സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ഇടപെടലില്‍ കുടുംബശ്രീ പ്രവര്‍ത്തനം നിലച്ചു

Wednesday 11 October 2017 2:33 pm IST

പേട്ട : നഗരസഭ ആരോഗ്യവകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ഇടപെടലില്‍ കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തനം നിലച്ചു. ചാക്ക വയ്യാമൂലയിലെ സിഡിഎസ് 3 യില്‍ ഉള്‍പ്പെട്ട സഹേലി കുടുംബശ്രീ യൂണിറ്റിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയ്ക്കനുസരിച്ച് യൂണിറ്റ് പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണമായി സഹേലി കുടുംബശ്രീ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ വയ്യാമൂലയില്‍ രൂപീകരിച്ച സ്ത്രീകളുടെ മറ്റൊരു സംഘടനാ യോഗത്തില്‍ സഹേലി യൂണിറ്റിലെ ചില അംഗങ്ങള്‍ പോയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കുടുംബശ്രീ അംഗങ്ങള്‍ സിപിഎം പരിപാടികള്‍ക്കല്ലാതെ മറ്റൊരു സംഘടനയിലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നായിരുന്നു സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉള്‍പ്പെടുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് ഏപ്രില്‍ 22 ന് ചാക്ക വൈഎംഎ ഹാളില്‍ വയ്യാമൂലയിലെ ഒമ്പത് യൂണിറ്റുകളുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി മന്ത്രി ബന്ധുവും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായ ശ്രീകുമാര്‍ താക്കീത് നല്‍കി. എന്നാല്‍ കുടുംബശ്രീ യൂണിറ്റുകളില്‍ രാഷ്ട്രീയം കലര്‍ത്തണ്ടായെന്ന് ചുണ്ടിക്കാട്ടി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ തീരുമാനത്തിനെതിരെ സഹേലി കുടുംബശ്രീ പ്രതികരിച്ചതോടെ പ്രശ്‌നം വഷളാവുകയായിരുന്നു. ഇപ്പോള്‍ വരവ് ചെലവുകള്‍ ഓഡിറ്റ് ചെയ്ത് പുതുക്കി നല്‍കുന്നതിലും വാര്‍ഡ് സഭകളില്‍ പങ്കടുക്കുന്നതിലും ഈ കുടുംബശ്രീ യൂണിറ്റിനെ ഒഴിവാക്കിയിരിക്കുകയാണ്. ചാക്ക വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ ഓഡിറ്റ് ജൂലായ് 31 ന് നടത്തിയെങ്കിലും സഹേലി യൂണിറ്റിന്റെ വരവ്‌ചെലവുകള്‍ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 2016 ലെ പുതുക്കിയ ഓഡിറ്റ് രേഖ നല്‍കാത്തതു കാരണം ബാങ്ക് ഇടപാടുകളും നിലച്ചിരിക്കുകയാണ്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നഗരസഭ വഴി ലഭിക്കുന്ന ധനസഹായങ്ങളിലും സഹേലി യൂണിറ്റിനെ ഒഴിവാക്കി. വരവ് ചെലവുകള്‍ ഓഡിറ്റ് ചെയ്ത് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് യൂണിറ്റംഗങ്ങള്‍ നഗരസഭ സിഡിഎസിനെ സമീപിച്ചെങ്കിലും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ലായെന്ന് സിഡിഎസ് അധികാരി അറിയിച്ചതായി സഹേലി യൂണിറ്റ് സെക്രട്ടറി റീന പറഞ്ഞു. സഹേലി യൂണിറ്റിനോടുളള സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നിലപാടിനെതിരെ മേയര്‍, നഗരസഭ സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ജില്ലാ കുടുംബശ്രീമിഷന്‍, വനിതകമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് റീന ചൂണ്ടിക്കാട്ടി.