബന്ധങ്ങളും, വിദേശത്തേക്കു കടത്താന്‍ ശ്രമിച്ചെന്ന ആരോപണവും അന്വേഷിച്ചു. എന്നാല്‍, എന്‍ഐഎ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നതിനുള്ള വിവരങ്ങള്‍ ലഭിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അഖിലയുടെ മതംമാറ്റം ആസൂത്രിതമെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. അഖിലയെ മതംമാറ്റിയ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയും സത്യസരണിയും ചെര്‍പ്പുളശ്ശേരിയിലെ ആതിരയെയും മതംമാറ്റിയതായും എന്‍ഐഎ ചൂണ്ടിക്കാട്ടിയിരുന്നു. പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയത് ന്യായീകരിച്ചും അദ്ദേഹത്തിന്റെ ആത്മഹത്യ ചെയ്ത ഭാര്യയെ അധിക്ഷേപിച്ചും ഷെഫീന്‍ ജഹാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ചര്‍ച്ചയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടും ഷെഫീന്‍ ജഹാനും കുടുങ്ങുമെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ രക്ഷിക്കാനിറങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.