സമരത്തിനൊരുങ്ങി സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി

Sunday 8 October 2017 11:08 am IST

പത്തനാപുരം: ദളിത് സാമൂഹ്യപ്രവര്‍ത്തകനും സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമായ പാതിരിക്കല്‍ സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പത്തനാപുരം പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജേന്ദ്രനോടുളള വ്യക്തിവിരോധംകൊണ്ട് വ്യാജക്കേസ് ചമച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഈ മാസം ഒന്നാം തീയതിയാണ് രാജേന്ദ്രനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസിനെതിരെ കടുത്ത ആരോപണവുമായി രാജേന്ദ്രന്റെ ഭാര്യയും മകളും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അച്ഛനെതിരെ മൊഴി നല്‍കിയതെന്നും കള്ളക്കേസിലാണ് അച്ഛനെ ജയിലിലിട്ടിരിക്കുന്നതെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. വീട്ടില്‍ മദ്യപിച്ച് ബഹളം വെച്ചതിനെത്തുടര്‍ന്ന് രാജേന്ദ്രന്റെ ഭാര്യ പരാതിയുമായി പത്തനാപുരം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിനിടെ തന്റെ ഒപ്പമുണ്ടായിരുന്ന മകളെ മണിക്കൂറുകളോളം മാറ്റി നിര്‍ത്തി, അച്ഛന്‍ പീഡിപ്പിച്ചെന്ന തരത്തില്‍ മൊഴി എടുക്കുകയായിരുന്നു എന്നാണ് ഭാര്യ പറയുന്നത്. അച്ഛന്‍ പീഡിപ്പിച്ചന്ന് മൊഴി നല്‍കിയാല്‍ ഇനിമുതല്‍ വീട്ടില്‍ മദ്യപിച്ചെത്തി ബഹളം വെക്കില്ലെന്ന് പോലീസ് പറഞ്ഞതായി പൊണ്‍കുട്ടിയും പറഞ്ഞു. സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഒരു താക്കീത് കൊടുക്കണമെന്ന് പറയാനാണ് പോയത്. പരാതി പോലീസ് തന്നെയാണ് എഴുതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു . അച്ഛന്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും മകള്‍ പറയുന്നു. പൊലീസ് പറയുന്ന പോലെ മൊഴി നല്‍കിയില്ലെങ്കില്‍ അച്ഛനെ ഒരിക്കലും പുറത്തുവിടില്ലെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കോടതിയില്‍ അച്ഛനെതിരെ രഹസ്യമൊഴി നല്‍കിയത്. ദളിത് വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് പൊലീസ് രാജേന്ദ്രനെതിരെ കള്ളക്കേസ് ചുമത്തിയതെന്നും കുടുംബം ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.