പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

Thursday 6 September 2012 10:33 pm IST

കൊച്ചി: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഈ മാസം 12-ന്‌ രാവിലെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി അന്ന്‌ ഹോട്ടല്‍ ലേ മെറിഡിയനില്‍ ആരംഭിക്കുന്ന എമര്‍ജിങ്‌ കേരള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‌ തൃശൂരിലേക്കു പോകുന്ന അദ്ദേഹം അവിടെ കേരള കലാമണ്ഡലത്തില്‍ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. 13-ന്‌ രാവിലെ എറണാകുളത്ത്‌ കൊച്ചി മെട്രോ റെയില്‍ ശിലാസ്ഥാപന കര്‍മവും തുടര്‍ന്ന്‌ പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനവും നിര്‍വഹിക്കുന്ന പ്രധാനമന്ത്രി അന്ന്‌ തന്നെ ദല്‍ഹിക്ക്‌ മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ വിവിധ വകുപ്പുകള്‍ ചെയ്യേണ്ട നടപടികള്‍ സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ നിര്‍ദേശങ്ങള്‍ നല്‍കി. റോഡുകളുടെയും ഗസ്റ്റ്‌ ഹൗസ്‌, ഫൈന്‍ ആര്‍ട്സ്‌ ഹാള്‍ എന്നിവയുടെയും അറ്റകുറ്റപ്പണി ശനിയാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കാനാണ്‌ നിര്‍ദേശം. ദിശാ സൂചകങ്ങള്‍ ഇല്ലാത്ത പ്രധാന കേന്ദ്രങ്ങളിലെല്ലാം അവ സ്ഥാപിക്കും.
പ്രധാന റോഡുകളില്‍ തെരുവു വിളക്കുകള്‍ കത്തിക്കാനുളള നടപടി അടിയന്തരമായി സ്വീകരിക്കാന്‍ അദ്ദേഹം കെഎസ്‌ഇബി അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. എമര്‍ജിംഗ്‌ കേരളയുമായി ബന്ധപ്പെട്ട്‌ നഗരത്തിലും സമീപപ്രദേശങ്ങളിലും ദീപാലങ്കാരം നടത്താനും തീരുമാനമായിട്ടുണ്ട്‌.
മീഡിയനുകളിലെ കാടുപടലം വൃത്തിയാക്കാന്‍ നടപടി ഇതിനകം ആരംഭിച്ചതായി പൊതുമരാമത്ത്‌ വകുപ്പധികൃതര്‍ പറഞ്ഞു. പൊതുമരാമത്ത്‌ വകുപ്പ്‌, ദേശീയപാത അതോറിറ്റി, കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റ്‌, നഗരസഭകള്‍ എന്നിവയുടെ കീഴിലുളളതാണ്‌ പ്രധാന റോഡുകള്‍. അവ അതാത്‌ ഏജന്‍സികള്‍ തന്നെ അറ്റകുറ്റപ്പണി നടത്തി സുസജ്ജമാക്കും.
കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ്‌ ചീഫ്‌ ഇന്‍ചാര്‍ജ്‌ ഗോപാലകൃഷ്ണപിളള, സ്പെഷ്യല്‍ ബ്ലാഞ്ച്‌ എസ്‌.പി മുരളീധരന്‍ നായര്‍, സബ്‌ കളക്ടര്‍ സ്വാഗത്‌ ഭണ്ഡാരി രണ്‍ബീര്‍ചന്ദ്‌, അസി.കളക്ടര്‍ ഗോകുല്‍, എഡിഎം ബി.രാമചന്ദ്രന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല വിവിധ വകുപ്പ്‌ മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.