ദേവഹിതത്തിലേക്ക് ഈ വിശുദ്ധ പദവി

Tuesday 10 October 2017 6:44 pm IST

സര്‍വചരാചരങ്ങള്‍ക്കും കാരണഭൂതനായി ഒരു ശക്തിയുണ്ടെന്നാണ് വിശ്വാസികള്‍ എന്നും കരുതുന്നത്. ദൃശ്യവും അദൃശ്യവുമായ ഒരുപാടു നിമിത്തങ്ങളും അനുഭവങ്ങളും അവര്‍ അതിനായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെ സകല ചരാചരങ്ങളുടെയും ചാലകശക്തിയായി വര്‍ത്തിക്കുന്നത് ദൈവമെന്ന വാക്കില്‍ കുടികൊള്ളുന്ന വികാരമാണെങ്കില്‍ അത് ആര്‍ക്കും പ്രാപ്യമായ ഒരു അനുഭവം തന്നെയായിരിക്കണം. അത്തരം അനുഭവത്തില്‍ ആറാടാന്‍ ജാതി, വര്‍ണ,വര്‍ഗവ്യത്യാസമില്ലാതെ ആര്‍ക്കും അവകാശവുമുണ്ടായിരിക്കും. ആ അവകാശത്തെ സ്വാര്‍ത്ഥതയുടെ ചെറിയ ചെറിയ നൂല്‍പ്പാലത്തിലൂടെ കടത്തിവിടണമെന്ന ദുശ്ശാഠ്യമാണ് ഏറെ ഖേദകരം. അത് നടേ സൂചിപ്പിച്ച ദൈവസങ്കല്‍പ്പത്തിന്റെ നേര്‍ എതിര്‍ദിശയില്‍ സ്ഥാപിക്കപ്പെട്ട സ്വാര്‍ത്ഥതയാണ്. ആ സ്വാര്‍ത്ഥതയ്ക്ക് അന്ത്യം കാണുന്നതോടെ മനുഷ്യാവസ്ഥകളുടെ സമ്മോഹിത രൂപമാണ് അനാവൃതമാകുന്നത്. അത്തരമൊരു രൂപത്തിന്റെ സാകാരസംജ്ഞയായി യദുകൃഷ്ണ എന്ന ഇരുപത്തിരണ്ടുകാരന്‍ മാറിയിരിക്കുന്നു. ദൈവത്തെ ശ്രീകോവിലില്‍ പൂജിക്കാന്‍ ജാതിയുടെയും മറ്റ് താല്‍പ്പര്യങ്ങളുടെയും മാനദണ്ഡം കാത്തുസൂക്ഷിക്കണമെന്ന ദുശ്ശാഠ്യത്തിനാണ് അറുതിവന്നിരിക്കുന്നത്. തിരുവല്ല വളഞ്ഞവട്ടം മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കഴിഞ്ഞ ദിവസം യദുകൃഷ്ണന്‍ നടന്നുകയറിയത് മാറ്റത്തിന്റെ മണിനാദം മുഴക്കിയാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ പട്ടികജാതിക്കാരന്‍ എന്നതിലുപരി ദൈവത്തിന്റെ പരിലാളനങ്ങള്‍ ഏല്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം സിദ്ധിച്ച ചെറുപ്പക്കാരന്‍ എന്ന നിലയ്ക്കാണ് അതിനെ കാണേണ്ടത്. പ്രപഞ്ചശക്തിക്കു മുമ്പില്‍ പട്ടികജാതിക്കാരനെന്നോ സവര്‍ണജാതിക്കാരനെന്നോ വേര്‍തിരിവില്ല. അങ്ങനെ വേര്‍തിരിക്കപ്പെടുന്ന മനോഭാവം വച്ചുപുലര്‍ത്തുന്ന ശക്തിയെ ഒരു കാരണവശാലും ദൈവം എന്ന് വിളിക്കാനും കഴിയില്ല. ദൈവത്തെ ആവാഹിച്ചു നിര്‍ത്തിയിരിക്കുന്നയിടങ്ങളില്‍ ഇന്നയിന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രമേ പൂജയും വഴിപാടും നിര്‍വഹിച്ചുകൂടൂ എന്നത് ഒരു തരത്തിലും ദൈവം മുന്നോട്ടുവച്ച നിബന്ധനകളല്ല. ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ കൊണ്ടുവന്നതാണ്. അതുകൊണ്ടുതന്നെ മനുഷ്യസഹജമായ പരിമിതികള്‍ അതില്‍ കാണാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്ത്രികമേഖലയില്‍ അവഗാഹം നേടിയ ആര്‍എസ്എസ് പ്രചാരകനായ പി. മാധവജിയുടെ നേതൃത്വത്തില്‍ ആചാര്യന്മാര്‍ നടത്തിയ പാലിയം വിളംബരത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് യദുകൃഷ്ണന്റെ മേല്‍ശാന്തി നിയമനം. ഔദ്യോഗികതലത്തില്‍ അങ്ങനെ വന്നതോടെ പുതിയ വിശ്വാസസംസ്‌കാരത്തിനാണ് സാകാരരൂപം കൈവന്നിരിക്കുന്നത്. ജന്മംകൊണ്ടല്ല കര്‍മ്മംകൊണ്ടാണ് ബ്രാഹ്മണ്യം കൈവരുന്നതെന്ന പാലിയം വിളംബരത്തിന്റെ സത്ത ഈ മേല്‍ശാന്തി നിയമനത്തിന്റെ ഉള്ളറകളില്‍ സംതൃപ്തിദായകമായി മിടിച്ചുനില്‍ക്കുന്നു. കേരള ചരിത്രത്തിലെ ഐതിഹാസികമായ കാല്‍വെപ്പായിരുന്നു പാലിയം വിളംബരം. പുതിയ വെളിച്ചത്തിലേക്ക്, പുതിയ സംസ്‌കാരത്തിലേക്ക് മാനവികതയുടെ സ്‌നേഹക്കണ്ണികള്‍ വിളക്കിച്ചേര്‍ക്കുന്ന ധന്യവേളയായിരിക്കുന്നു യദുകൃഷ്ണന്റെ മേല്‍ശാന്തി നിയമനം. ഈയൊരു സംസ്‌കാരധാര സമൂഹത്തിന്റെ സകലരംഗങ്ങളിലേക്കും പടര്‍ന്നുകയറുന്നതോടെ മാനവികതയ്ക്ക് കൂടുതല്‍ പ്രകാശമാനമായ മുഖം ഉണ്ടാവുമെന്നുതന്നെ സമൂഹം വിശ്വസിക്കുന്നു. ആ വിശ്വാസത്തിന് തിരുവല്ല വളഞ്ഞവട്ടം മഹാദേവന്‍ എല്ലാ ബലവും നല്‍കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.