കണ്ണൂര്‍: നാറാത്ത് ആയുധപരിശീലനക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നാറാത്ത് കൊമ്പന്റവിട കെ.ടി. അസ്ഹറുദ്ദീനെ(24) കാണ്‍പൂരില്‍ നിന്ന് എന്‍ഐഎ ആണ് പിടികൂടിയത്. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ക്യാമ്പ് ആസൂത്രണം ചെയ്തതും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്കിയതും ഇയാളായിരുന്നു.
കണ്ണൂരിലെ നാറാത്ത് അണികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നല്‍കിയെന്നതാണ് കേസ്. 2013 ഏപ്രില്‍ 23 നായിരുന്നു തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള കെട്ടിടത്തില്‍ ആയുധ പരിശീലനം നടന്നത്.
24 പ്രതികളില്‍ 21 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതി ശിക്ഷിച്ചു. 22-ാം പ്രതിയെ വിട്ടയച്ചു. പോലീസിനെ വെട്ടിച്ചു കടന്ന അസ്ഹറുദ്ദീന് വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പരിസരവാസികള്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അന്ന് പ്രതികള്‍ പിടിയിലായത്. കെട്ടിടത്തിനകത്തു നിന്ന് ബോംബുകള്‍, ഉന്നം തെറ്റാതെ വെടിവച്ച് പരിശീലിക്കാന്‍ തയാറാക്കിയ മനുഷ്യരൂപങ്ങള്‍, വിദേശ കറന്‍സികള്‍, രഹസ്യരേഖകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ കണ്ടെത്തിയിരുന്നു. തീവ്രവാദ ബന്ധം പരിഗണിച്ചാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്.
അസ്ഹറുദ്ദീനാണ് സൂത്രധാരനെന്ന് മറ്റുള്ളവര്‍ മൊഴി നല്കി. ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുക, മതവിദ്വേഷത്തിന് ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. യോഗാ പരിശീലനം എന്ന പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നടത്തിയിരുന്നത്.
ഒന്നാം പ്രതിക്ക് ഏഴു വര്‍ഷവും മറ്റുള്ളവര്‍ക്ക് അഞ്ചു വര്‍ഷവും തടവാണ് ലഭിച്ചത്.
മാലൂര്‍ ശിവപുരം പുതിയവീട്ടില്‍ പി.വി.അബ്ദുല്‍ അസീസ്, ഏച്ചൂര്‍ കോട്ടം ആയിഷ മന്‍സിലില്‍ പി.സി.ഫഹദ്, നാറാത്ത് കുമ്മായക്കടവ് കെ.കെ.ജംഷീര്‍, മുഴപ്പിലങ്ങാട് പുതിയപുരയില്‍ ടി.പി.അബ്ദുസമദ്, തോട്ടട ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംവ്രീദ്, വേങ്ങാട് കുന്നിരിക്ക പുനക്കായി പി.നൗഫല്‍, മുഴപ്പിലങ്ങാട് കെട്ടിനകം ആയിഷ ഹൗസില്‍ പി.ജംഷീദ്, കോട്ടൂര്‍ കാടാച്ചിറ ആസിഫ് മന്‍സിലില്‍ ഒ.കെ.ആഷിക്, എടക്കാട് ബൈത്തുല്‍ ഹൗസില്‍ എ.പി.മിസാജ്, നാറാത്ത് ഷറീഫ മന്‍സിലില്‍ പി.വി.മുഹമ്മദ് അബ്സീര്‍, കിഴുന്നപ്പാറ മര്‍വ മന്‍സിലില്‍ പി.എം.അജ്മല്‍, പിണറായി വെണ്ടുട്ടായി കുന്നിന്റവിട കെ.സി.ഹാഷിം, എടക്കാട് ജമീല മന്‍സിലില്‍ എ.ടി.ഫൈസല്‍, എടക്കാട് റുവൈദ വില്ലയില്‍ കെ.പി.റബാഹ്, മുഴപ്പിലങ്ങാട് ഹൈസ്കൂളിന് സമീപം ഷിജിന്‍സ് മന്‍സിലില്‍ വി.ഷിജിന്, എരുവട്ടി കോളൂര് ബൈത്തുല്‍ അലീമയില്‍ സി.പി.നൗഷാദ്, നാറാത്ത് എ.കെ.സുഹൈര്‍, കോയ്യാട്ട് കേളപ്പന്മുക്കില് സുബൈദ മന്‍സിലില്‍ സി.എം.അജ്മല്‍, മുഴപ്പിലങ്ങാട് പി.ഷഫീഖ്, മുഴപ്പിലങ്ങാട് കെട്ടിനകം ഷര്‍മിനാസില്‍ ഇ.പി.റാഷിദ്, നാറാത്ത് അത്തക്കര വീട്ടില്‍ കമറുദ്ദീന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: