കെഎസ്ആര്‍ടിസി കുത്തകവത്ക്കരണത്തില്‍ ജീവനക്കാര്‍ക്ക് ആശങ്ക

Saturday 7 October 2017 9:54 pm IST

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎം കെഎസ്ആര്‍ടിസിയെ കുത്തകവത്ക്കരിക്കാന്‍ നടത്തുന്ന നീക്കത്തില്‍ ജീവനക്കാര്‍ക്ക് ആശങ്ക. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സ്‌കാനിയ ബസ് ഓടിക്കാനുള്ള കരാറില്‍ ഒപ്പിട്ടതോടെയാണ് ഇടതുപക്ഷത്തിന്റെ ഈ നയത്തിന് തുടക്കമായത്. ദീര്‍ഘദൂര റൂട്ടുകളില്‍ ബസ് വാടകയ്‌ക്കെടുത്ത് സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി സ്‌കാനിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചു. സര്‍വ്വീസിന് കമ്പനിക്ക് കിലോമീറ്ററിന് 27 രൂപ നിരക്കില്‍ കെഎസ്ആര്‍ടിസി നല്‍കണം. ഡ്രൈവറെയും ഡ്രൈവറുടെ ശമ്പളവും കമ്പനി നല്‍കും. കണ്ടക്ടര്‍ കെഎസ്ആര്‍ടിസിയുടേതാകും. ഇന്ധനം കെഎസ്ആര്‍ടിസി നല്‍കുമ്പോള്‍ അറ്റകുറ്റപ്പണികള്‍ കമ്പനി ചെയ്യണം. കരാര്‍ കോര്‍പ്പറേഷന് ദോഷമുണ്ടാക്കുമെന്നും ഭാവിയില്‍ മറ്റ് സ്ഥാപനങ്ങളെയും കുത്തകകളെ ഏല്‍പ്പിക്കാന്‍ ഈ കരാര്‍ ആയുധമാക്കാമെന്നും ഇടതുപക്ഷ യൂണിയനില്‍പ്പെട്ട നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. യാത്രക്കാര്‍ കുറഞ്ഞാലും കരാര്‍ വ്യവസ്ഥയിലെ നിരക്ക് നല്‍കണം. സ്‌കാനിയ കമ്പനിക്ക് സ്വന്തമായി ഡ്രൈവര്‍മാരില്ല. പരിശീലനമാണ് കമ്പനി നല്‍കിവരുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സ്വകാര്യ ബസ്സുകളിലെ ഡ്രൈവര്‍മാരെയാണ് കമ്പനി കെഎസ്ആര്‍ടിസിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഈ നിയമനം കെഎസ്ആര്‍ടിസിയ്ക്ക് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കെഎസ്ആര്‍ടിസി യാത്രക്കാരുടെ ബുക്കിംഗ് സംവിധാനം, എവിടെ നിന്ന് കൂടുതല്‍ യാത്രക്കാര്‍ കയറുന്നു തുടങ്ങിയ വിവരങ്ങളെല്ലാം സ്വകാര്യ സര്‍വ്വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് ചോര്‍ത്താന്‍ കഴിയും. കരാര്‍ തുടരുന്നില്ലെങ്കില്‍ ഈ യാത്രക്കാരെയെല്ലാം സ്വകാര്യബസുകളിലേക്ക് കൊണ്ടുപോകാനും സ്വകാര്യ സര്‍വ്വീസുകാര്‍ക്ക് സാധിക്കും. കരാര്‍ തുടര്‍ന്നാല്‍ പൂതിയ ആഡംബര ബസ്സുകള്‍ വാങ്ങുന്നത് കെഎസ്ആര്‍ടിസി ഉപേക്ഷിക്കും. സംസ്ഥാനത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര റൂട്ടുകളിലും ഇത്തരത്തിലുള്ള കരാര്‍ വ്യവസ്ഥ നടപ്പിലാക്കിയാല്‍ ക്രമേണ കെഎസ്ആര്‍ടിസിയില്‍ സ്വന്തം വാഹനങ്ങളുടെ എണ്ണം കുറയും. ഇത് ജീവനക്കാര്‍ക്ക് ജോലി സാധ്യത നഷ്ടപ്പെടുത്തുകയും പുതിയ നിയമനങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. കരാറിനെ സിഐടിയുവിന് കീഴിലുള്ള കെഎസ്ആര്‍ടിഇഎ എതിര്‍ത്തിരുന്നെങ്കിലും കരാര്‍ ഒപ്പിടുന്ന വേദിയില്‍ യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ കെഎസ്ആര്‍ടിസി ബോര്‍ഡ് മെമ്പറുമായ ടി.കെ. രാജന്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.