പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി: മുരളീധര്‍ റാവു

Monday 9 October 2017 11:18 pm IST

പാലക്കാട്ട് കോട്ടമൈതാനത്ത് ജനരക്ഷാ യാത്രയുടെ പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍, ദല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍റാവു, ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴ് ഇസൈ സൗന്ദര്‍രാജന്‍ എന്നിവരെ ഹാരമണിയിക്കുന്നു.

പട്ടാമ്പി: രാജ്യത്തെ ഒടുവിലത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധരറാവു. ബംഗാളില്‍ സിപിഎം ഇല്ലാതായി. ത്രിപുരയില്‍ അടുത്ത തെരഞ്ഞെടുപ്പോടെ സിപിഎം ഭരണത്തിന് അവസാനമാകും. കേരളത്തിലും ഇനി സിപിഎം അധികാരത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കേരളത്തിലെ ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ജനരക്ഷാ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം അപകടത്തിലാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യമാണിവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനായി കേരളത്തില്‍ ബിജെപി നടത്തുന്ന പോരാട്ടത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ട്. ദേശീയ ഐക്യം അപകടത്തിലായപ്പോഴെല്ലാം ബിജെപിയും അതിനോടനുബന്ധിച്ചുള്ള പ്രസ്ഥാനങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. കാശ്മീരിനു വേണ്ടി ശ്യാമപ്രസാദ് മുഖര്‍ജി ജീവന്‍ബലിയര്‍പ്പിച്ചു.
ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ദീനദയാല്‍ ഉപാധ്യായക്കും ജിവന്‍ നഷ്ടമായി.

അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യത്തിനെതിരായ പോരാട്ടം അടല്‍ബിഹാരി വാജ്‌പേയിയുടെയും എല്‍.കെ. അദ്വാനിയുടെയും നേതൃത്വത്തിലായിരുന്നു. ജനാധിപത്യം ഭീഷണി നേരിടുന്ന അവസരത്തിലെല്ലാം പ്രക്ഷോഭത്തിനിറങ്ങിയ ബിജെപി കേരളത്തിലും പ്രക്ഷോഭത്തിലാണ്. ഇത് ജനരക്ഷാ യാത്ര അവസാനിക്കുന്നതോടെ തീരുന്നതല്ല. കമ്മ്യൂണിസ്റ്റ് ഭീകരതയെ തുടച്ചു നീക്കും വരെ തുടരുമെന്നും മുരളീധരറാവു പറഞ്ഞു.

കേരളത്തില്‍ സിപിഎം കൊലചെയ്യുന്നത് പാവപ്പെട്ടവരെയും ദളിതരെയുമാണ്. അവരുടെ ജീവത്യാഗം നിഷ്ഫലമാകില്ല. ജനാധിപത്യ സംരക്ഷണത്തിനായി കമ്യൂണിസ്റ്റുകള്‍ പുറത്താക്കപ്പെടുക തന്നെ ചെയ്യും. നരേന്ദ്രമോദി ഭരണം അക്രമത്തിനും വിഘടനവാദത്തിനുമെതിരാണ്. രാജ്യപുരോഗതിയും പാവങ്ങളുടെ ഉന്നമനവുമാണ് ലക്ഷ്യമെന്നും മുരളീധര്‍റാവു പറഞ്ഞു.

സ്വീകരണത്തിന് യാത്രാനായകന്‍ കുമ്മനം രാജശേഖരന്‍ മറുപടി പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. ജയന്‍ അധ്യക്ഷത വഹിച്ചു. ദശീയ വക്താവ് ഷാനവാസ്ഹുസൈന്‍, നേതാക്കളായ വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാസുരേന്ദ്രന്‍, റിച്ചാര്‍ഡ് ഹെ, എന്‍.ശിവരാജന്‍, സി. കൃഷ്ണകുമാര്‍, അഡ്വ: ബി.ഗോപാലകൃഷ്ണന്‍, വി.ടി. രമ, നാരായണന്‍നമ്പൂതിരി, രാജിപ്രസാദ്, ജില്ലാ മേഖലാ മണ്ഡലം ഭാരവാഹികളായ അഡ്വ: കൃഷ്ണദാസ്, പൂക്കാട്ടിരി ബാബു, കെ.എം ഹരിദാസ്, കെ.വി.ദിവാകരന്‍’ അഡ്വ: പി.മനോജ്, വി.രാമന്‍കുട്ടി ,പ്രൊ.വി.ടി.രമ, എം.പി.മുരളീധരന്‍, ഗോപി പൂവക്കോട്, പി.ടി.വേണുഗോപാല്‍, രാജന്‍, ദിനേഷ് എറവക്കാട് വി.പി ചന്ദ്രന്‍ (ബിഡിജെഎസ്) എന്നിവര്‍ പങ്കെടുത്തു. ഇരുപത്തിയഞ്ച് വര്‍ഷമായി ആംബുലന്‍സ് രംഗത്ത് സന്നദ്ധ സേവനം നടത്തുന്ന പട്ടാമ്പി അലിയെ ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ ആദരിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.