മോദിസര്‍ക്കാരിന്റെ പുതുവര്‍ഷസമ്മാനം ചെന്നെയിലേക്ക് തീവണ്ടി സര്‍വീസ്

Tuesday 10 October 2017 2:36 pm IST

പുനലൂര്‍: മോദിസര്‍ക്കാരിന്റെ നവവത്സരസമ്മാനമായി കൊല്ലം-ചെങ്കോട്ട റയില്‍പാതയിലൂടെ ചെന്നെയിലേക്ക് തീവണ്ടി സര്‍വീസ് ആരംഭിക്കും. ഗേജ്മാറ്റപ്രവര്‍ത്തിയില്‍ ശേഷിച്ച ന്യൂആര്യങ്കാവ് മുതല്‍ ഇടമണ്‍വരെയുള്ള ഭാഗം പൂര്‍ത്തീകരിച്ച് വിജയകരമായി നടത്തിയ പരീക്ഷണഓട്ടത്തിന് ശേഷം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചതാണിത്. ഡിസംബറില്‍ത്തന്നെ ലൈന്‍ കമ്മീഷന്‍ ചെയ്യുമെന്നതിന്റെ തെളിവാണിതെന്ന് എംപി പറഞ്ഞു. ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍വരെയുള്ള 21 കിലോമീറ്റര്‍ദൂരം പരിശോധന നടത്തി. ഇതോടെ പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരണഘട്ടത്തിലായി. നാലാംഘട്ട പാക്കിങ് ജോലിയും റയില്‍വേ സേഫ്റ്റികമ്മീഷണറുടെ പരിശോധനയുമാണ് അവശേഷിക്കുന്നത്. രാവിലെ 10.30ന് ചെങ്കോട്ടയില്‍ നിന്ന് പുറപ്പെട്ട എഞ്ചിന്‍ 11.05ന് ന്യൂ ആര്യങ്കാവിലെത്തി. 11.20ന് അവിടെ നിന്ന് ആരംഭിച്ച പരിശോധനാ ഓട്ടം കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കല്‍ എന്നീ സ്റ്റേഷനുകള്‍ പിന്നിട്ട് 1.15ന് ഇടമണില്‍ എത്തി. ന്യൂആര്യങ്കാവ്, തെന്മല, ഇടമണ്‍ സ്റ്റേഷനുകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു പരീക്ഷണഓട്ടം. 21 കിലോമീറ്ററിനുള്ളില്‍ 800 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഏഴ് ടണലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ടണലുകളുടെ നിര്‍മ്മാണം ഉണ്ടായിരുന്നതിനാല്‍ മറ്റ് റീച്ചുകളേക്കാള്‍ കൂടുതല്‍ സമയം ന്യൂ ആര്യങ്കാവ് -ഇടമണ്‍ റീച്ചിന്റെ നിര്‍മ്മാണത്തിനായി വേണ്ടിവന്നു. ഗേജ്മാറ്റ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്ന മുഴുവന്‍ ട്രെയിനുകളും പുതിയതായി പന്ത്രണ്ട് ട്രെയിനുകളും ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും റയില്‍വേയുടെ സജീവ പരിഗണനയിലാണ്. കൊല്ലം-ചെങ്കോട്ട പരമ്പരാഗത വിനോദസഞ്ചാര റയില്‍വേലൈനായി പ്രഖ്യാപിക്കുന്നതിനുള്ള ആവശ്യവും പുനലൂര്‍ സ്റ്റേഷന്‍ തീര്‍ത്ഥാടക റയില്‍വേസ്റ്റേഷനായി വികസിപ്പിക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. എന്‍കെ.പ്രേമചന്ദ്രന്‍ എംപി, ദക്ഷിണറയില്‍വേ നിര്‍മാണവിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി. ശങ്കരനാരായണന്‍, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ്ബാബു, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ലൈലജ, എന്‍. ഗോപിനാഥപിള്ള, വിജയമ്മ ലക്ഷ്മണന്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരീക്ഷണഓട്ടത്തിന് വരവേല്‍പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.