ജനരക്ഷായാത്ര: ഇടതും വലതും ആടിനെ പട്ടിയാക്കരുത്

Saturday 7 October 2017 9:52 pm IST

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര തുടങ്ങിയ ശേഷം കേരളത്തിലെ ഇരുമുന്നണികള്‍ക്കും ഹാലിളകിയിരിക്കുകയാണ്. ജിഹാദി ഭീകരതയും ചുവപ്പന്‍ ഭീകരതയും ചൂണ്ടിക്കാട്ടിയുള്ള യാത്രയുടെ മുദ്രാവാക്യം മിണ്ടിപ്പോകരുതെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവും ഈ മുദ്രാവാക്യം കേരളത്തെ അപമാനിക്കുന്നതാണെന്നാണ് കണ്ടുപിടിച്ചത്. ഇതിനെ കക്ഷിഭേദമെന്യേ ചെറുക്കുമെന്നാണ് ഉമ്മന്‍ചാണ്ടി വീമ്പിളക്കിയത്. വേങ്ങര തെരഞ്ഞെടുപ്പിലാണ് ഇരുപക്ഷത്തിന്റെയും കണ്ണ്. ഒരു തിരഞ്ഞെടുപ്പുമില്ലാത്തപ്പോഴായിരുന്നു മാറാട് എട്ടുപേരെ അരിഞ്ഞു തള്ളിയത്. യുഡിഎഫും എല്‍ഡിഎഫും ഇരകള്‍ക്കൊപ്പമല്ല. വേട്ടക്കാര്‍ക്കൊപ്പം നിലകൊണ്ടു. നീതികിട്ടാന്‍ അഞ്ചുമാസം കുമ്മനം രാജശേഖരന് സഹനസമരം നടത്തേണ്ടിവന്നു. ഒടുവില്‍ കുമ്മനത്തിന്റെ കാലു പിടിച്ചാണ് മുഖ്യമന്ത്രി എ.കെ. ആന്റണി സമാധാനക്കരാര്‍ ഉണ്ടാക്കിയത്. മാറാട് ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്കെതിരെയാണ് ജിഹാദികള്‍ വാളോങ്ങിയതെങ്കില്‍ അതിന് മുമ്പ് നാദാപുരത്ത് മുസ്ലിങ്ങളുടെ നെഞ്ചത്ത് കത്തിയിറക്കിയത് ഞങ്ങളിലില്ല ഹൈന്ദവ രക്തമെന്ന് മുദ്രാവാക്യം വിളിക്കുന്ന സിപിഎം കാരാണ്. എട്ടുപേരുടെ ജീവന്‍ നഷ്ടപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തതാണ് നാദാപുരം സംഭവം. 1988 സപ്തംബര്‍ പതിനേഴിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി സംഘടിപ്പിച്ച കലാപം ദിവസങ്ങളോളം നീണ്ടു നിന്നു. 1985 മാര്‍ച്ച് ഇരുപത്തഞ്ചിന് കക്കട്ടിലെ പീടിക തൊഴിലാളി നമ്പോടന്‍കണ്ടി ഹമീദ് കൊലചെയ്യപ്പെട്ടത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് മൂന്നരവര്‍ഷം കഴിഞ്ഞ് നാദാപുരത്ത് സംഘര്‍ഷമുണ്ടാക്കിയത്. യുഡിഎഫ് ഭരണത്തില്‍ ഹമീദിന്റെ കൊലയാളികളെ പിടികൂടിയില്ല. ഇതിനെതിരെ സമരം നടത്തിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എല്‍ഡിഎഫ് ഭരണത്തിലെത്തിയാല്‍ ഈ കൊലക്കേസ് തെളിയിക്കുമെന്ന് വാക്കു നല്‍കി തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളുടെ വോട്ടുറപ്പാക്കി. ഇടത് മുന്നണി ഭരണത്തിലേറി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഹമീദിന്റെ കൊലയാളികളെ പിടികൂടാത്തതില്‍ രോഷം വര്‍ദ്ധിച്ചു. ഇതു മുതലാക്കാന്‍ മുസ്ലിംലീഗ് ആസൂത്രണം ചെയ്ത പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ നടുവിലേക്ക് പോലീസിന്റെ വിലക്ക് അവഗണിച്ച് സിപിഎം കാരനായ മേപ്പയൂര്‍ എംഎല്‍എ കണാരന്‍ ചെന്നതാണ് സംഘര്‍ഷത്തിന് വിത്തിട്ടത്. കണാരന്‍ സഞ്ചരിച്ച കാറിന് ലീഗ് പ്രകടനക്കാര്‍ കൊടിക്കമ്പുകൊണ്ടടിച്ചത് എംഎല്‍എ മര്‍ദ്ദിച്ചതായി വ്യാഖ്യാനിച്ചു. നാദാപുരം മണ്ഡലമാകെ സിപിഎം മൈക്ക് കെട്ടി പ്രചാരണം നടത്തി. അവര്‍ ആദ്യം ലീഗുകാര്‍ക്ക് നേരെ തിരിഞ്ഞു. പിന്നെയത് മുസ്ലിം വിരുദ്ധ വികാരമാക്കി. കണാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിക്കുക, പ്രതികരിക്കുക എന്നതായിരുന്നു സിപിഎം ആഹ്വാനം. പതിനേഴിന് രാത്രി മുതല്‍ തന്നെ സഖാക്കള്‍ പ്രതികരിച്ചു തുടങ്ങി. മാര്‍ക്‌സിസ്റ്റ് അദ്ധ്യാപക യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയായ കായക്കൊടി കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മേല്‍തന്നെയാണ് ആദ്യം കൈക്കരുത്ത് തെളിയിച്ചത്. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച് കക്കട്ട് അങ്ങാടിയില്‍ ചേര്‍ന്ന ബിഎംഎസ് പൊതുയോഗത്തില്‍ ഓടിയെത്തിയതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെട്ടു. പതിനെട്ടുമുതല്‍ അക്രമം വ്യാപകമായി. കല്ലാച്ചിക്കടുത്തുള്ള രണ്ട് മുസ്ലിം പള്ളികള്‍ ആക്രമിച്ചു. കമ്മങ്കോട്ട് മസ്ജിദുസ്സലാഹിയ, പഷ്ണം കുനിപള്ളി എന്നിവ തകര്‍ത്തു. പള്ളിക്കകത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തി. ഖുറാന്‍ പിച്ചിച്ചീന്തി കിണറ്റിലിട്ടു. പമ്പുസെറ്റ് തല്ലിപ്പൊളിച്ച് ദൂരെയെറിഞ്ഞു. മദ്രസ വക നൂറുകണക്കിന് കസേരയും ബെഞ്ചും അലമാരിയും കൂട്ടിയിട്ട് ചാമ്പലാക്കി. കല്ലാച്ചിയിലും വളയത്തും നിരവധി കടകള്‍ കൊള്ളയടിച്ചു. പോലീസ് ദൃക്‌സാക്ഷികളായി നിന്നു. പെരുമണ്ണൂരില്‍ സ്റ്റേഷനറി കട, കൂള്‍ബാര്‍, ഫര്‍ണിച്ചര്‍ കട എന്നിവ കുത്തിത്തുറന്നു. സ്റ്റേഷനറി കടയില്‍ നിന്ന് രാത്രി കൊള്ളയടിച്ച ഹോര്‍ലിക്‌സ് വാരി വലിച്ച് തിന്നുന്നതിനോടൊപ്പം വിം പൊടിയും അബദ്ധത്തില്‍ അകത്താക്കിയ സഖാക്കള്‍ക്ക് വയറിളക്കം ബാധിച്ച് ദിവസങ്ങളോളം പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. വാണിമേല്‍ പഞ്ചായത്തില്‍ നാളികേരം വെട്ടിയിട്ട് മിനി ലോറിയില്‍ കൊണ്ടുപോവുകയാണ് ചെയ്തത്. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങി. മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ മരിച്ച മുസ്ലിം കുടുംബങ്ങളേയും മുസ്ലിം അക്രമത്തില്‍ മരിച്ച മാര്‍ക്‌സിസ്റ്റ് കുടുംബങ്ങളേയും ആശ്വസിപ്പിക്കാന്‍ ബിജെപി നേതാക്കളാണ് ഓടിയത്. കോഴിക്കോട് നിന്ന് ദത്താത്രയ റാവുവിന്റെയും അഹല്യ ശങ്കറിന്റെയും നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ നാദാപുരത്ത് പര്യടനം നടത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ കെ.ജി. മാരാരും അവിടെ ഓടിയെത്തി. മാര്‍ക്‌സിസ്റ്റുകാരനായ മുസ്ലിമിനെപ്പോലും വെറുതെ വിടാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ തയാറായിട്ടില്ലെന്ന് സി.കെ. പത്മനാഭന്‍ കണ്‍വീനറായി രൂപീകരിച്ച ബിജെപിയുടെ വസ്തുതാന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉദാഹരണങ്ങള്‍ നിരത്തി വിവരിച്ചിട്ടുണ്ട്. മുസ്ലിം അക്രമങ്ങളില്‍ നിന്ന് രക്ഷനേടി മാര്‍ക്‌സിസ്റ്റുകാരനായ വളയം പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉറക്കമില്ലാതെ കാവലിരുന്നു. സംഘര്‍ഷം വ്യാപിച്ചത് നേട്ടമാക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെടുത്തുന്നതിനും സമാധാനം സൃഷ്ടിക്കുന്നതിനും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പ്രശംസിക്കപ്പെട്ടു. ഒക്‌ടോബര്‍ ഇരുപത്തേഴിന് മലയാള മനോരമ മുഖപ്രസംഗത്തില്‍ ഇത് എടുത്തു പറയുന്നുണ്ട്. ഒക്‌ടോബര്‍ ഇരുപത്തി രണ്ടിന് ലീഗ് എംഎല്‍എ പി. സീതി ഹാജി നാദാപുരം സംഭവത്തെ അപലപിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു. ''മലബാര്‍ പ്രദേശത്ത് മാര്‍ക്‌സിസ്റ്റ് കാപാലികന്മാരും ഒരു വിഭാഗം പോലീസുകാരും ചേര്‍ന്ന് കൊള്ളയും കൊള്ളിവയ്പും നടത്തുകയാണ്. ജനപ്രതിനിധികളെയും പാവപ്പെട്ട ജനങ്ങളെയും അവര്‍ തല്ലിച്ചതച്ചിട്ടു. എന്നിട്ടും അതിനെക്കുറിച്ചന്വേഷിക്കുന്നില്ല. ഇത്രയും ധാര്‍ഷ്ട്യം കാണിച്ചൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ലീഗിനോടുള്ള വിരോധം ഒടുവില്‍ മുസ്ലിം സമുദായത്തോടാക്കി മാറ്റിയതിന്റെ വ്യക്തമായ തെളിവാണ് ജനതാദളിലെയും കോണ്‍ഗ്രസിലെയും മുസ്ലിങ്ങളെ ആക്രമിച്ചതില്‍ നിന്ന് ലഭ്യമാകുന്നത്. മമ്മു എന്ന കോണ്‍ഗ്രസ്സുകാരന്റെ മരണം ഇതല്ലേ കാണിക്കുന്നുത്? ഇതൊരു ഹിന്ദു-മുസ്ലിം സംഘട്ടനമാക്കി അതെല്ലാം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള മാര്‍ക്‌സിസ്റ്റ് നീക്കം അപഹാസ്യമാണ്. കേരളത്തില്‍ ആര്‍എസ്എസുകാരോ ബിജെപിക്കാരോ ഞങ്ങളുടെ പള്ളി ആക്രമിച്ചിട്ടില്ല. 1971ല്‍ തലശ്ശേരിയില്‍ പള്ളി ആക്രമിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. ആര്‍എസ്എസില്‍ നിന്ന് മുസ്ലിങ്ങളെ രക്ഷിക്കുമെന്ന് പറയുന്ന നമ്പൂതിരിപ്പാടിന് ഇപ്പോഴെന്താണ് പറയാനുള്ളത്?'' സീതിഹാജിയുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരം നല്‍കിയിട്ടില്ല. ജനരക്ഷായാത്രയെ എതിര്‍ക്കുന്ന ഇടതും വലതും ആടിനെ പട്ടിയാക്കുകയാണ് (അവസാനിക്കുന്നില്ല)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.