കിണര്‍ റീചാര്‍ജ്ജിങ്ങിന്റെ മറവില്‍ കോളയാട് പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം

Wednesday 11 October 2017 8:52 pm IST

കോളയാട്: കിണര്‍ റീചാര്‍ജ്ജിങ്ങിന്റെ മറവില്‍ കോളയാട് ഗ്രാമ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തുകള്‍ മുഖാന്തിരം നടപ്പിലാക്കുന്ന കിണര്‍ റീചാര്‍ജ്ജിങ്ങ് പദ്ധതിയില്‍ അര്‍ഹനായ ഒരു ഗുണഭോക്താവിന് 8000 രൂപയാണ് പഞ്ചായത്തില്‍ നിന്നും ലഭിക്കുക. ഇതില്‍ 6950 രൂപ സാധനങ്ങളുടെ വിലയായും 1050 രൂപ പണിക്കൂലി ഇനത്തിലുമാണ് നല്‍കുന്നത്. ചാര്‍ജ്ജിങ്ങിന് ആവശ്യമായ 11 ഓളം സാധനങ്ങള്‍ പഞ്ചായത്ത് നിര്‍ദ്ദേശിച്ച കടയില്‍ നിന്നുതന്നെ വാങ്ങണമെന്നാണ് നിബന്ധന. ഈ കടയിലാകട്ടെ മറ്റ് കടകളിലുള്ള വിലയേക്കാള്‍ ഇരട്ടി വിലയാണ് ഈടാക്കുന്നത്. കടകളില്‍ നിന്നും ക്വട്ടേഷനുകളൊന്നും വാങ്ങാതെ തങ്ങള്‍ക്കിഷ്ടമുള്ള ഒരു കടയില്‍ നിന്നും ഇത്തരം സാധനങ്ങള്‍ വാങ്ങാന്‍ ഗുണഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നത്. ഇതുവഴി ഒറ്റ ഇടപാടുകാരനില്‍ നിന്നുതന്നെ 3000ത്തോളം രൂപയാണ് അധികം ഈടാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഒരു ഉപഭോക്താവ് പഞ്ചായത്ത് നിര്‍ദ്ദേശിച്ച കടയില്‍ നിന്നും ബില്ല് ആവശ്യപ്പെട്ടപ്പോള്‍ കടയുടമ ബില്ല് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു കടയില്‍ ഇതേ സാധങ്ങളുടെ വില അന്വേഷിച്ചപ്പോഴാണ് വിലയിലെ അന്തരം മനസ്സിലായത്. പഞ്ചായത്ത് ചുമതലപ്പെടുത്തിയ കടയില്‍ നിന്നും 5232.30 രൂപയുടെ ബില്ലാണ് ലഭിച്ചത്. എന്നാല്‍ മറ്റൊരു കടയില്‍ നിന്നും ഇതേ സാധനങ്ങള്‍ക്ക് ലഭിച്ച ബില്ല് 2203 രൂപയുടേതാണ്. 3000 രൂപയുടെ വ്യത്യസമാണ് രണ്ട് കടകള്‍ തമ്മിലുള്ളത്. 50 മില്ലിമീറ്റര്‍ പിവിസി പൈപ്പ്-12 മീറ്റര്‍, 110 മില്ലിമീറ്റര്‍ പിവിസി പൈപ്പ്-1.9 മീറ്റര്‍, 50 മില്ലീമീറ്റര്‍ പിവിസി സോക്കറ്റ്- 5 എണ്ണം, പിവിസിടി-13 എണ്ണം, 50 എംഎം പിവിസി എല്‍ബോ--ആറെണ്ണം, റെഡ്യൂസര്‍-എട്ടെണ്ണം, ബോള്‍ വാള്‍വ്-1, സ്റ്റീല്‍ ഫ്‌ളോര്‍ ട്രാപ്പ്-8, ക്ലാമ്പ്-12, ക്ലാമ്പ്-25, മൊസ്‌കിറ്റോ നെറ്റ് എന്നിവയടങ്ങുന്ന 11 ഇനങ്ങള്‍ക്കാണ് രണ്ട് കടകളില്‍ വ്യത്യസ്ത വില. ഇരു കടകളിലും ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണ് ഈടാക്കുന്നതെങ്കിലും പഞ്ചായത്ത് അംഗീകൃത കടയില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള ബില്ലല്ല നല്‍കുന്നത്. പഞ്ചായത്തില്‍ ഏകദേശം അഞ്ഞൂറോളം ഗുണഭോക്താക്കളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്. സംഭവത്തില്‍ ബിജെപി കോളയാട് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. കോളയാട് ഗ്രാമ പഞ്ചായത്തിലെ കിണര്‍ റീച്ചാര്‍ജ്ജ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്‍കി. സംഭവം വിവാദമായിട്ടും ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെതിരെ പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.സദാനന്ദന്‍, എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, യു.ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.