സിപിഎമ്മിനെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി

Monday 9 October 2017 9:00 pm IST

ദല്‍ഹി എകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച്

ന്യൂദല്‍ഹി: കേരള സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഇടത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമൂടി ബിജെപി വലിച്ചുകീറും. ദല്‍ഹി സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി നടത്തിയ ജനരക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സിപിഎമ്മിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തും. കേരളവും ബിജെപി പിടിച്ചെടുക്കും. അദ്ദേഹം പറഞ്ഞു. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിംഗ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഭാട്യ തുടങ്ങിയവര്‍ സംബന്ധിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ടത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കേരളത്തിലെ ജനരക്ഷായാത്ര അവസാനിക്കുന്ന ഒക്ടോബര്‍ 17 വരെ എല്ലാ ദിവസവും എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ഞായറാഴ്ച അമിത് ഷാ ഉദ്ഘാടനം ചെയ്ത മാര്‍ച്ചില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. കൊലപാതക രാഷ്ട്രീയം ദേശീയതലത്തില്‍ വന്‍ ചര്‍ച്ചയായതോടെ മുഖംരക്ഷിക്കാന്‍ ബിജെപി ഓഫീസിലേക്ക് മാര്‍ച്ചുമായി സിപിഎം രംഗത്തെത്തി.

പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത് ഫാസിസമാണെന്ന് കഴിഞ്ഞ ദിവസം ബിജെപിയെ വിമര്‍ശിച്ച ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് സിപിഎമ്മിന്റെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.