വിവരാവകാശനിയമത്തിന് 12 വയസ്സ്; സുതാര്യതയുടെ സൂര്യപ്രകാശം

Wednesday 11 October 2017 7:54 pm IST

വിവരാവകാശനിയമത്തിന് ഇന്ന് പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നു. ഈ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ നിയമം എന്ന വിശേഷണത്തോടൊപ്പം നിയമത്തിന്റെ നടത്തിപ്പില്‍ 66-ാം റാങ്കില്‍ നില്‍ക്കുന്നുവെന്ന അപഖ്യാതിയും പേറിയാണ് ഈ നിയമം നിലനില്‍ക്കുന്നത്. വിവരാവകാശത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന യുപിഎ സര്‍ക്കാരും ആ സര്‍ക്കാരിന് പിന്തുണനല്‍കിയ ഇടതുപക്ഷവും ഈ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിലും കേരളത്തിലും നടത്തിയിട്ടുണ്ട്. വിവരാവകാശനിയമത്തെ ശക്തിപ്പെടുത്തുകയും നിയമവ്യാഖ്യാനങ്ങള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ നല്‍കുകയും ചെയ്ത നിരവധി വിധിന്യായങ്ങള്‍ സുപ്രീംകോടതിയില്‍ നിന്നും വിവിധഹൈക്കോടതികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്.കേന്ദ്ര-സംസ്ഥാന വിവരാവകാശകമ്മീഷനുകള്‍ പുറപ്പെടുവിച്ച അനവധി ഉത്തരവുകള്‍ നിയമത്തെ ചലനാത്മകവും ജനകീയവുമാക്കി മാറ്റി. ഇന്ത്യന്‍ നിയമത്തിന്റെ ചിറകുകള്‍ അരിയുന്ന വിധിന്യായങ്ങളും ഉത്തരവുകളും നമ്മുടെ കോടതികളും കമ്മീഷനുകളും പുറപ്പെടുവിച്ചിട്ടുണ്ട്. സുതാര്യമാകണം ആര്‍ബിഐ ബാങ്കുകളുടെ ബാങ്കായ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള വിവരങ്ങളും രേഖകളും ലഭിക്കാന്‍ ആര്‍ടിഐ നിയമപ്രകാരം പൗരന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി ആര്‍ടിഐ നിയമത്തിന് കൂടുതല്‍ കരുത്തു പകരുന്നതാണ്. സാമ്പത്തികവും വാണിജ്യപരവുമായ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്നോ വ്യക്തിപരമായ ബന്ധത്തിലൂടെ ആര്‍ജിക്കുന്ന വിവരമാണെന്ന കാരണം പറഞ്ഞോ വിവരങ്ങള്‍ നിഷേധിക്കാന്‍ ആര്‍ബിഐയ്ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബാങ്കുകളില്‍ നടത്തിയ പരിശോധനാറിപ്പോര്‍ട്ടുകള്‍, ബാങ്കുകള്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അത് നല്‍കാന്‍ ആര്‍ബിഐയ്ക്ക് നിയമപരമായ ചുമതലയുണ്ടെന്നും സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കും അഴിമതികള്‍ക്കും പ്രധാനമായ കാരണം സുതാര്യതയുടെ അഭാവമാണ്. അത് പരിശോധിക്കുന്ന ആര്‍ബിഐയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകൂ. വായ്പത്തട്ടിപ്പും ക്രമക്കേടുകളും അവസാധിപ്പിച്ച് കാര്യക്ഷമതയുള്ള ബാങ്കിങ് സംവിധാനം തിരിച്ചുവരണമെങ്കില്‍ സുതാര്യതയുടെ സൂര്യപ്രകാരം അനിവാര്യമാണ്. (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വി.ജയന്തിലാല്‍ മിശ്രി) ചരിത്രരേഖകള്‍ വിവരാവകാശപരിധിയില്‍ ചരിത്രരേഖകള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന വിവരാവകാശകമ്മീഷന്റെ ഉത്തരവ് ചരിത്രപരമാണ്. സംസ്ഥാന പുരാരേഖവകുപ്പ് സൂക്ഷിക്കുന്ന ശാശ്വതമൂല്യമുള്ള ചരിത്രരേഖകള്‍ വിവരാവകാശനിയമപ്രകാരം പേജ് ഒന്നിന് രണ്ടു രൂപാ നിരക്കില്‍ ലഭിക്കാന്‍ പൗരന് അവകാശമുണ്ടെന്ന് മുഖ്യവിവരാവകാശകമ്മീഷന്‍ വിന്‍സെന്‍ എം. പോള്‍ ഉത്തരവിടുകയുണ്ടായി. ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ പോലും രേഖകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് അതിന്റെ മൂല്യം നിര്‍ണ്ണയിക്കണം. രേഖകള്‍ ശാശ്വതമൂല്യമുള്ളവയാണോ പുരാരേഖകളാണോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. അതിനുശേഷം അത്തരം രേഖകള്‍ പുരാരേഖാവകുപ്പിലേക്ക് കൈമാറുകയും, മറ്റുള്ളവ നടപടി ക്രമങ്ങള്‍ പാലിച്ച് നശിപ്പിക്കുകയും വേണം. നാടിന്റെ ചരിത്രവും സംസ്‌ക്കാരവും അറിയുന്നതിന് ചരിത്രപ്രധാന്യമുള്ള ഈ രേഖകള്‍ പരിശോധിക്കുക എന്നത് പൗരന്റെ അവകാശമാണ്. ഈ അവകാശം വിവരാവകാശനിയമം സംരക്ഷിക്കുന്നുണ്ട്. രാജ്യസുരക്ഷ, നിയമനിര്‍മ്മാണസഭയുടെ അവകാശലംഘനം, ക്യാബിനറ്റിന്റെ പരിഗണനയിലുള്ള തീരുമാനങ്ങള്‍ എന്നിവ ഒഴികെയുള്ള ഏതൊരു രേഖയും 20 വര്‍ഷത്തിനുശേഷം പൗരന് വിവരാവകാശനിയമപ്രകാരം ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ അതു നിഷേധിക്കുന്ന നടപടി നിയമവിരുദ്ധമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിന് ഉജ്ജ്വലമായ അധ്യായം രചിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹത അനാവരണം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ രേഖകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വെളിവാക്കിയത് ഈയിടെയാണ്. രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് കൊണ്ടുപോയ അടിയന്തരാവസ്ഥ പ്രഖ്യാപനവുമായി ബന്ധപ്പെട്ട സുപ്രധാനമായ രേഖകള്‍ വിവരാവകാശനിയമപ്രകാരം സമീപകാലത്ത് മാത്രമാണ് പുറത്തുവന്നത്. ജനങ്ങളെ ബാധിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ ഭരണാധികാരികള്‍ സ്വീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വിവരാവകാശനിയമത്തിന്റെ ഉപാധികള്‍ക്ക് വിധേയമായി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത്തരം തീരുമാനങ്ങള്‍ക്ക് ആധാരമായ ചരിത്രരേഖകള്‍ അക്കാദമിക് തലത്തില്‍ വിലയിരുത്തുന്നതിലൂടെ തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും ചരിത്രപരമായ അബദ്ധങ്ങള്‍ ഒഴിവാക്കുന്നതിനും നമുക്ക് കഴിയും. എഫ്‌ഐആര്‍ നല്‍കണം പ്രഥമവിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 48 മണിക്കൂറിനകം വിവരാവകാശനിയമപ്രകാരം നല്‍കണമെന്ന് കേരളാഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയും സുപ്രധാനമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ചിലപ്പോള്‍ ചെയ്യാതിരിക്കാനും കോടികള്‍ കൈക്കൂലിയായി മറിയുന്ന രാജ്യത്ത് ആര്‍ടിഐ നിയമപ്രകാരം അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നല്‍കണമെന്നുമുള്ള ഉത്തരവ് രചനാത്മകമാണ്. മനുഷ്യാവകാശസംരക്ഷണ രംഗത്ത് നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നതാണ് ഈ ഉത്തരവ്. ജഡ്ജിമാരുടെ ചികിത്സാചെലവ് രഹസ്യവിവരം നിയമനിര്‍മ്മാതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചികിത്സാചെലവ് വിവരാവകാശനിയമപ്രകാരം പുറത്തുവരുമെങ്കിലും ജഡ്ജിമാരുടെ ചെലവറിയാന്‍ ഇനി പൗരന്മാര്‍ക്ക് കഴിയില്ല. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു ഉള്‍പ്പെട്ട ബഞ്ചാണ്. ഈ വിവരം ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ''ഇന്ന് നിങ്ങള്‍ ചികിത്സാചെലവ് എത്രയെന്ന് ചോദിക്കും നാളെ ഏതു മരുന്നാണ് ജഡ്ജിമാര്‍ കഴിച്ചതെന്നു ചോദിക്കും.'' ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് ഇങ്ങനെ പറഞ്ഞു. ജസ്റ്റീസ് കര്‍ണ്ണന്റേതുള്‍പ്പെടെയുള്ള ചില വിധി ന്യായങ്ങള്‍ കാണുമ്പോള്‍ സാധാരണക്കാര്‍ ഈ ചോദ്യം ചോദിക്കാന്‍ സാധ്യതയുണ്ട് എന്ന വസ്തുത അവശേഷിക്കുന്നു. കോടതിയുടെ ഈ നിലപാട് സുതാര്യതയെ അല്ല പരിപോക്ഷിക്കുന്നതെന്ന കാര്യം വ്യക്തമാണ്. (കേരളാ നിയമസഭയില്‍ ഏറ്റവും ധനികനായ എംഎല്‍എ തോമസ് ചാണ്ടി രണ്ടു കോടിയോളം രൂപയാണ് ചികിത്സാചെലവിനത്തില്‍ വാങ്ങിയെന്നവിവരം പുറത്തുവന്നത് ആര്‍ടിഐ നിയമപ്രകാരമാണ്.) അറ്റോണി ജനറല്‍ ഓഫീസ് പൊതുഅധികാരിയല്ല ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ അറ്റോണി ജനറലിന്റെ ഓഫീസ് വരുന്നില്ലെന്ന ഹൈക്കോടതി വിധി നിയമത്തിനേറ്റ പ്രഹരമാണ്. പ്രമുഖ വിവരാവകാശപ്രവര്‍ത്തകനായ സുഭാഷ് ചന്ദ്രഅഗര്‍വാള്‍ അറ്റോണി ജനറലിന്റെ ഓഫീസില്‍ നല്‍കിയ ആര്‍ടിഐ അപേക്ഷയില്‍ നിന്നാണ് നിയമയുദ്ധത്തിന്റെ തുടക്കം. പിഐഒയെ നിയമിക്കാത്തതിനാല്‍ മറുപടി നല്‍കാനാവില്ലെന്ന നിലപാടാണ് ഓഫീസ് സ്വീകരിച്ചത്. ഈ മറുപടിയെ ചോദ്യം ചെയ്ത് അപേക്ഷകന്‍ കേന്ദ്രവിവരാവകാശ കമ്മീഷനെ സമീപിച്ചെങ്കിലും അറ്റോണി ജനറലിന്റെ ഓഫീസ് പൊതു അധികാരിയല്ല എന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് അഗര്‍വാള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനാപദവിയായ അറ്റോണി ജനറലിന്റെ ഓഫീസ് പൊതു അധികാരസ്ഥാപനമാണെന്നും ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ വരുന്നു എന്നുമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെ അറ്റോണി ജനറല്‍ ഡിവിഷന്‍ ബെഞ്ചില്‍ ചോദ്യം ചെയ്തു. ഈ ഘട്ടത്തില്‍ കേസ് ജയിച്ചത് അറ്റോണി ജനറലായിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കി കോടതി ഉത്തരവിടുകയായിരുന്നു. ഗാന്ധിവധം കുറ്റപത്രം പുറത്തുവിടണം മഹാത്മാഗാന്ധി വധത്തിന് ഉത്തരവാദികളാരൊക്കെയാണെന്നും കേസിലെ പ്രതിയായ നാഥുറാം ഗോഡ്‌സെയ്ക്കു നല്‍കിയ കുറ്റപത്രത്തിന്റെ പകര്‍പ്പും ആവശ്യപ്പെട്ടാണ് ദല്‍ഹി പോലീസിന് ജെയിന്‍ എന്നയാള്‍ വിവരാവകാശ അപേക്ഷ നല്‍കിയത്. എന്നാല്‍ രാജ്യസുരക്ഷയെയും മതമൈത്രിയെയും അപകടത്തിലാക്കുമെന്നും വര്‍ഗ്ഗീയകലാപങ്ങള്‍ ഉണ്ടാകുമെന്നും കാരണം പറഞ്ഞ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ നിരാകരിച്ചു. ദേശീയ പുരാരേഖ വകുപ്പില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ അപേക്ഷകന് ആ നിയമപ്രകാരം പരിശോധിക്കാന്‍ അവകാശമുണ്ടെന്ന് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കി. ഈ നടപടിയാണ് കേന്ദ്ര വിവരാവകാശകമ്മീഷന്‍ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടത്. വില്‍പ്പനനികുതിരേഖകള്‍ വിവരാവകാശ പരിധിയില്‍ അറിയാനുള്ള പൗരന്റെ അവകാശവും സ്വകാര്യതക്കുള്ള അവകാശവും അനിയന്ത്രിതമായ ഒന്നല്ല. ജനാധിപത്യത്തിന്റെ പരികല്‍പനകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരിക്കണം വ്യത്യസ്തങ്ങളായ ഈ അവകാശങ്ങളെ കോടതികള്‍ നിര്‍ണ്ണയിക്കേണ്ടത്. വ്യാപാരസ്ഥാപനങ്ങള്‍ വില്‍പ്പനനികുതി വകുപ്പില്‍ സമര്‍പ്പിച്ച പ്രതിമാസ നികുതിവിശദാംശം പൊതുരേഖയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ രേഖ വിവരാവകാശ നിയമപ്രകാരം ലഭിക്കാന്‍ പൗരന് അവകാശമുണ്ടെന്നും ജസ്റ്റിസ് കെ.ഹരിലാല്‍ ഉത്തരവിട്ടു. കോഴിക്കോട് ഒരു സില്‍ക്കി ടെക്‌സ്റ്റെയില്‍ വ്യാപാരിയാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. വ്യാപാരസ്ഥാപനത്തിന്റെ ടേണ്‍ ഓവര്‍ വിശദാംശങ്ങള്‍ വിവരാവകാശനിയമപ്രകാരം നല്‍കണമെന്ന് വില്‍പ്പനനികുതി വകുപ്പിന് നിര്‍ദേശം നല്‍കിയ സംസ്ഥാനവിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണ മെന്നാവശ്യപ്പെട്ടാണ് വ്യാപാരി ഹൈക്കോടതിയിലെത്തിയത്.വ്യാപാര രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നും യാതൊരുവിധ പൊതു താല്‍പര്യവുമില്ലാത്ത സ്വകാര്യവിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍പ്രകാരമാണ് അപേക്ഷ തള്ളിയത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെ പറ്റിച്ച് വില്‍പ്പന നികുതി നിയമം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്ന നിരവധി വ്യാപാരികളുണ്ട്. സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിക്കേണ്ട തുകയില്‍ ഗണ്യമായ കുറവാണ് ഇതുമൂലം വരുന്നത് എന്നതിനാല്‍ ഈ രേഖകള്‍ പുറത്തുവരേണ്ടത് വിശാലമായ പൊതുതാല്‍പ്പര്യത്തിന് അത്യാവശ്യമാണ്. നിയമലംഘകരായ വ്യാപാരികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൗരനെ അധികാരപ്പെടുത്തുന്നതാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധിന്യായം. ഈ മേഖലയിലെ അഴിമതി കുറയ്ക്കാന്‍ കഴിയുക എന്നതാണ് ഇതിന്റെ നേട്ടം. ഇതുതന്നെയാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം. മുന്‍ വിവരാവാകാശ കമ്മീഷണറായ ശൈലേഷ് ഗാന്ധിയുടെ അഭിപ്രായത്തില്‍ ആര്‍ടിഐ നിയമത്തിന് ഏറ്റവും മാരകമായ പ്രഹരമേല്‍പ്പിച്ചതില്‍ ഒന്നാം സ്ഥാനം വിവരാവകാശ കമ്മീഷനുകള്‍ക്കാണ്. രണ്ട്, ജുഡീഷ്യറി. മൂന്നാമതു മാത്രമാണ് ബ്യൂറോക്രസി വരുന്നത്. പരിരക്ഷിക്കേണ്ടവരില്‍ നിന്നും ആര്‍ടിഐ നിയമത്തെ സംരക്ഷിക്കാനുള്ള ബാദ്ധ്യത പൊതുസമൂഹം ഏറ്റെടുത്താല്‍ മാത്രമേ സുതാര്യതയുടെ ഈ സൂര്യപ്രകാരം ഇനി നിലനില്‍ക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.