ആവേശം വിതറി കരിമ്പനയുടെ നാട്ടില്‍

Monday 9 October 2017 11:14 pm IST

 ജനരക്ഷായാത്ര പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കുന്നു

എടപ്പാള്‍: മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കും സ്ത്രീസ്വാതന്ത്ര്യമില്ലായ്മയ്ക്കും എതിരെ സംസാരിക്കുകയും എഴുതുകയും ചെയ്തിന് ജിഹാദികള്‍ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയ പണ്ഡിതനും പരിഷ്‌കരണവാദിയുമായിരുന്ന ചേകന്നൂര്‍ മൗലവിയുടെ വീട്ടില്‍ നിന്ന്, അദ്ദേഹത്തിന്റെ ചിത്രത്തില്‍ പൂക്കളര്‍പ്പിച്ചാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനരക്ഷാ യാത്രയുടെ ഏഴാം നാള്‍ തുടങ്ങിയത്.

ഇസ്ലാമികപണ്ഡിതനും മികച്ച പ്രാസംഗികനുമായിരുന്ന ചേകന്നൂര്‍ മൗലവിയെ 1993 ജൂലൈ 29നാണ് കാണാതായത്. മതപ്രഭാഷണത്തിന് എന്ന പേരില്‍ ചിലര്‍ വിളിച്ചു കൊണ്ടുപോയി. വധിക്കപ്പെട്ടുവെന്ന് പിന്നീട് വ്യക്തമായെങ്കിലും 25 വര്‍ങ്ങള്‍ക്കിപ്പുറവും ഉത്തരം കിട്ടാത്ത നിരവധി സംശയങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് ചേകന്നൂര്‍ മൗലവിയുടെ തിരോധാനം. ഖുറാനെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വ്യാഖ്യാനമാണ് ചിലരെ കൂടുതല്‍ ചൊടിപ്പിച്ചത്.

കേസന്വേഷിച്ച സിബിഐ ഒന്‍പത് പ്രതികളെ കോടതിക്ക് മുന്നില്‍ എത്തിച്ചു. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് ഒരു പ്രതി മാത്രം. ഒന്നാം പ്രതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടി. മൗലവിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയ ആള്‍ ഉള്‍പ്പടെയുളളവരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതേ വിട്ടു. സിബിഐ പ്രതികളില്‍ ചിലരെ കണ്ടെത്തിയെങ്കിലും മൗലവിക്കേസിലെ ദുരൂഹത നീക്കാന്‍ അവര്‍ക്കും കഴിഞ്ഞിട്ടില്ല. മൗലവിയോട് വെറുപ്പും എതിര്‍പ്പുമുണ്ടായിരുന്നത് മുസ്ലീം സമുദായത്തിലെ തീവ്രവാദികള്‍ക്കാണ്. ജിഹാദികള്‍ അദ്ദേഹത്തെ അപായപ്പെടുത്തിയെന്ന നിഗമനത്തിലാണ് അന്വേഷകര്‍.

ജിഹാദി-ചുവപ്പു ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനരക്ഷായാത്ര നയിക്കുന്ന കുമ്മനം രാജശേഖരന്‍ ചേകന്നൂരിന്റെ തിരോധാനത്തെക്കുറിച്ചുള്ള നിഷ്പക്ഷ അന്വേഷണത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളില്‍ മുന്നിലുണ്ടായിരുന്നു. യാത്ര ഏഴാംനാള്‍ തുടങ്ങിയത് ചേകന്നൂരിന്റെ ഓര്‍മ്മകള്‍ക്കൊപ്പമായത് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്ന് കുമ്മനം പറഞ്ഞു. ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

എടപ്പാളില്‍ നിന്ന് പാലക്കാട് ജില്ലയിലേക്കായിരുന്നു യാത്ര. അതിര്‍ത്തിയായ നീലിയോട് നൂറുകണക്കിന് പ്രവര്‍ത്തകര്‍ യാത്രാനായകനെ കാത്തു നിന്നു.
പട്ടാമ്പിയിലെത്തിയ യാത്രക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സമ്മേളനമായിരുന്നു അവിടെ. വൈകിട്ട് മൂന്നു മണിയോടെ മുണ്ടൂരെത്തുമ്പോള്‍ അവിടെ ജനസമുദ്രമായിരുന്നു. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരും എത്തിയിരുന്നു.

മുണ്ടൂരുനിന്ന് പാലക്കാട്ടേക്കുള്ള 13 കിലോമീറ്റര്‍ പദയാത്രയായിരുന്നു. പതിനായിരങ്ങളാണ് പദയാത്രയില്‍ അണിചേര്‍ന്നത്. യാത്രയില്‍ കുമ്മനം രാജശേഖരനൊപ്പം ദേശീയവക്താവ് ഷാനവാസ് ഹുസൈന്‍ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ എന്നിവരും കേരള നേതാക്കളും പദയാത്രയില്‍ പങ്കെടുത്തു. ആവേശജ്ജ്വലമായ സ്വീകരണമാണ് പദയാത്രയ്ക്ക് ലഭിച്ചത്. പദയാത്രയുടെ മുന്‍നിര കോട്ടമൈതാനത്ത് അവസാനിക്കുമ്പോഴും പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.