1921 കലാപം ആദ്യ ജിഹാദി കൂട്ടക്കുരുതി: കുമ്മനം

Monday 9 October 2017 11:24 pm IST

എടപ്പാള്‍: മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കലാണ്. കലാപത്തിന്റെ നൂറു വര്‍ഷം ആചരിക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ പദ്ധതിയിടുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. അതനുവദിക്കില്ല. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിനോട് സഹകരിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനരക്ഷാ യാത്രയുടെ ഭാഗമായി എടപ്പാളില്‍, ജിഹാദി ഭീകരതയ്ക്കിരയായ ചേകന്നൂര്‍ മൗലവിയുടെ വീട്ടിലെത്തിയ കുമ്മനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 1921ലെ കലാപത്തില്‍ ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു പലായനം ചെയ്യേണ്ടി വന്നു. ഇഎംഎസ്സിന്റെ കുടുംബത്തിനുള്‍പ്പെടെ ഓടിപ്പോകേണ്ടിവന്നു. വര്‍ഗീയ കലാപത്തെ ചരിത്രകാരന്മാര്‍ തെറ്റായി വ്യാഖ്യാനിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതുമെന്ന് വ്യക്തമാക്കണം. അന്നത്തെ അവസ്ഥയെ മഹാകവി കുമാരനാശാന്‍ ദുരവസ്ഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവത്ക്കരിക്കുകയാണ് ചിലര്‍. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും, എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടത്. ഇനിയെങ്കിലും സത്യം തുറന്നുപറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയാറാകണം. മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും തെറ്റിനുമെതിരെ പ്രതികരിച്ചതിനാണ് ജിഹാദികള്‍ ചേകന്നൂര്‍ മൗലവിക്കെതിരായതെന്ന് കുമ്മനം പറഞ്ഞു. ചേകന്നൂര്‍ കൊല്ലപ്പെട്ടതാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും ഇനിയും അദ്ദേഹത്തിന്റെ മൃതദേഹം പോലും കണ്ടെത്തിയിട്ടില്ല. അതിനാല്‍ ദുരൂഹത നീങ്ങിയിട്ടുമില്ല. ദുരൂഹത നീക്കാനും ഗൂഢാലോചന പുറത്തുകൊണ്ടുവരാനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ചേകന്നൂര്‍ കേസിലെ അന്വേഷണം തുടരണം. മലപ്പുറം ജില്ലയില്‍ ജിഹാദി ഭീകരര്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ പലതും മൂടിവയ്ക്കപ്പെട്ടു. ജിഹാദി ഭീകരതയെയും ചുവപ്പു ഭീകരതയെയും തുടച്ചു നീക്കാനുള്ള കര്‍മ്മപദ്ധതിയാണ് ആവശ്യം. ലക്ഷ്യം നേടും വരെ പോരാട്ടം തുടരുമെന്നും കുമ്മനം പറഞ്ഞു. https://www.facebook.com/kummanam.rajasekharan/videos/1300816763361441/

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.