സൈനികരെ പിന്നില്‍ നിന്ന് ആക്രമിക്കാന്‍ ശ്രമം: ഒ. രാജഗോപാല്‍

Monday 9 October 2017 1:46 pm IST

തിരുവനന്തപുരം: കാശ്മീരിലടക്കം ശത്രുക്കളോട് പൊരുതുന്ന സൈനികരെ പിന്നില്‍ നിന്ന് ആക്രമിക്കാനാണ് രാജ്യത്തിനകത്തുള്ള ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പൂര്‍വ സൈനിക് സേവാപരിഷത്തിന്റെ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യസ്‌നേഹവും കര്‍ത്തവ്യവും പൗരന്മാരില്‍ ഉത്‌ബോധിപ്പിക്കാന്‍ പൂര്‍വസൈനികര്‍ക്കേ സാധിക്കൂ. രാജ്യവിരുദ്ധ ശക്തികള്‍ക്ക് എതിരെ രാജ്യസ്‌നേഹത്തിന്റെ ഭാവന ഉണര്‍ത്താന്‍ സക്രിയമായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വഴിതെറ്റിയ ഏതാനും യുവാക്കള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ രാജ്യത്തെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവണത മുളയിലെ നുള്ളിക്കളയേണ്ടതാണ്. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് മേജര്‍ ധനപാലന്‍ ഉദ്ഘാടനം ചെയ്തു. സുന്ദരേശന്‍ അദ്ധ്യക്ഷത വഹിച്ചു. യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെയും വിശിഷ്ട വ്യക്തികളെയും ആദരിച്ചു. ആധുനിക ഇന്ത്യയുടെ ചരിത്രമാണ് സൈനികരെ ആദരിക്കലിലൂടെ വ്യക്തമാകുന്നതെന്ന് ആശംസകളര്‍പ്പിച്ച് ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പറഞ്ഞു. പലപ്പോഴും രാജ്യത്ത് ദുര്‍ബലരായ ഭരണാധികാരികള്‍ ഒന്നിനു പുറകെ ഒന്നായി വന്നിട്ടും ശത്രുക്കള്‍ക്ക് രാജ്യത്തില്‍ നിന്ന് ഒരുപിടിമണ്ണുപോലും കൊണ്ടുപോകാന്‍ സാധിക്കാത്തത് സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ്. നമ്മുടെ പാഠ്യപദ്ധതിയില്‍ സൈന്യത്തിന്റെ വിജയഗാഥകള്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎസ്എസ്പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സേതുമാധവന്‍, സംസ്ഥാന സെക്രട്ടറി മൗട്ടത്ത് ഉണ്ണിത്താന്‍, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പി. ഗിരീഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപന്‍, പിഎസ്എസ്പി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ബി. പത്മകുമാര്‍, ജില്ലാ രക്ഷാധികാരി ക്യാപ്റ്റന്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.