തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിനു തുടക്കമായി. പി. പരമേശ്വരന്റെ സാന്നിധ്യത്തില്‍ സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
പി. പരമേശ്വരന് മഹാപ്രസ്ഥാനമാണെന്നും അദ്ദേഹത്തില്‍നിന്നും അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ഓണക്കൂര്‍ പറഞ്ഞു. പരമേശ്വരന്റെ നവതി ആഘോഷങ്ങളില്‍ ഏറ്റവും ധന്യമായ ചടങ്ങാണ് പുസ്തകോത്സവം. ആശയങ്ങളെയും സംസ്കാരങ്ങളെയും ഏറെ സ്നേഹിച്ച അദ്ദേഹം സാംസ്കാരികലോകത്തെ അനുഗ്രഹപൂരിതമാക്കിയെന്നും ഡോ ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം കഴക്കൂട്ടം സ്ഥാനീയ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍. പ്രസന്നകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. തപസ്യ മുന്‍ ദക്ഷിണമേഖലാ സംയോജകന്‍ ജെ. സോമശേഖരന്‍പിള്ള, നാഷണല്‍ ബുക്ക്ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍, കെ.വി. രാജേന്ദ്രന്, ഭാരതീയ വിചാരകേന്ദ്രം ജില്ലാസമിതി അദ്ധ്യക്ഷന്‍ കെ.വി. രാജശേഖരന് എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് കവിയരങ്ങ് ശില്പി കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. 17 വരെ സ്റ്റാച്യു ചിരാഗ് മൈതാനത്ത് തുടരുന്ന പുസ്തകോത്സവന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, സാഹിത്യസമീക്ഷ, ആശയസംവാദം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരണങ്ങളും മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും പ്രദര്‍ശനത്തിലുണ്ട്. 17 ന് സമാപനസഭയില്‍ പ്രതികരണത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: