ഭൂമി തട്ടിപ്പ് : അന്വേഷണം ഇഴയുന്നു

Monday 9 October 2017 8:55 pm IST

                     കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി

പ്രാഥമിക പരിശോധനയില്‍ത്തന്നെ കുറിഞ്ഞി ഉദ്യാനത്തില്‍ ഭൂമാഫിയയുടെ സാന്നിധ്യം വ്യക്തമാക്കുന്ന തെളിവുകളുണ്ട്. തമിഴ് പട്ടികജാതിക്കാരായ ആളുകള്‍ക്ക് കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 58 -ലെ ഭൂമിക്ക് എല്‍.എ 03/2001, എല്‍.എ 04/2001, എല്‍.എ 05/2001, എല്‍.എ 06/2001, എല്‍.എ 07/2001, എല്‍.എ 08/2001, എല്‍.എ 09/2001, എല്‍.എ 10/2001, എന്നീ നമ്പറുകളില്‍ വിതരണം ചെയ്ത എട്ട് പട്ടയങ്ങള്‍ കുറിഞ്ഞി ഉദ്യാന പ്രദേശത്തെ വ്യാജ പട്ടയങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. എട്ട് പട്ടയങ്ങളും തമിഴ് പട്ടികജാതിക്കാര്‍ക്കാണ് ലഭിച്ചത്.

പട്ടയം ലഭിച്ചതിന് ഒന്നര മാസത്തിനുശേഷം ഒരേ തീയതിയില്‍ ജോര്‍ജ് ജോസഫ് പാലിയത്ത് എന്നയാളുടെ പേരിലേക്ക് സര്‍വ്വമുക്ത്യാര്‍ ഒപ്പിട്ടുനല്‍കി. സര്‍വ്വമുക്ത്യാര്‍ ലഭിച്ച ജോര്‍ജ് ജോസഫ് പ്രസ്തുത എട്ട് പട്ടയങ്ങളില്‍ ഉള്‍പ്പെട്ട 32ഏക്കര്‍ ഭൂമിയും സ്വന്തം കുടുംബത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുതന്നെ വില്‍പന നടത്തിയതായി കാണുന്നത് അടുത്തടുത്ത രണ്ട് തീയതികളിലാണ്. കൂടാതെ സര്‍വ്വെ മുക്ത്യാറുകള്‍ പരിശോധിച്ചതില്‍ പട്ടയകക്ഷിയുടേതായി സര്‍വ്വ മുക്ത്യാറില്‍ കാണുന്ന ഒപ്പും പട്ടയത്തിലെ ഒപ്പും വ്യത്യസ്തമാണ്. ഇപ്രകാരം ഭൂമി കൈവശപ്പെടുത്തിയവരില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജും ഉള്‍പ്പെടും.

ഈഭൂമി തട്ടിപ്പിനെക്കുറിച്ച് ദേവികുളം സ്വദേശി മുകേഷ്, കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍പ്പെടുന്ന ദേവികുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി മുക്കിയ പോലീസ് നിയമ നടപടി ഭയന്ന് ജോയിസ് ജോര്‍ജിനെതിരെ കേസെടുത്തു. അന്വേഷണ ചുമതല മൂന്നാര്‍ ഡിവൈഎസ്പിക്ക് നല്‍കി. മൂന്നാര്‍ ഡിവൈഎസ്പിയായിരുന്ന പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം സ്വകാര്യ വ്യക്തിയുടെ ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കി.

പ്രഫുല്ലചന്ദ്രനുശേഷം മെറിന്‍, അനിരുദ്ധന്‍ എന്നീ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ചു. 2001 കാലത്ത് പട്ടയം നല്‍കിയ നമ്പര്‍ വണ്‍, നമ്പര്‍ ടു രജിസ്റ്റര്‍ എന്നിവ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. പട്ടയ രജിസ്റ്ററില്‍നിന്ന് ഈ പേജുകള്‍ കീറിമാറ്റിയ നിലയിലായിരുന്നു. റീസര്‍വ്വേ രേഖകളും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പട്ടയത്തിലെ ഒപ്പും വിരലടയാളവും പരിശോധിക്കാനുള്ള നടപടികളും പാതി വഴിയിലാണ്. കൊട്ടാക്കമ്പൂര്‍ ഭൂമിതട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസിലെ രാഷ്ട്രീയ ഇടപെടല്‍

2005-ല്‍ പാലിയത്ത് ജോര്‍ജ്ജും കുടുംബവും വഞ്ചിച്ചതായും തങ്ങളുടെ പേരില്‍ പട്ടയം സമ്പാദിച്ചത് അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും കാണിച്ച് ബാലന്‍, മുരുകന്‍, ഗണേഷന്‍ എന്നിവര്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും പിന്നീട് ഇവരെ മറ്റ് തരത്തില്‍ സ്വാധീനിച്ച് നിശബ്ദരാക്കുകയായിരുന്നു.

ജോര്‍ജ്ജ് ജോസഫ് പാലിയത്ത് തടിയമ്പാട് എന്നയാളും കുടുംബവും നടത്തിയ ഭൂമിതട്ടിപ്പ് നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ നടത്തിയിട്ടുളള ഭൂമിതട്ടിപ്പുകള്‍ക്ക് ഒരു ഉദാഹരണം മാത്രമാണ്. പെരുമ്പാവൂര്‍ സ്വദേശിയും സിപിഎം നേതാവുമായ റെജി എന്നയാള്‍ ഷാജി സലിം, ബാബു പോള്‍, ഡെന്നി തോമസ് തുടങ്ങിയവരുടെ പേര്‍ക്ക് വനവാസികളുടെ പക്കല്‍ നിന്നും 35 ഓളം പവര്‍ ഓഫ് അറ്റോര്‍ണികള്‍ ഒറ്റദിവസംകൊണ്ട് പെരുമ്പാവൂര്‍ കുറുപ്പംപടിയുളള സബ്‌രജിസ്ട്രാര്‍ ഓഫീസില്‍വച്ച് ഒപ്പിട്ടു വാങ്ങി. ഇതുവഴി കൈമാറ്റത്തിന് അവകാശം സമ്പാദിച്ച് റോയല്‍ അഗ്രിക്കള്‍ച്ചര്‍ കമ്പനിയുടെ പേരിലേക്ക് ദേവികുളം സബ് രജിസ്ട്രാറുടെ മുമ്പാകെ തീറാധാരം രജിസ്റ്റര്‍ ചെയ്ത് 100 ഏക്കറിലധികം ഭൂമി കൈവശപ്പെടുത്തിയതും മറ്റൊരു ഉദാഹരണമാണ്.

പെരുമ്പാവൂരിലെ ഒരുകോണ്‍ഗ്രസ് നേതാവിനും കൊട്ടാക്കമ്പൂരില്‍ ഭൂമിയുണ്ട്. ഇത്തരത്തില്‍ ശക്തമായ രാഷ്ട്രീയ പിന്‍ബലമുള്ളവരുടെ നീക്കങ്ങളാകാം കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനത്തെ പിന്നോട്ടു വലിക്കുന്നത്.

(നാളെ: കുറിഞ്ഞിച്ചെടി നശിപ്പിക്കാന്‍ ഗ്രാന്റീസ് നട്ട് കൈയേറ്റം)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.