സിപിഎം സമ്മേളനങ്ങള്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ലോക്കല്‍ സമ്മേളനങ്ങള്‍ 15ന് തുടങ്ങും

Monday 9 October 2017 8:34 pm IST

സ്വന്തം ലേഖകന്‍ കോട്ടയം: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി 15ന് ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കടുത്ത പ്രതികരണങ്ങളാണ് നേതൃത്വത്തിനെതിരെ താഴെത്തട്ടുകളില്‍ നിന്ന് ഉയരുന്നത്. കോട്ടയത്തെ ജില്ലാ കമ്മറ്റി ആഫീസില്‍ പാര്‍ട്ടി സെക്രട്ടറിയെ കാണണമെങ്കില്‍ പ്രവര്‍ത്തകര്‍ അടിയാന്മാരെപ്പോലെ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന ആക്ഷേപങ്ങള്‍ പോലും പല ബ്രാഞ്ചുകളില്‍ നിന്നും ഉയരുകയുണ്ടായി. ഇത് വ്യാപകമായതോടെ വിമര്‍ശകരെയും നേതാക്കളെയും നിരീക്ഷിക്കാന്‍ പ്രത്യേക ഷാഡോ ഗ്രൂപ്പുകളും നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതാണ് സിപിഎം പ്രാദേശിക സമ്മേളനങ്ങളിലെ ഇത്തവണത്തെ പ്രത്യേകത. ഇതിന് പുറമേ ബിഎസ്എന്‍എല്ലിലെ ഇടത് സഹയാത്രികരായ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഫോണ്‍ ചോര്‍ത്തലുകളും നടക്കുന്നുണ്ടെന്ന് പാര്‍ട്ടിയുടെ സജീവാംഗത്വമുള്ളവര്‍ പോലും സമ്മതിക്കുന്നുണ്ട്. ബ്രാഞ്ച് തലങ്ങളിലേക്കാളും കടുത്ത പ്രതികരണങ്ങള്‍ ലോക്കല്‍ സമ്മേളനങ്ങളിലുണ്ടാകുമെന്ന സൂചനകള്‍ നേതൃത്വത്തിന് ലഭ്യമായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രത്യേക നിരീക്ഷണ ഗ്രൂപ്പുകളെ പ്രതിരോധത്തിനായി സജ്ജമാക്കിയിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശ്വസ്തരായ രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കാണ് ഷാഡോ ഗ്രൂപ്പിന്റെ ചുമതല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പാര്‍ട്ടി നേതൃത്വം ജനങ്ങളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും അകന്നുകഴിഞ്ഞതായ വിലയിരുത്തലുകളാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം, പൂഞ്ഞാര്‍ നിയോജക മണ്ഡലം ഉള്‍പ്പെടെയുള്ള ചിലയിടങ്ങളില്‍ വോട്ടുകള്‍ ചോര്‍ന്നതും, പ്രബലനായ ഉമ്മന്‍ ചാണ്ടിക്കെതിരെ രാഷ്ട്രീയത്തിലെ കന്നിക്കാരനായ ജെയ്ക്കിനെ മത്സരിപ്പിച്ചതിലെ ഔചിത്യങ്ങളൊക്കെ സിപിഎം സമ്മേളനങ്ങളില്‍ അണികള്‍ ഉയര്‍ത്തുന്നുണ്ട്. ജില്ലയുടെ ചുമതലക്കാരനായ സംസ്ഥാന നേതാവിനെ വരുതിയില്‍ നിര്‍ത്തിയുള്ള കാര്യങ്ങളാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌ന സാധ്യതയുള്ള ഏരിയാ കമ്മറ്റികളെ നിരീക്ഷിക്കാനും പാമ്പാടിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന രഹസ്യയോഗത്തില്‍ തീരുമാനമായതായിട്ടാണ് സൂചന. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ഒരു ജില്ലാ കമ്മിറ്റിയംഗം, പുതുപ്പള്ളി ഏരിയാ സെക്രട്ടറി എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി തലത്തിലുള്ള ശുപാര്‍ശകളും, സഹായങ്ങളും പരമാവധി വിശ്വസ്തരായ നേതാക്കള്‍ പറയുന്ന മുറയ്ക്ക് ചെയ്തുകൊടുക്കാനും ധാരണയായിട്ടുണ്ട്. മത്സര സാധ്യതകളുള്ള ഏരിയാ കമ്മറ്റികള്‍ ഏതൊക്കെയാണെന്നും യോഗം വിലയിരുത്തി. കോട്ടയം, പുതുപ്പള്ളി, പാലാ, വൈക്കം, തലയോലപ്പറമ്പ്, പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റികളില്‍ മത്സരസാദ്ധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഷാഡോ ഗ്രൂപ്പ് പ്രത്യേക നിരീക്ഷണം നടത്തും. ജനപ്രിയ പദ്ധതിയായ നദീസംയോജനവുമായി രംഗത്തെത്തിയിട്ടുള്ള പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ജില്ലാ നേതൃത്വം തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നേടുകയെന്ന ലക്ഷ്യത്തിലുള്ള അനില്‍കുമാറിന്റെ നീക്കങ്ങളെ തടയിടുകയെന്ന ലക്ഷ്യത്തില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ നദീസംയോജന പരിപാടികളില്‍ പങ്കാളികളാവരുതെന്ന രഹസ്യ നിര്‍ദ്ദേശങ്ങളും താഴേത്തട്ടിലേക്ക് പോയിട്ടുണ്ട്. കെ. സുരേഷ് കുറുപ്പ് എംഎല്‍എയെ പോലുള്ള മുതിര്‍ന്ന നേതാവിനെ പോലും ഉള്‍പ്പെടുത്താതെ സിപിഎം നിയന്ത്രണത്തിലുള്ള അഭയം പാലിയേറ്റീവ് സൊസൈറ്റി ഒരു ഗ്രൂപ്പിന്റെ കൈവശമാണെന്ന ആക്ഷേപങ്ങളും ഇതിനൊപ്പം ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.