കേരളം കൈമാറിയത് 90 ലൗ ജിഹാദ് കേസുകള്‍

Wednesday 11 October 2017 10:48 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നും അഖില കേസ് എന്‍ഐഎ അന്വേഷിക്കേണ്ടെന്നും പറഞ്ഞ പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ 2015 മുതലുള്ള 90 ലൗ ജിഹാദ് കേസുകള്‍ കേരള പോലീസ് എന്‍ഐഎക്ക് കൈമാറിയെന്ന വിവരം പുറത്ത്. ഇത്രയും കേസുകള്‍ കൈമാറിയിരിക്കെയാണ് അഖില കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചത്. 90 കേസുകളും നിര്‍ബന്ധിത മതംമാറ്റങ്ങളാണെന്നും പെണ്‍കുട്ടികളെ പല തരത്തില്‍ വശീകരിച്ച് വിവാഹത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും പോലീസ് എന്‍ഐഎയെ അറിയിച്ചിരുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ലൗ ജിഹാദ് കേസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച എന്‍ഐഎക്ക് സംഭവത്തിന്റെ അഴവും പരപ്പും മനസിലായി. തുടര്‍ന്ന് അവര്‍ മതംമാറിയ പാലക്കാട് സ്വദേശിനി ആതിര നമ്പ്യാര്‍, കാസര്‍കോട് ബേക്കല്‍ സ്വദേശിനി ആതിര എന്നിവരില്‍ നിന്ന് മൊഴിയെടുത്തു കഴിഞ്ഞു. ആതിരമാരെയുംഅഖിലയെയും മതംമാറ്റിച്ചതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും ആണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് അഖില പറഞ്ഞെങ്കിലും സൈനബ അടക്കം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐക്കാരാണ് ഇതിനു പിന്നിലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്ഡിപിഐയുടെ വനിതാ വിഭാഗം നേതാവാണ് സൈനബ. വൈക്കം സ്വദേശി അഖിലയേയും എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്‌തേക്കും. അഖിലയെ മതംമാറ്റിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. ഈ കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം എന്‍ഐഎ അന്വേഷണം തുടരുകയാണ്. ഹിപ്‌നോട്ടിസവും മസ്തിഷ്‌ക പ്രക്ഷാളനവുമുള്‍പ്പെടെ ഉപയോഗിച്ച് വ്യാപക മതംമാറ്റമാണ് കേരളത്തില്‍ നടക്കുന്നതെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 23 പ്രണയ മതംമാറ്റങ്ങളില്‍ മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐക്കും നേരിട്ട് ബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. പല മതംമാറ്റങ്ങളിലും ഒരേ ആളുകളുടെ സാന്നിധ്യമുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്തുന്നത് മുതല്‍ മതം മാറ്റി മുസ്ലിം യുവാക്കളെ വിവാഹം കഴിപ്പിക്കുന്നത് വരെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് നടക്കുന്നത്. ചതി മനസിലാക്കി തിരിച്ചെത്തിയ പെണ്‍കുട്ടികളില്‍നിന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്. 60 പോപ്പുലര്‍ ഫ്രണ്ടുകാരെ ചോദ്യം ചെയ്തു. മതംമാറ്റിയവരെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  മതസ്പര്‍ദ്ധയും ഭീകരതയും വളര്‍ത്തുന്ന സാഹചര്യത്തില്‍ യുഎപിഎ ചുമത്തി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.