ഏലക്ക വില ഇടിഞ്ഞു; ഒരു മാസത്തിനുള്ളില്‍ കുറഞ്ഞത് 300 രൂപ

Tuesday 10 October 2017 8:40 pm IST

  കുമളി: ഏലക്ക വില ഒരു മാസത്തിനുള്ളില്‍ കിലോയ്ക്ക് മുന്നൂറ് രൂപ കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. സെപ്തംബര്‍ ആദ്യ വാരത്തില്‍ സ്‌പൈസസ് ബോര്‍ഡ് അംഗീകൃത ലേല കേന്ദ്രത്തില്‍ ശരാശരി വില 1250 രൂപയ്ക്ക് മുകളിലായിരുന്നു. ഇതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്ന് ആ സമയത്ത് ഉത്പന്നം സംഭരിച്ചിരുന്നത്. ഇന്നലെ നടന്ന ലേലത്തില്‍ ശരാശരി വില 940 രൂപ മാത്രമാണ് ലഭിച്ചത്. തുടര്‍ച്ചയായി വില കുറയുന്നത് മൂലം മൊത്തവ്യാപാരികള്‍ ശരാശരി വിലയേക്കാള്‍ വളരെ താഴ്ന്ന വിലയ്ക്കാണ് കര്‍ഷകരില്‍ നിന്ന് വിളവ് ആവശ്യപ്പെടുന്നത്. സീസണിലെ ഏറ്റവും നല്ല വിളവെടുപ്പ് കാലമാണ് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍. ഗുണമേന്മയുള്ള ഏലക്ക ലഭ്യമാകുന്ന ഈ സമയത്ത് തുടര്‍ച്ചയായി വിലയിടിയുന്നത് എല്ലാ വിഭാഗം കര്‍ഷകര്‍ക്കും കനത്ത ആഘാതമാണ് നല്‍കുന്നത്. വലിയ തോതില്‍ വിപണിയില്‍ ഏലക്ക എത്തിച്ചേരുന്നതും,കയറ്റുമതി ഓര്‍ഡറുകള്‍ കുറഞ്ഞതും ആയിരം രൂപയ്ക്ക് മുകളിലേക്ക് വില ഉയര്‍ന്നതോടെ പ്രാദേശിക വിപണിയില്‍ ആവശ്യക്കാര്‍ കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. വിലയിടിവ് കച്ചവട ലോബി മനഃപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും ഗുണമേന്മയുള്ള ഏലക്ക കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കാനുള്ള തന്ത്രം മാത്രമാണ് വിലയിടിവെന്നുമാണ് കര്‍ഷകര്‍ പങ്കുവയ്ക്കുന്നത്. മുന്‍പ് ഏലം വ്യാപാര മേഖലയിലെ ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളും സമാന്തര സാമ്പത്തിക സംവിധാനത്തിലൂടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ ലേല ഏജന്‍സികള്‍ പണമിടപാടുകള്‍ ബാങ്കിങ് സംവിധാനത്തിലൂടെ മാത്രമാക്കി. തന്മൂലം മുന്‍കാലങ്ങളില്‍ നിയമാനുസൃതമല്ലാതെ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് ലക്ഷങ്ങളുടെ സമാന്തര ഇടപാടുകള്‍ക്ക് തടസം നേരിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.