തീരപ്രദേശങ്ങളില്‍ ലഹരി മരുന്ന് സംഘങ്ങള്‍ സജീവം

Wednesday 11 October 2017 2:31 pm IST

വര്‍ക്കല: വിനോദ സഞ്ചാര സീസണ്‍ ആരംഭിച്ചതോടെ വര്‍ക്കല താലൂക്കിലെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയ സജീവമാകുന്നു. വെട്ടൂര്‍, വര്‍ക്കല മുനിസിപ്പാലിറ്റി, ഇടവ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ വിപണനം സജീവമായി നടക്കുന്നത്. കടല്‍ തീരത്തേക്ക് പോകുന്ന ഇടറോഡുകളും കടല്‍ത്തീരവും കേന്ദ്രീകരിച്ചാണ് വില്പന. പകല്‍ സമയങ്ങളില്‍ ബൈക്കുകളിലും മറ്റുമാണ് ഏജന്റുമാര്‍ ഈ പ്രദേശങ്ങളില്‍ മയക്കുമരുന്നുകള്‍ എത്തിച്ച് കൈമാറുന്നത്. വിദ്യാര്‍ത്ഥികളും ഇവരുടെ ഇരയായി മാറുന്നുണ്ട്. ലഹരി ഉണ്ടാകാനായി മാജിക് മഷ്‌റും എന്നൊരിനം കുമിളും ഉപയോഗിക്കുന്നുണ്ട്. തണുപ്പ് പ്രദേശങ്ങളില്‍ വളരുന്ന ഇത്തരം ചെടികള്‍ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. വയനാട്, ഇടുക്കി, ആസാം, ഒറീസ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ബസിലും ട്രെയിന്‍ മാര്‍ഗ്ഗവും മയക്ക് മരുന്നുകള്‍ എത്തുന്നുണ്ട്. പുലര്‍ച്ചെ വര്‍ക്കലയിലെത്തുന്ന ട്രെയിനുകളിലും മറ്റുമാണ് ഏജന്റുമാര്‍ മയക്കുമരുന്നുകള്‍ എത്തിക്കുന്നത്. രാത്രിയില്‍ ആഡംബര കാറുകളിലും വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്ക് മരുന്നുമാഫിയയുടെ ഏജന്റ് മാരായി പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. ടൂറിസ്റ്റ് സീസണ്‍ ആരംഭിച്ചതോടെ ഇവയുടെ വരവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചാലും പേരിന് വേണ്ടിയുള്ള പരിശോധന നടത്തുന്നതല്ലാതെ മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചോ മയക്കുമരുന്ന് സംഘത്തെ കുറിച്ചോ യാതൊരു വിധ അന്വേഷണവും അധികൃതര്‍ നടത്താറില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ മയക്കുമരുന്ന് മാഫിയ സംഘത്തെ തടയിടാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ശക്തമായ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.