ജിഹാദി ഭീകരത: കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ഒത്തുതീര്‍പ്പില്‍ - കുമ്മനം

Wednesday 11 October 2017 9:25 am IST

തൃശൂര്‍: കേരളത്തില്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്രക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ത്രീപീഡനകേസുകളിലും അഴിമതിക്കേസുകളിലും ഈ ഒത്തുതീര്‍പ്പുണ്ട്. സോളാര്‍, ബാര്‍കോഴ കേസുകള്‍ ഇപ്പോള്‍ എവിടെയെത്തി. കിളിരൂര്‍, കവിയൂര്‍ സംഭവങ്ങളുള്‍പ്പടെ സ്ത്രീപീഡനകേസുകള്‍ എവിടെയെത്തി. കുമ്മനം ചോദിച്ചു. ജിഹാദി ഭീകരതയുടെ കാര്യത്തിലും ഈ ഒത്തുതീര്‍പ്പുണ്ട്. അക്രമരാഷ്ട്രീയവും ഭീകരതയും തമ്മില്‍ വ്യത്യാസമില്ല. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയവരുടേയും ജോസഫ് മാഷുടെ കൈവെട്ടിയവരുടേയും അതേ മാനസികാവസ്ഥതന്നെയാണ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരുടേതും. കുമ്മനം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതം ഇന്നേറെ ദുഷ്‌കരമാണ്. മന്ത്രിതന്നെ കൃഷിഭൂമി കയ്യേറുന്നു. കായല്‍ നികത്തുന്നു. ഭക്ഷണം, പാര്‍പ്പിടം, വെള്ളം, ഭൂമി എന്നിവയില്ലാതെ ജനങ്ങള്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ 13ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കയ്യൂക്കുകൊണ്ട് ക്ഷേത്രങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും പിടിച്ചടക്കാമെന്നാണ് സിപിഎം കരുതുന്നത്. ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാരിന് ക്രിസ്ത്യന്‍-മുസ്ലീം ആരാധാനാലയങ്ങള്‍ ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് കുമ്മനം ചോദിച്ചു. മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്ക് ഭൂമി നല്‍കുന്നു. അതേസമയം ഭൂമിയില്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് അത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കുമ്മനം കുറ്റപ്പെടുത്തി. പതിനായിരങ്ങളാണ് ജാഥാനായകനെ വരവേല്‍ക്കാന്‍ സാംസ്‌കാരിക നഗരിയില്‍ എത്തിച്ചേര്‍ന്നത്. വൈകീട്ട് നാലുമണിയോടെ മണ്ണുത്തിയില്‍ നിന്ന് പദയാത്രക്ക് തുടക്കമായി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പദയാത്ര ഉദ്ഘാടനം ചെയ്തു. ആറരയോടെ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ യോഗസ്ഥലത്തേക്ക് പദയാത്രയുടെ മുന്‍നിര കടന്നുവന്നപ്പോഴും പിന്‍നിര കിലോമീറ്ററുകള്‍ പിന്നിലായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് ആമുഖ പ്രസംഗം നടത്തി. ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി ധാരാസിങ്ങ് ചൗഹാന്‍, കര്‍ണാടക പ്രതിപക്ഷനേതാവ് കെ.എസ്.ഈശ്വരപ്പ, ഛത്തീസ്ഗഡ് മന്ത്രി ഭയ്യാ ലാല്‍രാജ്‌വാഡെ, എംപി റിച്ചാഡ് ഹെ, ജാര്‍ഖണ്ഡ് യുവമോര്‍ച്ച പ്രസിഡണ്ട് അമിത് സിങ്ങ്, അഡ്വ. കെ.എസ്.നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ.കെ.അനീഷ്‌കുമാര്‍ സ്വാഗതവും കെ.പി.ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.