നെല്ല് സംഭരണം പ്രതിസന്ധിയില്‍ കര്‍ഷകരുടെ നെഞ്ചില്‍ തീ

Saturday 7 October 2017 10:50 pm IST

കോട്ടയം: നെല്ല് സംഭരണം സംബന്ധിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പൊളിഞ്ഞതോടെ കര്‍ഷകര്‍ ആശങ്കയിലായി. കൊയ്‌തെടുക്കുന്ന നെല്ല് കയറ്റി അയയ്ക്കാന്‍ കഴിയാതെ വരുമെന്ന ഉള്‍ഭയത്തിലാണ് കര്‍ഷകര്‍ ഒരോ ദിവസവും തള്ളി നീക്കുന്നത്. പ്രതിസന്ധി പരിഹരിക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച കര്‍ഷര്‍ വെട്ടിലായിരിക്കുകയാണ്. മില്ലുകാരുടെ ആവശ്യങ്ങള്‍ കൊയ്ത്തിന് മുമ്പ് ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വിരുപ്പൂ കൃഷിയുടെ നെല്ലാണ് പാടങ്ങളില്‍ പാകമാകുന്നത്. എന്നാല്‍ സംഭരണത്തിന് നാല് മി്ല്ലുകള്‍ മാത്രമാണ് തയ്യാറായിരിക്കുന്നത്. അതിനാല്‍ തന്നെ പാകമായ നെല്ല് കൊയ്ത് എടുത്താല്‍ കരയ്ക്ക് ഇരുന്ന് പോകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിരിപ്പൂ കൃഷിയുടെ നെല്ല് നല്‍കാന്‍ ജില്ലയില്‍ 9,000 കര്‍ഷകരാണ് സപ്ലൈക്കോയില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സീസണില്‍ മെച്ചപ്പെട്ട വിളവാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം 30,000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാന്‍ കഴിയുമെന്നാണ് സപ്ലൈക്കോ പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 53 മില്ലുകളാണ് നെല്ല് സംഭരണത്തിന് ഉണ്ടായിരുന്നത്. ഇതിന്റെ സ്ഥാനത്താണ് നാല് മി്ല്ലുകള്‍ മാത്രം എത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് മില്ലുകാര്‍ സംഭരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. നെല്ലിലെ ഈര്‍പ്പത്തിന് മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ് വേണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ പുഞ്ചകൃഷിക്കാലത്തും ഇതേ സമ്മര്‍ദ്ദം പ്രയോഗിച്ച് കര്‍ഷകരെ വലിയ തോതില്‍ ചൂഷണം ചെയ്തിരുന്നു. ഗത്യന്തരമില്ലാതെ കിട്ടിയ വിലയ്ക്ക് കര്‍ഷകര്‍ക്ക് കൊടുക്കേണ്ടി വന്നു. അതേ സമയം സര്‍ക്കാരിന്റെ മി്ല്ലുകള്‍ സംഭരണത്തിന് ഇറങ്ങുമെന്ന് പറഞ്ഞുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മൂന്നോ നാലോ മി്ല്ലുകള്‍ വിചാരിച്ചാല്‍ ടണ്‍ കണക്കിന് നെല്ല് മുഴുവന്‍ സംഭരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഈ നിസാഹയവസ്ഥയാണ് സ്വകാര്യ മില്ലുകാര്‍ മുതലെടുക്കുന്നത്. ഇവരെ സഹായിക്കാന്‍ സപ്ലൈക്കോയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുമുണ്ട്. നെല്ലിലെ ഈര്‍പ്പം അളക്കാന്‍ മൊബൈല്‍ ലാബ് സ്ഥാപിക്കുമെന്ന് സപ്ലൈക്കോ പറഞ്ഞതയായിരുന്നു. എന്നാല്‍ ഇത് ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു. മില്ലുകാര്‍ കൊണ്ടുവരുന്ന യന്ത്രം ഉപയോഗിച്ചാണ് ഇപ്പോഴും ഈര്‍പ്പം കണക്കാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.