ബിജെപി ധര്‍ണ നടത്തി

Sunday 8 October 2017 11:09 am IST

കൊട്ടാരക്കര: വെട്ടിക്കവല സര്‍വീസ് സഹകരണ സംഘത്തിലെ സാമ്പത്തിക അഴിമതികള്‍ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സഹകരണ ബാങ്കിന് മുന്‍പില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതി പ്രസിഡന്റ് ബൈജു തോട്ടശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് വില്ലൂര്‍ സന്തോഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ചിട്ടി, പണയം, ലോണ്‍, വളം ഡിപ്പോ എന്നീ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും സമഗ്ര അന്വേഷണം വേണമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ 20 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ഭരണസമിതി തന്നെ സമ്മതിച്ച സ്ഥിതിക്ക് കഴിഞ്ഞ 15 വര്‍ഷത്തെയെങ്കിലും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും വില്ലൂര്‍ സന്തോഷ് ആവശ്യപ്പെട്ടു. വ്യാജവൗച്ചര്‍, അധികഫീസ് ഈടാക്കല്‍, സഹകരണ രജിസ്ട്രാര്‍ പ്രഖ്യാപിക്കുന്ന പലിശ ഇളവുകള്‍ സഹകാരികള്‍ക്കു നല്‍കാതിരിക്കുക, കഴിഞ്ഞ കാലങ്ങളില്‍ എഴുതിത്തള്ളിയ കാര്‍ഷികകടങ്ങള്‍ എന്നിവ പരിശോധിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. മുന്‍ സെക്രട്ടറി ആയിരുന്ന രാധാകൃഷ്ണപിള്ള ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടത്തിയിട്ടും 20 ലക്ഷം രൂപ തിരിച്ചടപ്പിച്ചു എന്നുള്ള ബാങ്ക് പ്രസിഡന്റിന്റെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ജാലവിദ്യ ആണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. രാധാകൃഷ്ണപിള്ളയുടെയും ഭരണസമിതിയുടെയും പേരില്‍ ക്രിമിനല്‍കുറ്റം ചുമത്തി നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് ബാബു, ഇരണൂര്‍ രതിഷ്, സന്ധ്യമോള്‍, സീതാ സുരേഷ്, പുഷ്പവല്ലി, സതീശക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.