അനന്തപുരി ഒരുങ്ങുന്നു; ജനരക്ഷായാത്രയെ വരവേല്ക്കാന്‍

Tuesday 10 October 2017 2:24 pm IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയെ വരവേല്ക്കാന്‍ അനന്തപുരിയിലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. യാത്രയെ വരവേല്ക്കുന്നതിനുള്ള കമാനങ്ങളും ബോര്‍ഡുകളും നഗരത്തില്‍ എല്ലായിടത്തും സ്ഥാനംപിടിച്ചു. യാത്ര തലസ്ഥാനത്ത് എത്തുന്നതിന് മുന്നോടിയായിട്ടുള്ള വിളംബരജാഥകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇരുന്നൂറ് വിളംബര ജാഥകളാണ് തലസ്ഥാന ജില്ലയിലെ മണ്ഡലങ്ങളില്‍ നടത്തുന്നത്. ഒക്‌ടോബര്‍ 14 വരെ ഗ്രാമങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് ബൈക്ക് റാലികളും പദയാത്രകളും നടക്കും. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ അമ്പത് കാല്‍നട പ്രചാരണജാഥകള്‍ നടത്തുന്നുണ്ട്. കാല്‍നട പ്രചാരണജാഥയുടെ ഉദ്ഘാടനം നീറമണ്‍കരയില്‍ ഇന്ന് വൈകിട്ട് 5.30 ന് മഹിളാ മോര്‍ച്ച അഖിലേന്ത്യാ ജനറല്‍സെക്രട്ടറി വിക്‌ടോറിയ ഗൗരി നിര്‍വഹിക്കും. ജാഥ കാലടിയില്‍ സമാപിക്കും. തുടര്‍ന്ന് 14 വരെ എല്ലാ മണ്ഡലങ്ങളിലും മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രചാരണജാഥകള്‍ നടക്കും. 17 ന് തലസ്ഥാനത്ത് എത്തുന്ന ജാഥയ്ക്ക് പ്രൗഢഗംഭീരസ്വീകരണമാണ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. ശ്രീകാര്യത്ത് നിന്ന് ജാഥയെ സ്വീകരിച്ച് ആനയിക്കും. ശ്രീകാര്യത്തിനും പട്ടത്തിനും ഇടയ്ക്ക് വച്ച് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ ജാഥയില്‍ അണിചേരും. വന്‍ ജനസാഗരമായിരിക്കും ജാഥയില്‍ അണിചേരുക. യാത്ര വൈകിട്ട് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെ സമാപിക്കും. യാത്രയില്‍ പങ്കെടുക്കാനുള്ള പ്രവര്‍ത്തകര്‍ക്ക് വാഹനങ്ങള്‍ കിട്ടാതായതോടെ നാഗര്‍കോവില്‍, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള നടപടി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ സമാപന പരിപാടിയല്‍ പങ്കെടുക്കുമെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.