മരുന്നുകളുടെ ചെലവ് സര്‍ക്കാര്‍ തിരികെ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tuesday 10 October 2017 2:39 pm IST

കൊല്ലം: അനസ്‌തേഷ്യയിലെ പിഴവ് കാരണം 25 വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടക്കുന്ന ആശ്രയപദ്ധതിയുടെ ഗുണഭോക്താവായ യുവാവിന് പുറത്തു നിന്നും വാങ്ങിയ മരുന്നുകളുടെ തുക തിരികെ നല്‍കാന്‍ ഗ്രാമപഞ്ചായത്തും മെഡിക്കല്‍ ഓഫീസറും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പേരയം പടപ്പക്കര ചരുവിള വീട്ടില്‍ എഡേ്വര്‍ഡ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. എഡേ്വര്‍ഡിന്റെ മകന് പേരയം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിക്കാതിരുന്ന മരുന്നുകള്‍ പുറത്തു നിന്നും വാങ്ങിനല്‍കിയിരുന്നു. മകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തതു കാരണം ജപ്തിഭീഷണി നേരിടുന്ന തനിക്ക് മരുന്നുകള്‍ വാങ്ങിയ വകയില്‍ ചെലവായ തുക തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി. ചികിത്സാ ചെലവ് മടക്കി നല്‍കാനാവില്ലെന്ന് പേരയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പേരയം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറും കമ്മീഷനെ അറിയിച്ചു. ദീര്‍ഘകാല രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് ആവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ കൃത്യമായി വാങ്ങിനല്‍കണമെന്നും അതിനാവശ്യമുള്ള തുക ചലഞ്ച് ഫണ്ടില്‍ നി ന്നും നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവുളളതായി കമ്മീഷന്‍ നിരീക്ഷിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ലഭ്യമല്ലാതെ വരുമ്പോള്‍ രോഗിയായ ചെറുപ്പക്കാരനും രക്ഷകര്‍ത്താവും ജീവരക്ഷാര്‍ത്ഥം എന്തുചെയ്യുമെന്ന് കമ്മീഷന്‍ ചോദിച്ചു. ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യത എപ്പോഴും ഉറപ്പാക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കുണ്ട്. ഇത്തരം മരുന്നുകള്‍ മുന്‍കൂട്ടി ശേഖരിക്കാത്തത് എന്തുകൊണ്ടാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മരുന്നില്ലാത്തതിനാല്‍ രോഗിക്ക് മരുന്നിന്റെ അളവ് കുറച്ചതായി ആരോപണമുണ്ട്. മരുന്നിന്റെ അളവ് കുറയ്ക്കുന്നതിന് മുമ്പ് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ പോലുള്ള വിദഗ്ധ സ്ഥാപനങ്ങളില്‍ നിന്നും അഭിപ്രായം തേടണം. ഉപയോഗിക്കുന്ന മരുന്നിന്റെ അളവിലോ എണ്ണത്തിലോ വ്യത്യാസം വരുത്താന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.