സൗഭാഗ്യ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Saturday 7 October 2017 9:20 pm IST

രാജ്യത്തെ ഗ്രാമീണ, നഗര മേഖലകളിലുള്ള എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 സെപ്റ്റംബര്‍ 25 ന് പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഗര്‍ യോജന - 'സൗഭാഗ്യ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാവര്‍ക്കും ഊര്‍ജ്ജലഭ്യത ഉറപ്പുവരുത്തുകയും, ഗ്രാമീണ-നഗര മേഖലകളിലെ ഇനിയും വൈദ്യുതിയെത്താത്ത എല്ലാ ഭവനങ്ങളിലും വൈദ്യുതി എത്തിച്ച് രാജ്യത്ത് സമ്പൂര്‍ണ്ണ ഭവന വൈദ്യുതീകരണം എന്ന നേട്ടം കൈവരിക്കുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ഏറ്റവും അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് വീട്ടിലേക്ക് ഒരു സര്‍വീസ് കേബിള്‍ വലിക്കുക, വൈദ്യുതി മീറ്റര്‍ സ്ഥാപിക്കുക, എല്‍ഇഡി ബള്‍ബോടുകൂടിയ സിംഗിള്‍ ലൈറ്റ് പോയിന്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് എന്നിവക്കുള്ള വയറിംഗ് നടത്തുക എന്നിവയാണ് വീടുകള്‍ക്കുള്ള വൈദ്യുതി കണക്ഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സര്‍വീസ് വയര്‍ വലിക്കാന്‍ വീടിനടുത്ത് ഇലക്ട്രിക് പോസ്റ്റ് ലഭ്യമല്ലെങ്കില്‍ കണ്‍ഡക്ടറും അനുബന്ധ ഉപകരണങ്ങളുമടക്കം ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കുന്നതും പദ്ധതിക്ക് കീഴില്‍ വരും. പാവപ്പെട്ട വീട്ടുകാര്‍ക്ക് തികച്ചും സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കും. മറ്റുള്ളവര്‍ക്ക് പദ്ധതിയുടെ കീഴില്‍ വെറും 500 രൂപ ഈടാക്കി വൈദ്യുതി കണക്ഷന്‍ നല്‍കും. വൈദ്യുതി ബില്ലിനോടൊപ്പം പത്തു തവണകളായാണ് വിതരണ കമ്പനികള്‍/വൈദ്യുതി വകുപ്പ് ഇത് ഈടാക്കുക. ഒരുവിഭാഗം ഉപഭോക്താക്കള്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയും ഈ പദ്ധതിയിലില്ല. ഉപയോഗിച്ച വൈദ്യുതിയുടെ ചാര്‍ജ്ജ് വിതരണ കമ്പനികളുടെ/വൈദ്യുതി വകുപ്പുകളുടെ നിലവിലുള്ള നിരക്കനുസരിച്ച് ഉപഭോക്താവ് നല്‍കണം.  എല്ലാവര്‍ക്കും മുഴുവന്‍ സമയം ഊര്‍ജ്ജം എന്നത് വൈദ്യുതിയുടെ എല്ലാ മേഖലകളും അതായത്, വൈദ്യുതി ഉല്‍പ്പാദനം, പ്രസരണം, വിതരണം, ഊര്‍ജ്ജക്ഷമത, വിതരണ കമ്പനികളുടെ ആരോഗ്യം എന്നിവയെല്ലാം ഉള്‍പ്പെടുത്തി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പിലാക്കിയ സംയുക്ത സംരംഭമായിരുന്നു. ഓരോ സംസ്ഥാനങ്ങളിലും സവിശേഷ പദ്ധതി രൂപരേഖയും കര്‍മ്മപരിപാടിയും നടപ്പിലാക്കിയാണ് അവിടങ്ങളിലെ എല്ലാവര്‍ക്കും മുഴുവന്‍ സമയം ഊര്‍ജ്ജമെത്തിക്കാന്‍ ശ്രമിച്ചത്. ഗ്രാമങ്ങളിലേയും ജനവാസകേന്ദ്രങ്ങളിലെയും അടിസ്ഥാന വൈദ്യുതി സൗകര്യങ്ങളൊരുക്കുക, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുക, നിലവിലുള്ള ഫീഡറുകള്‍/വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ മീറ്ററിങ് ചെയ്ത് ഗ്രാമീണ മേഖലയിലെ ഊര്‍ജ്ജ വിതരണത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുക എന്നതെല്ലാമാണ് ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി (ഡിഡിയുജിജെവൈ) ലക്ഷ്യമിട്ടിരുന്നത്. ഇതിനു പുറമെ, സംസ്ഥാന സര്‍ക്കാരുകള്‍ തിരഞ്ഞെടുക്കുന്ന, ദാരിദ്രരേഖക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയും സൗജന്യ വൈദ്യുതി കണക്ഷനും ഈ പദ്ധതിക്കു കീഴില്‍ നല്‍കിയിരുന്നു. അതേസമയം, വളരെ മുന്‍പുതന്നെ വൈദ്യുതിയെത്തിയ പല ഗ്രാമങ്ങളിലേയും വീടുകളില്‍ പല കാരണങ്ങള്‍കൊണ്ട് വൈദ്യുതി കണക്ഷന്‍ ഇല്ലായിരുന്നു. വളരെ പാവപ്പെട്ട പല വീട്ടുകാര്‍ക്കും ബിപിഎല്‍ കാര്‍ഡ് ഇല്ലായിരുന്നു. വൈദ്യുതി കണക്ഷനുള്ള ആരംഭ ചാര്‍ജ്ജ് അടയ്ക്കാന്‍ സാധിക്കാത്തവരായിരുന്നു ഈ വീട്ടുകാര്‍. വൈദ്യുതി കണക്ഷന്‍ എടുക്കുന്നതെങ്ങനെ എന്ന അവബോധവും കുറവായിരുന്നു. വൈദ്യുതി കണക്ഷന്‍ എടുക്കുന്നത് നിരക്ഷരര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലയിടത്ത് വീടിനടുത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്‍ായിരിക്കില്ല. അധികമായി പോസ്റ്റും കണ്‍ക്ടറും സ്ഥാപിക്കുന്ന ചെലവ് വീട്ടുകാരില്‍നിന്ന് ഈടാക്കേണ്ടിവരും. സമാനമായി സംയോജിത ഊര്‍ജ്ജ വികസന പദ്ധതി (ഐപിഡിഎസ്) നഗര പ്രദേശങ്ങളില്‍ വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നു. പക്ഷേ ചില വീടുകള്‍, അവര്‍ക്ക് പ്രാരംഭ കണക്ഷന്‍ ചാര്‍ജ്ജുകള്‍ അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ എടുത്തിട്ടില്ല. ഇത്തരം വിടവുകള്‍ അടയ്ക്കാനും പ്രവേശന തടസ്സം, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി എന്നിവ പരിഹരിക്കാനും, ഗ്രാമങ്ങളിലേയും നഗരങ്ങളിലെയും വൈദ്യുതിയെത്താത്ത വീടുകള്‍ വൈദ്യുതീകരിക്കാനുമായാണ് 'സൗഭാഗ്യ' നടപ്പിലാക്കുന്നത്. സൗഭാഗ്യ പദ്ധതിയുടെ ചെലവായ 16320 കോടി രൂപ ദീനയാല്‍ ഉപാധ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയില്‍ നടത്തിയ നിക്ഷേപത്തേക്കാള്‍ കൂടുതലാണ്. സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കുന്ന വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളുടെ (ഡിപിആര്‍) അടിസ്ഥാനത്തിലായിരിക്കും സൗഭാഗ്യ പദ്ധതിക്ക് കീഴിലെ പദ്ധതികള്‍ക്ക് അനുമതി നല്‍കുക. പദ്ധതിക്കുവേണ്ടി വേണ്ടി മുന്‍കൂറായി പണം അനുവദിക്കുന്നതല്ല . സംസ്ഥാന വൈദ്യുതി വിതരണ കമ്പനികള്‍ / ഊര്‍ജ്ജ വകുപ്പ് എന്നിവ തയ്യാറാക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര ഊര്‍ജ്ജ സെക്രട്ടറി നേതൃത്വം നല്‍കുന്ന അന്തര്‍മന്ത്രാലയ നിരീക്ഷണ സമിതി അനുമതി നല്‍കൂ. അനുമതി കിട്ടുന്ന പദ്ധതിയുടെ വൈദ്യുതീകരണ ജോലികള്‍ അതത് വൈദ്യുത വിതരണ കമ്പനികള്‍ / ഊര്‍ജ്ജ വകുപ്പ് നേരിട്ടോ, കരാര്‍ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഈ ജോലികള്‍ ചെയ്യാന്‍ ശേഷിയുള്ള മറ്റ് അനുയോജ്യമായ ഏജന്‍സികള്‍ മുഖേനയോ നിറവേറ്റും. കുടുംബങ്ങള്‍ക്കുള്ള വൈദ്യുതി കണക്ഷന്‍ നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ വെബ് പോര്‍ട്ടല്‍ / മൊബൈല്‍ ആപ്പ് തുടങ്ങിവ ഉപയോഗിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഗ്രാമങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ കമ്പ്യൂട്ടര്‍വഴി രജിസ്റ്റര്‍ ചെയ്ത്, അപേക്ഷകന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍/ ആധാര്‍/ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ ആവശ്യമായ രേഖകള്‍ ക്യാമ്പുകളില്‍ സമര്‍പ്പിച്ചാല്‍ വൈദ്യുതി കണക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാകും. ഗ്രാമീണ മേഖലയില്‍ ഗ്രാമപഞ്ചായത്ത് / പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്കും അപേക്ഷകള്‍ സ്വീകരിക്കാനും രേഖകള്‍ ഒത്തുനോക്കാനും, ബില്‍ വിതരണം, പണമടയ്ക്കല്‍ മുതലായവയ്ക്ക് അധികാരം നല്‍കും. കുടുംബം ഒന്നിന് ഒരു കിലോവാട്ട് ശരാശരി ലോഡ് പ്രതിദിനം എട്ട് മണിക്കൂര്‍ എന്ന് കണക്കാക്കിയാല്‍ ഏകദേശം 28,000 മെഗാവാട്ടിന്റെ അധിക വൈദ്യുതി വേണ്ടിവരും. പ്രതിവര്‍ഷം ഏകദേശം 80,000 ദശലക്ഷം യൂണിറ്റിന്റെ അധിക ഉപഭോഗവും ഉണ്ടാകും. ഇത് ചലനാത്മകമായ സംഖ്യയാണ്. വരുമാന വര്‍ദ്ധനയോടൊപ്പം വൈദ്യുതി ഉപയോഗിക്കുന്ന ശീലവുമാകുമ്പോള്‍ വൈദ്യുതിയുടെ ആവശ്യകതയില്‍ ഏറ്റകുറച്ചിലുണ്ടാകാം. അനുമാനങ്ങള്‍ മാറ്റിയാലും സംഖ്യയില്‍ വ്യത്യാസമുണ്ടാകും. വിദൂരസ്ഥവും എത്തപ്പെടാന്‍ ബുദ്ധിമുട്ടുമുള്ളതുമായ കുടുംബങ്ങള്‍ക്ക് 200 മുതല്‍ 300 വാട്ട് വരെ സംഭരണ ശേഷിയുള്ള ബാറ്ററികളോട് കൂടിയ സൗരോര്‍ജ്ജ പാക്കുകള്‍, അഞ്ച് എല്‍ഇഡി വിളക്കുകള്‍, ഒരു ഡിസി ഫാന്‍, ഒരു ഡിസി പവര്‍ പ്ലഗ്, എന്നിവ കൂടാതെ അറ്റകുറ്റപ്പണികളും നന്നാക്കലും അഞ്ച് വര്‍ഷത്തേക്ക് ലഭ്യമാകും. രാജ്യത്ത് വൈദ്യുതി ലഭ്യമല്ലാത്ത ഏകദേശം നാല് കോടി കുടുംബങ്ങളില്‍ ഗ്രാമീണ മേഖലയിലെ ഒരു കോടിയോളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇതിനകം ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ വൈദ്യുതി പദ്ധതി പ്രകാരം കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഗ്രാമീണ മേഖലയിലെ 250 ലക്ഷം കുടുംബങ്ങളും, നഗര പ്രദേശങ്ങളിലെ 50 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ മൊത്തം മുന്നൂറ് ലക്ഷം കുടുംബങ്ങള്‍ പദ്ധതിക്ക് കീഴില്‍ വരും. അനധികൃത കണക്ഷനുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും പ്രകാരം കൈകാര്യം ചെയ്യുന്നത് അതത് വൈദ്യുത വിതരണ കമ്പനികളും ഊര്‍ജ്ജ വകുപ്പുമാണ്. കുടിശ്ശിക വന്നതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ദൈനംദിന വീട്ടുകാര്യങ്ങളിലും മനുഷ്യന്റെ വികസനത്തിലും ഉള്‍പ്പെടെ വൈദ്യുതിയുടെ പ്രാപ്യത ജനജീവിതത്തിന്റെ ഗുണനിലവാരം നിശ്ചമായും വര്‍ദ്ധിപ്പിക്കും. ഒന്നാമതായി വൈദ്യതി ലഭ്യമാകുന്നതോടെ വെളിച്ചത്തിന്റെ ആവശ്യത്തിന് മണ്ണെണ്ണ ആവശ്യമില്ലാതാകും. ഇത് വീടുകള്‍ക്കുള്ളിലെ മലിനീകരണം കുറയ്ക്കുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കും. കൂടാതെ വൈദ്യുതി ലഭ്യമാകുന്നതോടെ രാജ്യത്തിന്റെ എല്ലാഭാഗത്തും കാര്യക്ഷമമായ ആധുനിക ആരോഗ്യ സേവനങ്ങള്‍ എത്തിക്കാനാകും. സൂര്യാസ്തമയത്തിനുശേഷം നല്ല വെളിച്ചം കിട്ടുന്നത് വ്യക്തിസുരക്ഷ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വര്‍ദ്ധിക്കും. സാമൂഹികവും, സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. വൈദ്യുതി ലഭ്യമാകുന്നതോടെ എല്ലായിടത്തും വിദ്യാഭ്യാസം അഭിവൃദ്ധിപ്പെടും. കുട്ടികള്‍ക്ക് കൂടുതല്‍ സമയം പഠിക്കാന്‍ ലഭിക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട തൊഴിലുകളില്‍ മുന്നേറാനും കഴിയും. വൈദ്യുതീകരിക്കപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് കൂടുതല്‍ പഠിക്കാന്‍ അവസരവും അതുവഴി വരുമാനം ഉണ്ടാക്കാനും കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.