ജനരക്ഷാ യാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍

Saturday 7 October 2017 10:49 pm IST

കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര 12ന് ജില്ലയില്‍ എത്തിച്ചേരും. രാവിലെ ജില്ലാ അതിര്‍ത്തിയായ നീര്‍പ്പാറയില്‍നിന്ന് യാത്രയെ വരവേല്‍ക്കും. കടുത്തുരുത്തിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് 2ന് യാത്ര ഏറ്റുമാനൂരില്‍ എത്തിച്ചേരും. 2.30ന് ഏറ്റുമാനൂര്‍, പാല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കും. വൈകിട്ട് 4ന് നെഹ്രു സ്റ്റേഡിയത്തിന് സമീപമുള്ള സമ്മേളന നഗരിയില്‍ യോഗംതുടങ്ങും. ആറ് മണിയോടെ പദയാത്ര എത്തിച്ചേരും. സമ്മേളനത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ്് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ, ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവര്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.13ന് യാത്ര കുമരകം വഴി ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. യാത്രയെ വരവേല്‍ക്കാന്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. നിയോജകമണ്ഡലം പഞ്ചായത്ത് തല യോഗങ്ങള്‍ 30ന് പൂര്‍ത്തിയായി. ഒക്ടോബര്‍ 4, 5 തീയതികളിലായി ജില്ലയിലെ 1162 ബൂത്തുകളില്‍ പ്രവര്‍ത്തക സമ്മേളനങ്ങള്‍ നടത്തി. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ നയിക്കുന്ന വിളംബര പദയാത്രകള്‍ നടന്നുവരുകയാണ്. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമാരനല്ലൂരില്‍നിന്നും കോട്ടയത്തേക്ക് വിളംബര പദയാത്ര നടത്തി. ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍നിന്നും കോട്ടയത്തേക്ക് 9ന് വിളംബര പദയാത്ര സംഘടിപ്പിക്കും. 8ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമാര്‍ നയിക്കുന്ന പദയാത്രകള്‍ എല്ലാ മണ്ഡലങ്ങളിലും നടക്കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ 10ന് സ്വച്ഛഭാരതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 11ന് അനാഥര്‍ക്ക് കിടക്കയും പുതപ്പും വിതരണവും നടത്തും. നിരാലംബരെ കണ്ടെത്തി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് ചങ്ങനാശ്ശേരിയില്‍ തുടക്കമിട്ടു. കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ 37 കര്‍ഷക സദസ്സുകള്‍ സംഘടിപ്പിച്ചു. 9, 10 തീയതികളില്‍ നാടന്‍ കലാജാഥകള്‍ സംഘടിപ്പിക്കും. ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പരിചമുട്ടുകളി, ദംകളി, വാഹന പ്രചാരണം നടത്തും. പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ 10ന് വൈക്കത്തുനിന്നും കോട്ടയത്തേക്ക് വാഹനപ്രചരണ ജാഥ. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 9ന് ഇരുചക്ര വാഹന റാലി എന്നിവ സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, ഇന്റലക്ച്വല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ എം.ആര്‍. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.