ലോകകപ്പ് ഫുട്‌ബോള്‍: പോളണ്ടിന് യോഗ്യത

Monday 9 October 2017 11:09 pm IST

വാഴ്‌സൗ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിലേക്ക് പോളണ്ടിന് യോഗ്യത. ഗ്രൂപ്പ് ഇയില്‍ നടന്ന അവസാന മത്സരത്തില്‍ മോണ്ടനെഗ്രോയെ 4-2ന് പരാജയപ്പെടുത്തിയാണ് പോളണ്ട് റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. 2006നുശേഷം ആദ്യമായാണ് പോളണ്ട് ലോകകപ്പിലേക്ക് യോഗ്യത നേടിയത്. ആറാം മിനിറ്റില്‍ മക്‌സിന്‍സ്‌കി, 16-ാം മിനിറ്റില്‍ കമില്‍ ഗ്രോസിസ്‌കി, 86-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ പോളണ്ടിനായി ഗോള്‍നേടി. നാലാം ഗോള്‍ 89-ാം മിനിറ്റില്‍ ഫിലിപ്പ് സ്‌റ്റോകോവിക്കിന്റെ സെല്‍ഫായിരുന്നു. 78-ാം മിനിറ്റില്‍ മുഗോസ, 83-ാം മിനിറ്റില്‍ നിക്കോള വുക്‌സേവിക്ക് എന്നിവര്‍ മോണ്ടനെഗ്രോയുടെ ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്ക് 1-1ന് റുമാനിയയുമായി സമനില പിടിച്ചു. ഗ്രൂപ്പ് സിയില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനി അപരാജിതരായി യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അസര്‍ബെയ്ജാനെ തകര്‍ത്ത് തുടര്‍ച്ചയായ 10-ാം വിജയമാണ് നേടിയത്. ജര്‍മ്മനിക്കായി ലിയോണ്‍ ഗൊരറ്റ്‌സ്‌ക രണ്ട് ഗോള്‍ നേടി. സാന്റോ വാഗ്‌നര്‍, അന്റോണിയോ റൂഡിഗര്‍, എംറെ കാന്‍ എന്നിവരാണ് ജര്‍മ്മനിക്കായി ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്ക് 5-0ന് സാന്‍മരിനോയെയും നോര്‍വേ 1-0ന് വടക്കന്‍ അയര്‍ലന്‍ഡിനെയും കീഴടക്കി. നേരത്തെ യോഗ്യത നേടിയ ഇംഗ്ലണ്ടും വിജയത്തോടെ ഗ്രൂപ്പ് എഫിലെ പോരാട്ടം അവസാനിപ്പിച്ചു. ലിത്വാനിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. 26-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്‌നാണ് വിജയഗോള്‍ നേടിയത്. മറ്റ് കളികളില്‍ സ്ലൊവാക്യ 3-0ന് മാള്‍ട്ടയെ തോല്‍പ്പിച്ചപ്പോള്‍ സ്ലൊവേനിയ-സ്‌കോട്ട്‌ലന്‍ഡ് കളി 2-2ന് സമനിലയില്‍ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.