ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമോ?

Friday 13 October 2017 11:27 am IST

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കുകയും സംസ്ഥാനത്തിനാകെ നാണക്കേട് വരുത്തുകയും ചെയ്ത സോളാര്‍ ഇടപാട് വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാകുന്നു. നഗ്നമായ അഴിമതിയും, വഴിവിട്ട ഇടപാടുകളും ഉണ്ടെന്ന് നേരത്തെതന്നെ വ്യക്തമായതാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പലര്‍ക്കും കോണ്‍ഗ്രസിലെ പ്രമുഖര്‍ക്കുമെല്ലാം പങ്കാളിത്തമുള്ള ഇടപാടില്‍ പണം മാത്രമല്ല, സ്ത്രീപീഡനവും വാണിഭവുമൊക്കെ ഉണ്ടായെന്നും ചര്‍ച്ചയായിരുന്നു. ഉപോദ്ബലകമായ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം നടത്താതെ മനസ്സാക്ഷിയുടെയും ജനങ്ങളുടെയും പേരുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ഉമ്മന്‍ചാണ്ടിയും സംഘവും. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ സോളാര്‍ പ്രശ്‌നം ഉയര്‍ത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും അത് വിജയത്തിന്റെ ഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രധാന പ്രതിപക്ഷമായ ഇടതുമുന്നണി നിര്‍ണായക ഘട്ടത്തില്‍ സമരത്തില്‍നിന്നു പിന്‍മാറിയത് വിവാദമായി. കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയാണ് പിന്നിലെന്ന് വ്യക്തമായി. കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് അന്ന് ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്നത്തെ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം ഇപ്പോള്‍ വിനയായിരിക്കുന്നു. അന്ന് ഉയര്‍ന്ന ആരോപണങ്ങളെല്ലാം ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ച് ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെല്ലാം എതിരെ ക്രിമിനല്‍, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. വൈകിയെങ്കിലും സോളാര്‍ പ്രശ്‌നത്തില്‍ അന്വേഷണം ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ, ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ നീക്കം സംശയകരമാണ്. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെ ബ്ലാക്ക്‌മെയില്‍ ചെയ്ത് നിശബ്ദമാക്കുകയെന്ന രാഷ്ട്രീയലക്ഷ്യം പിന്നിലുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ല. മാത്രമല്ല അന്വേഷണ തീരുമാനത്തിനുപിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന ആക്ഷേപം ശരിവയ്ക്കുന്ന കാര്യങ്ങളുമുണ്ട്. തെരഞ്ഞെടുപ്പു ദിവസം തീരുമാനം പ്രഖ്യാപിച്ചു എന്നതാണ് ഒന്ന്. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്താക്കാന്‍ തയ്യാറാകത്തതാണ് മറ്റൊരു കാര്യം. കമ്മീഷന്‍ റിപ്പോര്‍ട്ടിനോടൊപ്പം നടപടി റിപ്പോര്‍ട്ടും കൂടി പുറത്തുവിടുകയായിരുന്നുവെങ്കില്‍ കോണ്‍ഗ്രസുകാര്‍ക്ക് ആക്ഷേപിക്കാനുള്ള പഴുതടയുമായിരുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ സ്വീകരിച്ച നടപടിയും സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള ഇച്ഛാശക്തി എത്രയെന്ന് വ്യക്തമാക്കുന്നു. സ്ഥലംമാറ്റം മാത്രമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ. റിപ്പോര്‍ട്ട് വച്ച് രാഷ്ട്രീയം കളിക്കാനുള്ള ശ്രമമായിരിക്കും സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുക. ഒത്തുകളി രാഷ്ട്രീയത്തിന് ബലംനല്‍കുന്ന ഒന്നായിമാത്രം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാറാതിരിക്കണം. സോളാര്‍ വിവാദം കത്തിനിന്ന കാലത്ത് കെ. സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അക്ഷരംപ്രതി ഇപ്പോള്‍ ശരിയായിരിക്കുകയാണ്. സുരേന്ദ്രന് എവിടെനിന്നാണ് ഈ വിവരങ്ങള്‍ കിട്ടുന്നതെന്ന് പരിഹസിച്ചവര്‍ക്ക് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിഞ്ഞാല്‍ കൊള്ളാം.