വേങ്ങര നല്‍കുന്ന വ്യക്തമായ സൂചന

Monday 9 October 2017 8:33 pm IST

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലോ നിലവിലുള്ള നിയമസഭയിലെ ബലാബലത്തിലോ വലിയ മാറ്റങ്ങളൊന്നും സൃഷ്ടിക്കാന്‍  കഴിയുന്നതല്ല. എന്നാല്‍  പ്രചാരണ രംഗത്ത് ഇരു മുന്നണികളുടെയും പ്രചാരണരീതികള്‍ കേരള രാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന വന്‍ മാറ്റങ്ങളുടെ തുടക്കമായി കണക്കാക്കാം. മുസ്ലിംലീഗിനും പ്രത്യേകിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കും വേണ്ടി പാകപ്പെടുത്തിയെടുത്ത മണ്ഡലമെന്നാണ് വേങ്ങരയ്ക്കുണ്ടായിരുന്ന വിശേഷണം. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും മേല്‍ക്കൈയുള്ള രാഷ്ട്രീയപാര്‍ട്ടിയായി ബിജെപി നിര്‍ണ്ണായക വളര്‍ച്ചയിലെത്തിയിട്ടില്ല. വേങ്ങര മണ്ഡലത്തിലെ പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നത് ബിജെപിയാണ്. ഇരു മുന്നണികളും പ്രചാരണത്തിന്റെ കുന്തമുന തിരിച്ചുവച്ചിരിക്കുന്നത് ബിജെപിക്കെതിരെയാണ്.കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ തങ്ങള്‍ക്കു മാത്രമേ സാധ്യമാകൂ എന്ന രീതിയിലാണ് ഇരുമുന്നണികളുടെയും മത്സരിച്ചുള്ള പ്രചാരണം. സംസ്ഥാനത്ത് ബിജെപി മുന്നേറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഇരു മുന്നണികളും അംഗീകരിച്ചുകഴിഞ്ഞു. ഈ അര്‍ത്ഥത്തില്‍ വരാനിരിക്കുന്ന കേരള രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ വേങ്ങര നല്‍കുന്നു. ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാവുന്നത് ഈ സവിശേഷ സാഹചര്യത്തിലാണ്.ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭമാവാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രക്ഷോഭം, പ്രചാരണം, സഹകരണം, സംയുക്തമുന്നണി എന്ന നിലയിലാണ് പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ രൂപപ്പെടുന്ന രീതി. ഈ നിലക്ക് സിപിഎം തന്നെ ഒരു ചുവട് മുന്നേറിക്കഴിഞ്ഞു. നേരത്തെ മുസ്ലിം ലീഗ് സ്വതന്ത്ര നിലപാട് എടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടതെങ്കില്‍, ഇത്തവണ യുഡിഎഫുമായി യോജിച്ച് സമരം ചെയ്യാമെന്ന നിലയിലെത്തിയിരിക്കുന്നു.ഇരുധ്രുവങ്ങളിലായി നിലയുറപ്പിച്ച മുന്നണി രാഷ്ട്രീയത്തിന്റെ നാളുകള്‍ ഇനി ഏറെയില്ലെന്നതാണ് വേങ്ങര നല്‍കുന്ന സൂചന. ഭൂരിപക്ഷം നേടി ഭരണത്തിലെത്തിയിട്ടും തങ്ങളുടെ നില കേരളത്തില്‍ ഏറെ ഭദ്രമല്ലെന്ന തിരിച്ചറിവ് സിപിഎമ്മിനെ വേട്ടയാടുകയാണ്. കേരള രാഷ്ട്രീയ രംഗത്ത് മാത്രമല്ല പൊതുമണ്ഡലത്തില്‍ തന്നെ തങ്ങളാണ് അജണ്ട നിശ്ചയിക്കുന്നതെന്ന് അഹങ്കരിച്ച സിപിഎം നേരിടുന്ന തിരിച്ചടി ഏറെ കനത്തതാണ്. ഇന്ന് ബിജെപി നിശ്ചയിക്കുന്ന അജണ്ടയനുസരിച്ച് രാഷ്ട്രീയ പരിപാടികള്‍ക്ക് രൂപംനല്‍കേണ്ട അവസ്ഥയിലേക്ക് മാറാന്‍ സിപിഎം നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു.ന്യൂനപക്ഷ വര്‍ഗ്ഗീയത ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് ഇരു മുന്നണികളും. മലപ്പുറം നല്‍കുന്ന രാഷ്ട്രീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ തന്നെയാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അവികസിത മണ്ഡലമാണ് വേങ്ങര. വികസനത്തിന്റെ വെളിച്ചം എത്തിനോക്കാത്ത ഇരുണ്ട ഇടങ്ങളില്‍ മതമൗലികവാദത്തിനും യാഥാസ്ഥിതിക മനോഭാവത്തിനും പിന്തുണ  നല്‍കി തങ്ങളുടെ ലക്ഷ്യം വിജയിപ്പിച്ചെടുക്കാമെന്ന മോഹമാണ് മുന്നണികളെ നയിക്കുന്നത്. നാടിന്റെ എല്ലാ അര്‍ത്ഥത്തിലുള്ള വികസനക്കുതിപ്പിനും രാജ്യം നല്‍കിക്കൊണ്ടിരിക്കുന്ന അംഗീകാരം ഈ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാന്‍ വേങ്ങരയിലെ വോട്ടര്‍മാര്‍ തയ്യാറാകണം. ആരെങ്കിലും നിശ്ചയിക്കുന്ന ചിഹ്നങ്ങള്‍ക്ക് വോട്ടു കുത്താനുള്ള യന്ത്രങ്ങളല്ല തങ്ങളെന്ന് ഇരു മുന്നണികളെയും  ബോധ്യപ്പെടുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്.