കായംകുളം താപനിലയത്തില്‍ സൗരോര്‍ജ വൈദ്യുതിക്ക് പദ്ധതി

Sunday 8 October 2017 4:43 pm IST

ആലപ്പുഴ: കായംകുളം താപനിലയത്തില്‍ സൗരോര്‍ജത്തില്‍ നിന്ന് 15 മെഗാവാട്ട് വൈദ്യുതി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പദ്ധതി സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. പദ്ധതി നടപ്പായാല്‍ കുറഞ്ഞ യൂണിറ്റ് നിരക്കില്‍ വൈദ്യുതി ലഭിക്കും. കരയിലും വെള്ളത്തിലും സോളര്‍ പാനലുകള്‍ സ്ഥാപിച്ച് 170 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ ആദ്യ ഘട്ടമായി 15 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക കരയിലാണ്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് അഞ്ച് ഏക്കര്‍ സ്ഥലം വേണം. പദ്ധതി സ്ഥാപിക്കുന്നതിനു കരാര്‍ ഉറപ്പിച്ച ശേഷം കരാര്‍ തുകയുടെ അടിസ്ഥാനത്തിലാവും വൈദ്യുതി യൂണിറ്റ് നിരക്ക് നിശ്ചയിക്കുക. നാഫ്ത ഇന്ധനമായുള്ള കായംകുളം താപനിലയത്തിലെ വൈദ്യുതി നിലവിലുള്ള പവര്‍ പര്‍ച്ചേഴ്‌സ് കരാര്‍ പ്രകാരം കേരളത്തിനു മാത്രമേ ലഭിക്കുകയുള്ളു. എന്നാല്‍ പുതുതായി സ്ഥാപിക്കുന്ന സോളര്‍ പാനലുകളില്‍ നിന്നുള്ള വൈദ്യുതി ഇഷ്ടാനുസരണം ഏതു സംസ്ഥാനത്തിനും നല്‍കാന്‍ എന്‍ടിപിസിക്ക് അവകാശമുണ്ടാവും. കായംകുളം പദ്ധതിയില്‍ നിലവിലെ വൈദ്യുതി യൂണിറ്റ് നിരക്ക് ഉയര്‍ന്നതാണ്. എന്നാല്‍ സൗരോര്‍ജ പാനലുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്കു നിരക്കു താരതമ്യേന കുറഞ്ഞതാവും. നാഫ്ത ഇന്ധനമായുളള 350 മെഗാവാട്ട് ശേഷിയുള്ള പദ്ധതി രണ്ടര വര്‍ഷത്തിനുള്ളില്‍ 20 ദിവസം മാത്രമാണു പ്രവര്‍ത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.