നേരിട്ട് നെല്ല് സംഭരിക്കാനുള്ള സപ്ലൈക്കോയുടെ നീക്കം പൊളിഞ്ഞു

Monday 9 October 2017 8:44 pm IST

കോട്ടയം: മില്ലുകാരുടെ സമരം നേരിടാന്‍ സപ്ലൈക്കോ നേരിട്ട് നെല്ല് സംഭരിക്കാന്‍ നടത്തിയ നീക്കം പൊളിഞ്ഞു. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാന്‍ ഗോഡൗണുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മില്ലുകള്‍ മുഖേന സംഭരണം തുടങ്ങാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഓയില്‍ പാം ഇന്ത്യയുടെ വെച്ചൂര്‍ മില്ല് ഉള്‍പ്പെടെയുള്ളവ നെല്ല് കുത്തരിയാക്കി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ തയ്യാറല്ല. സ്വന്തം ബ്രാന്‍ഡില്‍ അരി വിപണനം ചെയ്യാനാണ് ഇവര്‍ക്ക് താത്പര്യം. നേരിട്ട് നെല്ല് സംഭരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അടഞ്ഞതോടെ മില്ലുകാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് സപ്ലൈക്കോ വഴങ്ങുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാണ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞ ശേഷം സപ്ലൈക്കോ വീണ്ടും ഇന്നലെ മില്ലുകാരുമായി ചര്‍ച്ച നടത്തിയത്. സപ്ലൈക്കോയ്ക്ക് നെല്ല് സംഭരിക്കാനുള്ള യാതൊരു സംവിധാനങ്ങളും നിലവിലില്ല. നേരിട്ട് സംഭരിക്കണമെങ്കില്‍ വാഹനം, തൊഴിലാളികള്‍, ഗോഡൗണ്‍ എന്നിവ വേണം ഇതിനുളള സൗകര്യങ്ങള്‍ സപ്ലൈക്കോയ്ക്ക് ഇല്ല. മില്ലുകാര്‍ സഹകരിച്ചില്ലെങ്കില്‍ ചെറുകിട മില്ലുകാരുടെ സഹകരണം തേടാനാണ് ശ്രമം. അതേസമയം കോട്ടയം ജില്ലയില്‍ നിന്ന് മാത്രം 30,000 ടണ്‍ നെല്ല് സംഭരിക്കണം. ഗുണമേന്മ പരിശോധനയെ ചൊല്ലിയാണ് മില്ലുകാര്‍ സംഭരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. കുത്തിയെടുത്ത നെല്ല് സപ്ലൈക്കോയുടെ ഗോഡൗണില്‍ എത്തിച്ച് പരിശോധിക്കണമെന്ന നിര്‍ദ്ദേശം മില്ലുകാര്‍ തള്ളിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. കുട്ടനാട്, അപ്പര്‍കുട്ടനാട് എന്നിവിടങ്ങളില്‍ നിന്ന് സംഭരിക്കുന്ന നെല്ല് ഉപയോഗിച്ച് കുത്തിയെടുക്കുന്ന അരി ബ്രാന്‍ഡ് ചെയ്ത് വിദേശത്തേക്ക് മില്ലുകാര്‍ കയറ്റി അയയ്ക്കുകയാണെന്നാണ് സപ്ലൈക്കോ അധികൃതര്‍ പറയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അരിയാണ് റേഷന്‍ കടകടളില്‍ കൂടി വിതരണത്തിന് എത്തിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.