വെള്ളി ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ പട്ടിണിയില്‍

Saturday 7 October 2017 8:48 pm IST

മാന്നാര്‍: മാന്നാറിലെ വെളളി ആഭരണ നിര്‍മാണ തൊഴിലാളികള്‍ പട്ടിണിയില്‍. മഞ്ഞലോഹം പോലെ തന്നെ പ്രസിദ്ധമായിരുന്നു മാന്നാറിലെ വെളളി ആഭരണങ്ങള്‍. വിശ്വകര്‍മ്മജര്‍ വളരെ ചിട്ടയോടെ ശുദ്ധമായ വെള്ളിയിലായിരുന്നു ആഭരണങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുരട്ടിക്കാട്ടിലെ ഏത് വീടുകളില്‍ ചെന്നാലും സ്ത്രീകളും പുരുഷന്മാരും വെള്ളി ആഭരണ നിര്‍മ്മാണത്തിന്റെ തിരക്കിലായിരുന്നു. വരവ് വെള്ളി ആഭരണങ്ങളുടെ വരവോടെ നിര്‍മാണ തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലായി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞകൂലിയില്‍ നിര്‍മിച്ച് വരുന്നതായ വെള്ളി ആഭരണങ്ങള്‍ കച്ചവടക്കാര്‍ക്ക് വന്‍ രീതിയില്‍ കടം കിട്ടാന്‍ തുടങ്ങി. ഇതുമൂലം മാന്നാറിലെ വെള്ളി ആഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ നാമമാത്രമായി. ഇപ്പോഴും മാന്നാറില്‍ കൈ കൊണ്ട് വളരെ ചിട്ടയോടെ നിര്‍മിച്ചെടുക്കുന്ന ആഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിക്കാറുണ്ടെങ്കിലും ഇത് വളരെ കുറവാണ്. ഈ തൊഴില്‍ മാത്രം വശമുണ്ടായിരുന്ന പലരും കുടുംബം പോറ്റാനായി മറ്റു തൊഴിലുകള്‍ തേടി പോകേണ്ടി വന്നു. വെള്ളി ആഭരണങ്ങള്‍ നിര്‍മാണത്തിനാവശ്യമായ ചെറിയ മെഷീന്‍ പലരും ബാങ്കുകളില്‍ നിന്നും വായ്പക്ക് പണം എടുത്താണ് വാങ്ങിയത്. പണി കുറവായതോടെ പലരുടെയും വായ്പ തിരിച്ചടവ് മുടങ്ങി. മാന്നാറിലെ പൂക്കല കണ്ണി, ഒറ്റകണ്ണി, ഇരട്ട കണ്ണി, ചക്രകണ്ണി, കാത്തള എന്നിവയ്ക്ക് നല്ല ഡിമാന്റ് ഇപ്പോഴുമുണ്ട്. അതിപ്രഗത്ഭന്മാരായ വിശ്വകര്‍മജരാല്‍ ലോകം മുഴുവന്‍ പേരുകേട്ട മാന്നാറിലെ വെള്ളി ആഭരണ നിര്‍മ്മാണം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.